ADVERTISEMENT

തൃശൂർ ∙ ആലവട്ടവും വെഞ്ചാമരവും ആനപ്പുറത്ത് അഴകു വിരിച്ചു നിൽക്കുന്ന പൂരക്കാഴ്ച ഒരിക്കൽ കണ്ടാൽ മതി. മനസ്സിൽ നിന്ന് ഇറക്കി വിടാനാവില്ല ആ മനോഹാരിതയെ. പൂരത്തിന്റെ ഈ മനോഹാരിത കൈവിട്ടു പോകാതെ നിലനിൽക്കുന്നതിനു പിന്നിൽ പലരുടെയും പ്രയത്നവും കേന്ദ്ര സർക്കാരിന്റെ തന്നെ ഇടപെടലും ഉണ്ടെന്നത് അധികമാർക്കും അറിയാത്ത ചരിത്രം. ആലവട്ടവും വെഞ്ചാമരവും നിർമിക്കുന്നത് പഠിപ്പിക്കാൻ 1971ൽ കേന്ദ്ര ഹാൻഡി ക്രാഫ്റ്റ് ബോർഡിന്റെ നിർദേശ പ്രകാരം ജില്ലാ വ്യവസായ കേന്ദ്രം ഒരു പരിശീലന കേന്ദ്രം ആരംഭിച്ചിരുന്നു തൃശൂരിൽ.

ടെംപിൾ ഡക്കറേഷൻ ട്രെയിനിങ് സെന്റർ എന്നായിരുന്നു പേര്. മാസ്റ്റർ ക്രാഫ്റ്റ് മാൻ ആയി നിയമിക്കപ്പെട്ട ചാത്തനാത്ത് ബാലകൃഷ്ണൻ നായരുടെ വീട്ടിൽ തന്നെയായിരുന്നു കേന്ദ്രം. പരിശീലനത്തിനായി ചാത്തനാത്ത് ലോഹിതാക്ഷൻ, കടവത്ത് ചന്ദ്രൻ, കൃഷ്ണൻകുട്ടി എന്നീ മൂന്നു പേരെയാണ് അന്ന് അഭിമുഖത്തിലൂടെ തിരഞ്ഞെടുത്തത്. അന്നത്തെ ആ പരിശീലന കേന്ദ്രം വെറുതെയായില്ല എന്ന് ഉറപ്പിച്ചു പറയാം.

ബാലകൃഷ്ണൻ നായരുടെ മകൻ ചാത്തനാത്ത് മുരളീധരൻ ആണ് വർഷങ്ങളായി പാറമേക്കാവിനു വേണ്ടി ആലവട്ടം ഒരുക്കുന്നത്. കടവത്ത് ചന്ദ്രനിൽ നിന്നു പരിശീലനം നേടിയ മകൻ സുജിത്ത് തിരുവമ്പാടിക്കു വേണ്ടി ആലവട്ടമൊരുക്കുന്നു. 80 രൂപയായിരുന്നു പരിശീലനാർഥികൾക്ക് അന്ന് സ്റ്റൈപൻഡ്. മാസ്റ്റർ ക്രാഫ്റ്റ് മാൻ ആയ അച്ഛന് 250 രൂപ ലഭിച്ചിരുന്നതായി മുരളീധരൻ ഓർക്കുന്നു.

കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പ്. ചെന്നൈയിൽ നിന്ന് വന്നിരുന്ന കത്തുകൾ ഇംഗ്ലിഷിൽ ആയിരുന്നതിനാൽ വായിച്ചു മനസ്സിലാക്കാൻ പത്താം ക്ലാസുകാരെ തേടി നടന്നിരുന്ന കഥയും മുരളീധരന്റെ ഓർമകളിലുണ്ട്. പൂരം പ്രദർശനത്തിൽ വനം വകുപ്പ് സ്റ്റാളിൽ മയിൽപ്പീലികൾ പരിചയപ്പെടുത്തിയിരുന്നത് ആലവട്ടത്തിനുള്ള മയിൽപ്പീലികൾ പരിശീലന കേന്ദ്രത്തിൽ നിന്നു കൊണ്ടുപോയിട്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com