ADVERTISEMENT

പഞ്ചവാദ്യം സംഗീത സാന്ദ്രമാണ്. കാതിനു തേന്മഴയായി പെയ്തിറങ്ങും. കലാശങ്ങളിലൂടെ കയറിയും ഇറങ്ങിയും സഞ്ചരിക്കുന്ന പഞ്ചവാദ്യം ആസ്വദിക്കാൻ കൂടെ നടന്നു കേൾക്കണം. മഠത്തിനു മുന്നിൽ തുടങ്ങി നായ്ക്കനാലിൽ അവസാനിക്കുന്ന 3 മണിക്കൂറാണു മഠത്തിൽവരവു പഞ്ചവാദ്യത്തിന്റെ ദൈർഘ്യം.

പതികാല തുടക്കം: 11.20നു മഠത്തിൽ നിന്നു പഞ്ചവാദ്യ സംഘം പുറത്തേക്കു ഭഗവതിയെ എഴുന്നള്ളിക്കും. അകത്തു പാണികൊട്ടിയാണ് ഇറക്കം. പഞ്ചവാദ്യത്തിനു കാലം നിരത്തുന്നതും അകത്താണ്. പുറത്തെത്തിയാൽ പതികാലത്തിൽ തുടക്കം. ആദ്യം തിമലയിൽ പതികാലത്തിൽ ഒരു താളവട്ടം കൊട്ടും. പിന്നീടു മദ്ദളത്തിന്റെ താളവട്ടം. തുടർന്ന് ഇടയ്ക്കയിൽ രണ്ടാം കാലത്തിൽ ഒരു താളവട്ടം കൊട്ടും. അതു കഴിഞ്ഞാൽ ആദ്യ കൂട്ടിക്കൊട്ടായി. തുടർന്നു മൂന്നാം കാലത്തിലേക്കു കടക്കും.

മൂന്നാം കാലത്തിലും ഇതാവർത്തിക്കും. മൂന്നാം കാലം കഴിഞ്ഞാൽ മഠത്തിൽ നിന്നു പതുക്കെ മുന്നോട്ടു നീങ്ങും. മൂന്നാം കാലത്തിന്റെ കൂട്ടിക്കൊട്ട് ആവേശകരം. എത്ര താളവട്ടം കൊട്ടണമെന്നു പ്രമാണിയാണു തീരുമാനിക്കുന്നത്. സമയം ഉണ്ടെങ്കിൽ 2 താളവട്ടം കൊട്ടാറുണ്ട്. മഠത്തിൽവരവു പഞ്ചവാദ്യത്തിന്റെ ഏറ്റവും മനോഹര നിമിഷം മഠത്തിൽ നിന്നു നീങ്ങുന്നതിനു തൊട്ടുമുൻപുള്ള മുഹൂർത്തമാണ്. 

നടുവിലാൽ കലാശം: മഠത്തിൽ വരവിന്റെ ആവേശകരമായ ഭാഗങ്ങളിലൊന്നു നടുവിലാലിലെ ഇടകാല കലാശം. നാലാം കാലത്തിലാണ് ഇവിടെ ഇടകാലം കൊട്ടിത്തീർക്കുക. ദ്രുതകാലം തന്നെയാണിതെന്നു കേൾക്കുമ്പോൾ വ്യക്തമാകും. 45 മിനിറ്റ് നീളുന്നതാണു നടുവിലാലിലെ ഇടകാലം. സാധാരണ നിലയിൽ ഉച്ചയ്ക്ക് 1.15 ആകുമ്പോഴേക്കും നടുവിലാലിലെ ഇടകാലം കൊട്ടിത്തുടങ്ങാറുണ്ട്.

ദേവസ്വം അഞ്ചാം കാലം: റൗണ്ടിൽ ദേവസ്വം ഓഫിസിനു മുന്നിലെ അഞ്ചാം കാലം പഞ്ചവാദ്യത്തിന്റെ അതിവേഗ യാത്രയുടെ പാതയിലുള്ളതാണ്. 15 മിനിറ്റ് മാത്രമേ ഉള്ളൂവെങ്കിലും അതിമനോഹരമായ താളസമന്വയമാണിത്. അതിവേഗ കലാശം ആവേശമേറ്റും. ഇത്രയേറെ വാദ്യങ്ങൾ ഒരുമിച്ചുള്ള പഞ്ചവാദ്യം അപൂർവം. നായ്ക്കനാൽ കലാശം: നായ്ക്കനാലിലാണു പഞ്ചവാദ്യം കലാശിക്കുന്നത്. 20 മിനിറ്റോളം നീളുന്ന ത്രിപുടയാണു കൊട്ടുക. തനിയാവർത്തനം പോലെയാണു കൊട്ടിത്തീർക്കൽ. 

അഞ്ചാംകാലത്തിലെ കലാശം പോലെ തന്നെ ആവേശകരമായ ഘട്ടമാണിത്. തുടർന്നു തിമലയും ഇലത്താളവും മാത്രമായി തിമല ഇടച്ചിൽ. 5 മിനിറ്റിൽ താഴെയാണെങ്കിലും ഈ തിമല ഇടച്ചിലിനൊരു സംഗീതമുണ്ട്. ഇതോടെ പഞ്ചവാദ്യം അവസാനിക്കുകയാണ്. ഇടച്ചിലിനു മുൻപുള്ള കാലാശത്തോടെ എല്ലാം അവസാനിക്കുന്നുവെന്നു പറയുന്ന പഞ്ചവാദ്യ പ്രേമികളും ഏറെ.

പാണ്ടി, പണ്ടേ സുന്ദരം

പാണ്ടിമേളത്തിന്റെ ഏറ്റവും മനോഹര രൂപമാണ് ഇലഞ്ഞിത്തറയിലെ പാണ്ടി. 4 മണിക്കൂർ നീണ്ടുനിൽക്കുന്ന വാദ്യ പ്രപഞ്ചത്തിന്റെ ‘ക്ലൈമാക്സ്’ ആണ് ഇല‍‍‍ഞ്ഞിത്തറയിൽ കൊട്ടിത്തീരുക. ആവേശത്തിന്റെ കടലായി മാറുന്ന ഇലഞ്ഞിത്തറ മേളത്തിലേക്കു പാണ്ടിയുടെ കാലങ്ങൾ കടന്നുളള യാത്ര ഇങ്ങനെ:

ഉച്ചയ്ക്ക് 12.30: പാണ്ടിയുടെ മുന്നോടിയായ ചെമ്പടമേളം കൊട്ടിയാണു പാറമേക്കാവിൽ നിന്നു മേളസംഘം പുറത്തേക്കു വരിക. ക്ഷേത്രഗോപുരത്തിനു മുന്നിൽ നിരന്നശേഷം അരമണിക്കൂർ ചെമ്പട കൊട്ടും. ഇതു രണ്ടുകാലത്തിലുള്ള പതിഞ്ഞ ചെമ്പടയാണ്.
1.00: പാണ്ടിയുടെ കൂട്ടിപ്പെരുക്കൽ ഒരു മണിയോടെ തുടങ്ങും. അര മണിക്കൂർ നീളുന്ന കൂട്ടിപ്പെരുക്കലിലാണു പാണ്ടി ഒലുമ്പുക. ഇതു കേൾക്കാനായി മാത്രം ഏറെപ്പേർ എത്തും. കുറുങ്കുഴലിന്റെയും കൊമ്പിന്റെയും സംഗീതം നിറയുന്ന ഭാഗം കൂടിയാണിത്. പാണ്ടിയുടെ തുടക്കമായി വേണം ഈ ഘട്ടത്തെ കാണാൻ.

1.30 മുതൽ 1.45 വരെ 2 ഇടക്കലാശം പാറമേക്കാവിനു മുന്നിൽ കൊട്ടും. തുടർന്നു വടക്കുന്നാഥനിലേക്കുള്ള യാത്ര തുടങ്ങും. ഇലഞ്ഞിത്തറയിൽ എത്തുന്നതിനു മുൻപായി 4 ചെറിയ ഇടക്കലാശമുണ്ട്. പൂരംപ്രദർശന നഗരിക്കു മുന്നിലും ഗോപുരം കടന്ന ശേഷം കിഴക്കും തെക്കും പടിഞ്ഞാറുമായി ഇവ കൊട്ടും.
2.15: ഇലഞ്ഞിച്ചോട്ടി‍ൽ മേളം നിരക്കും. വിളമ്പകാലത്തിൽ മേളം തുറന്നു പിടിക്കുന്നത് ഇവിടെയാണ്. 15 മിനിറ്റിനു ശേഷം പതികാലം വിട്ടു ദ്രുതകാലത്തിലേക്കു കടക്കും. പിന്നീടു 4.30നു പാണ്ടി കലാശിക്കുന്നതു വരെ ദ്രുതകാലത്തിലാണു മേളം നടക്കുക. 

അടിച്ചു കലാശം, എടുക്കു കലാശം, ഒന്നാം തകൃതകൃത, കുഴ മറിഞ്ഞ കാലം, ഇടകാലം, ഉരുളുകോൽ, മുട്ടിന്മേൽ കയറ്റം എന്നീ കാലങ്ങളിലൂടെ പാണ്ടി കടന്നുപോകും. ഇതിന്റെയെല്ലാം ദൈർഘ്യം ഏറിയും കുറഞ്ഞുമിരിക്കും.
4.15: പാണ്ടിയുടെ രൗദ്രഭാവവും നിറയുന്ന ഭാഗമാണിത്. 4.15നു മുട്ടിന്മേൽ കയറ്റിക്കഴിഞ്ഞാൽ മേളം 7 അക്ഷരകാല ദ്രുതകാലത്തിലേക്കു കടക്കും. അതുവരെ 14 അക്ഷരകാലത്തിലായിരുന്നു. വേഗം നേരെ ഇരട്ടിയാകുമെന്നർഥം. മുട്ടിന്മേൽ കയറ്റിയ ഉടനെ രണ്ടാം തകൃതകൃതയുടെ വരവായി. ചെണ്ടയുടെ മനോഹര സംഗീത ഭാവങ്ങളിലൊന്നു കൂടിയാണിത്.
4.20നു രണ്ടാംകുഴ മറിഞ്ഞ കാലം കൊട്ടും. തുടർന്നു 10 മിനിറ്റ് മേളം അതിന്റെ പൂർണ ഉയർച്ചയിൽ തിരപോലെ ആഞ്ഞടിക്കും. 4.30നു തീരുകലാശത്തോടെ മേളം അവസാനിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com