ADVERTISEMENT

വ്രതശുദ്ധി, മനോധൈര്യം, താഴെ ഇറങ്ങുന്നതുവരെ അതിഗൗരവമുള്ള ജാഗ്രത. ഇതാണ് പൂരം എഴുന്നള്ളിപ്പുകൾക്ക് ആനപ്പുറത്ത് കോലം പിടിക്കുന്നവരുടെ ജീവിതം.

തൃശൂർ ∙ പൂരം നടക്കുന്ന സമയം മുഴുവൻ പൂരത്തിനു നടുക്കു തന്നെ ഇവരുണ്ട്. പക്ഷേ, പൂരം കാണാൻ ഇവർക്ക് കഴിയില്ല. പൂരത്തിന് എത്തിയവരെല്ലാം നിൽക്കുന്നതിനെക്കാളെല്ലാം ഉയരത്തിലാണ് ഇവരുടെ സ്ഥാനം. ഇവർ പോകുന്ന വഴിക്കാണു പൂരം. എന്നിട്ടും പൂരം ഇവർക്ക് കാണാക്കാഴ്ചയാകുന്നു. – ഇത് പൂരത്തിന് ആനപ്പുറത്ത് കേലമേന്തുന്നവരുടെ കഥ. പൂരം കാണാനാവില്ലെന്നതു മാത്രമല്ല, പല പല കഷ്ടപ്പാടുകളുടെ കഥകൾ ഇവർക്കു പറയാനുണ്ട്. എന്നിട്ടും തിടമ്പേന്താൻ ഓരോ വർഷവും അവർ മത്സരിക്കുന്നതെന്തേ എന്നു ചോദിച്ചാൽ ആനപ്പുറത്തല്ലല്ലോ ഇരിക്കുന്നത്, ആവേശപ്പുറത്തല്ലേ എന്നാണ് അവരുടെ മറുചോദ്യം.

തൃശൂർ പൂരത്തോടനുബന്ധിച്ച് സജീവമായ തൃശൂർ തേക്കിൻകാട് മൈതാനിയിലെ  ബലൂൺ കച്ചവടം. 			       ചിത്രം : മനോരമ
തൃശൂർ പൂരത്തോടനുബന്ധിച്ച് സജീവമായ തൃശൂർ തേക്കിൻകാട് മൈതാനിയിലെ ബലൂൺ കച്ചവടം. ചിത്രം : മനോരമ

പൂരത്തിനു വരാൻ നേരത്തേ തയാറെടുക്കുന്നവർ ഏറെയുണ്ടാവും. എന്നാൽ, കോലമേന്തുന്നവരുടെ തയാറെടുപ്പുകൾ അങ്ങനെയല്ല. വ്രതശുദ്ധി ഉറപ്പാക്കിയ ശേഷമേ പലരും കോലമേന്താമെന്ന് സമ്മതം അറിയിക്കുകയുള്ളു. 41 ദിവസം വരെ വ്രതം നോക്കുന്നവരുണ്ട്. പലപ്പോഴും മേൽശാന്തിമാരോ കീഴ്ശാന്തിമാരോ ആയിരിക്കും കോലം ഏന്തുക. മനോധൈര്യം പ്രധാനം. ധൈര്യമില്ലാത്തതിന്റെ പേരിൽ തന്നെ പലരും അവസരം ഒഴിവാക്കാറുമുണ്ട്. ആനയുടെ മുൻകാലിലൂടെ വേണം കോലമേന്തുന്ന ആൾ കയറാ‍ൻ. മുൻകാൽ ആന ചെരിച്ചു കൊടുക്കുമ്പോൾ അവിടെ കയറി നിന്ന് ആനയുടെ കഴുത്തിലുള്ള പട്ടു ചുറ്റിയ കച്ചയിൽ പിടിക്കും.

ആന കാൽ ഉയർത്തുന്ന സമയത്തു തന്നെ കച്ചയിൽ പിടിച്ച് ഉയരണം. ആനയുടെ ഔദാര്യവും കയറുന്നയാളുടെ കുതിപ്പും അണുവിട തെറ്റരുത്. അവിടം മുതൽ തുടങ്ങുന്ന ശ്രദ്ധ കോലമേന്തുന്ന ആൾ ഏക്കം വിടാതെ താഴെ ഇറങ്ങും വരെ നിലനിർത്തണം. ഇല്ലെങ്കിൽ ആനയ്ക്കും ‘പണി’ ആണ്. മുന്നേ കയറുന്ന ആളുടെ സഹായത്തോടെ വേണം പുറകിലെ കാലിലൂടെ മറ്റുള്ളവർ ആനപ്പുറത്തു സ്ഥാനം പിടിക്കാൻ. തുടർന്ന് കോലം താഴെ നിന്ന് ഉയർത്തി കൊടുക്കുമ്പോൾ കാലു കൊണ്ടു മാത്രം ഇരുത്തം ബാലൻസ് ചെയ്ത് അതു വാങ്ങണം.

ആന നടന്നു തുടങ്ങുന്നതോടെ കോലമേന്തുന്ന ആളുടെ ശ്രദ്ധ ഇരട്ടിക്കണം. മേളപ്പെരുക്കത്തിനൊപ്പം ശ്രദ്ധയും പെരുകണം. കയ്യിൽ കോലമായതിനാൽ കാലു കൊണ്ടു വേണം ആനപ്പുറത്തെ ബാലൻസിങ്. കണ്ണു വേണം ഇരുപുറമെപ്പോഴും കണ്ണു വേണം മുകളിലും താഴെയും എന്നു പറഞ്ഞത് കോലമേന്തുന്നവരെ പറ്റിയായിരിക്കണം. പോകുന്ന വഴിയിൽ മുകളിൽ വൈദ്യുതക്കമ്പികളോ മറ്റേ എത്തുമ്പോൾ കോലവുമായി താഴ്ന്നു മലർന്നു കിടക്കേണ്ടി വരും. ആനയുടെ ജീവൻ വരെ അപ്പോൾ കോലമേന്തുന്നവരുടെ കയ്യിലാണ്.

താഴെ അപരിചിതർ ആനയ്ക്കടുത്തു വരുന്നുണ്ടോ എന്നതും കോലക്കാരൻ ശ്രദ്ധിക്കണം. കാരണം, അപ്പോൾ തട്ടകത്തിന്റെ മുഴുവൻ ജീവൻ ആനയുടെ കയ്യിലാണ്. എഴുന്നള്ളിപ്പ് തുടങ്ങിയാൽ എല്ലാവരും മേളത്തിനു താളമിടുമ്പോഴും കോലക്കാരന് അതിനുള്ള അവസരമില്ല. രണ്ടു കൈ കൊണ്ടും കോലം പിടിക്കണം. വാദ്യഘോഷങ്ങളിലേക്കു ശ്രദ്ധ തെറ്റാതിരിക്കാനാണ് കോലമേന്തുന്നവർ ഏറെ കഷ്ടപ്പെടുന്നത്. ആന മൂന്നു കാലിലാണു നിൽക്കുക എന്നതു കോലക്കാരനു കൃത്യമായി അറിയാം.

ഓരോ കാലും മാറി മാറി ഉയർത്തി വച്ച് മാറി മാറി വിശ്രമം കൊടുക്കും. കാൽ ഉയർത്തുന്നതിന് അനുസരിച്ച് ആന ഓരോ വശത്തേക്കു ചെരിയും. ആ സമയത്ത് കോലം വീഴരുത്. ആനയുടെ മട്ടും ചെവിയാട്ടത്തിന്റെ തോതും വച്ചാണ് ആനയുടെ ‘കാലുമാറ്റ’ത്തിനുള്ള സമയം മനസ്സിലാക്കുക. മേളത്തിലേക്കു ശ്രദ്ധ പോയാൽ പൂരത്തിന്റെ താളം തെറ്റുമെന്നു സാരം. ഉച്ചയാകുന്നതോടെ ആനച്ചൂട് പൊള്ളിക്കാൻ തുടങ്ങും. ഇരിക്കുന്നിടം മരവിച്ച സ്ഥിതിയാവും. 

കോലമേന്തുന്നവർക്ക് കുടമാറ്റം കാണാൻ കൊതിയുണ്ട്. പക്ഷേ, വഴിയില്ല. പുരുഷാരത്തിന്റ ആർപ്പുവിളികളിലൂടെ കുടമാറ്റത്തെ മനസ്സിൽ കാണുകയാണ് അവർ. പക്ഷേ, അപ്പോഴും ശ്രദ്ധയുടെ കുട ആനയെ മൂടി നിൽക്കണം. ആനയ്ക്ക് മാംസളത കുറയുന്നതിനനുസരിച്ച് ഇരുത്തം പ്രശ്നമാവും. മുതുകിന് നീളം കുറഞ്ഞ ആനയാണെങ്കിൽ ആനപ്പുറത്ത് തിക്കിത്തിരക്കി ഇരിക്കേണ്ടി വരുന്നതും ബുദ്ധിമുട്ടാണ്.

പക്ഷേ, ഈ ബുദ്ധിമുട്ടുകളൊന്നും ആനപ്പുറത്തിരിക്കുമ്പോൾ ഇവരറിയുന്നില്ല. തട്ടകത്തിന്റെ പൂരാവേശം കയ്യിലേന്തിയാണ് അവരിരിക്കുന്നത്. ഉപചാരം ചൊല്ലി പിരിഞ്ഞ് കഴിഞ്ഞാണ് ശരീരത്തിൽ വേദന കൊടിയേറുക. കാലിലും കയ്യിലുമെല്ലാം പിന്നെ രണ്ടു നാൾ വേദനയുടെ പൂരമാണ്. പക്ഷേ, പൂരം വന്നാൽ പിന്നെയും ഇവർ ആനപ്പുറത്തേറാൻ വ്രതം നോക്കും. കയറ്റം ആനപ്പുറത്തേക്കല്ല, ആവേശപ്പുറത്തേക്കാണ്.

ആളപായമുണ്ടാക്കിയ ആനകൾക്ക്  ‘നോ എൻട്രി’

തൃശൂർ ∙ ഇടഞ്ഞോടി ആളപായമുണ്ടാക്കിയ ചരിത്രമുള്ള ആനകളെ പൂരത്തിന്റെ എഴുന്നള്ളിപ്പിനുപയോഗിക്കുന്നതു വിലക്കി സബ് ഡിവിഷനൽ മജിസ്ട്രേട്ട് ഉത്തരവിറക്കി. ഉത്തരവിൽ പറയുന്ന മറ്റു നിർദേശങ്ങളിങ്ങനെ: 

∙ എഴുന്നള്ളിപ്പു സമയങ്ങളിൽ പാപ്പാന്മാർ ഒഴികെ ആരും ആനകളെ സ്പർശിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യരുത്. 

∙ നീരുള്ളവയോ മദപ്പാടുള്ളവയോ വെടിക്കെട്ടിൽ ഭയമുള്ളവയോ ആയ ആനകളെ പൂരദിവസങ്ങളിൽ നഗരാതിർത്തിക്കുള്ളിൽ പ്രവേശിപ്പിക്കാനോ എഴുന്നള്ളിപ്പിന് ഉപയോഗിക്കാനോ പാടില്ല. 

∙ പൂരത്തിന്റെ സമയത്തു സർക്കാർ പുറപ്പെടുവിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ലംഘിക്കരുത്. 

∙ എഴുന്നള്ളിപ്പിനുള്ള ആനകളുടെ രേഖകൾ പൊലീസ്, ഫോറസ്റ്റ്, വെറ്ററിനറി ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാക്കണം. 

∙ ഹെലികോപ്റ്റർ, ഹെലിക്യാം, ഡ്രോൺ, ലേസർ ഗൺ എന്നിവ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും നിരോധിച്ചു. 

∙ കാഴ്ച മറയ്ക്കുന്ന വലിയ ട്യൂബ് ബലൂണുകൾ, ഉച്ചത്തിലുള്ള വിസിലുകൾ, ലേസർ ലൈറ്റുകൾ എന്നിവ പൂരപ്പറമ്പിലെത്തിക്കാൻ പാടില്ല. 

∙ അപകടകരമായ കെട്ടിടങ്ങൾക്കു മുകളിൽ കയറി വെടിക്കെട്ട് കാണുന്നതിനും വിലക്കുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com