ADVERTISEMENT

താളത്തിന്റെ സൂചിമുനകളിൽ നിർത്തി ഇടിവെട്ടായി ഇലഞ്ഞിത്തറമേളം. 4.20 മുതൽ കലാശത്തിന്റെ 14 മിനിറ്റ് ഇലഞ്ഞിത്തറയിൽ ഇരമ്പിയടിച്ചതു രൗദ്ര സംഗീതത്തിന്റെ കടൽ തന്നെയായിരുന്നു. കറുത്ത മാനത്തിനു കീഴെ കെട്ടുപൊട്ടി ഇരുമ്പുന്ന കടൽ. ഇലഞ്ഞിച്ചോട്ടിൽ ഇന്നലെ ജനവും തിരപോലെ ആടിയുലഞ്ഞു. മുൻപൊരിക്കലും ഇലഞ്ഞിത്തറ ഇതുപോലെ ജനസാന്ദ്രമായിട്ടില്ല. 3 മണിയോടെ പടിഞ്ഞാറെ ഗോപുരം ഭാഗികമായി അടയ്ക്കേണ്ടി വന്നു. അത്രയേറെയായിരുന്നു ജനം. 4.10 ആകുമ്പോഴേക്കും പെരുവനം കുട്ടൻ മാരാർ അവസാന  ഘട്ടമായ രണ്ടാം തകൃതയിലേക്കു കടന്നിരുന്നു.10 മിനിറ്റു വൈകിയാണു തുടങ്ങിയതെങ്കിലും പിഴയ്ക്കാത്ത കണക്കുകൊണ്ട് അദ്ദേഹം കൃത്യ സമയത്തു രണ്ടാം തകൃതയിലേക്കു മേളം കയറ്റി നിർത്തി.

കൊമ്പും കുഴലും ഒരുപോലെ തിരകളായി വന്നു പാണ്ടിയുടെ ഭംഗി വിരിയിക്കുന്ന നിമിഷങ്ങളായിരുന്നു അത്. താണും ഉയർന്നും സംഗീതം അലയാകുന്ന നിമിഷം. 10 മിനിറ്റായിരുന്നു ഈ മനോഹര കാലത്തിന്റെ സമയം. 4.20നു തൊട്ടു മുൻപായി കൊമ്പിനും കുഴലിനും തങ്ങളുടെ പ്രകടനത്തിന്റെ അവസാന നിമിഷങ്ങൾക്കു മാരാർ സമയം അനുവദിച്ചു. മനോഹരമായാണു കിഴക്കൂട്ടു നന്ദനും മച്ചാട് രാമചന്ദ്രനുമടക്കമുള്ളവർ ഇതു വായിച്ചു തീർത്തത്. കുഴൽ ചുഴറ്റിക്കാണിച്ചതോടെ മേളം നേരെ കുഴമറിഞ്ഞ കാലത്തിലേക്കു കടന്നു. അപ്പോഴേക്കും ഇലഞ്ഞിത്തറയിലെ ആയിരങ്ങൾ താളമിട്ടു ചാടിമറിയുന്ന സ്വർഗീയ നിമിഷങ്ങളിലെത്തിയിരുന്നു.

കുഴമറിഞ്ഞ കാലത്തിലേക്കു കടന്ന ഉടൻ കുട്ടൻ മാരാർ പിറകോട്ടു നോക്കി താളക്കാരോടു അവസാന വെടിക്കെട്ടിനു തയാറാകാൻ കണ്ണുകൊണ്ടു സിഗ്നൽ നൽകി. ഉരുട്ടു ചെണ്ടക്കാരെ ഒന്നുകൂടി മുന്നിലേക്കു ആഞ്ഞു നിർത്തിയ ശേഷം അദ്ദേഹം കോൽ ഉയർത്തി മേളം കലാശത്തിനു തിരി കൊളുത്തുകയാണെന്ന മുന്നറിയിപ്പു നൽകി. കുഴമറിഞ്ഞ കാലം 5 മിനിറ്റു കഴിയുമ്പോഴേക്കും തന്റെ മേളം എല്ലാംകൊണ്ടും കെട്ടുറപ്പുള്ളതും ഏതു കോളിനേയും മറി കടക്കുമെന്നും കുട്ടൻ മാരാർക്ക് ഉറപ്പായിരുന്നു.

ആ ആത്മധൈര്യം വ്യക്തമാക്കുന്നവിധം അദ്ദേഹം നാലോ അഞ്ചോ തവണ ചെറുതായി ചാടുകയും ചെയ്തു. ആ ഊർജം വെടിമരുന്നിനു തീ പിടിക്കും പോലെയാണു ഇരുനൂറിലേറെ മേളക്കാരിലേക്കും ആയിരക്കണക്കിനു കാണികളിലേക്കും പടർന്നത്. 4.28നു തീരു കലാശത്തിലേക്കു കടക്കുമ്പോഴേക്കും ഇലഞ്ഞിത്തറ ഇരമ്പുകയായിരുന്നു. 5 മിനിറ്റോളം നിന്ന തീരു കലാശ സമയത്തു ഇടിവെട്ടിപ്പെയ്യുന്നതുപോലെ ഇലഞ്ഞിത്തറ ഇരുമ്പിയാർത്തു. കയറി, കയറി പോയി പെട്ടെന്നൊരു നിമിഷം മിന്നലുപോലെ മേളം നിലച്ചതോടെ ഒരു നിമിഷാർധം എല്ലാം നിശബ്ദമായി. പിന്നീടു ഭൂമിയിലേക്കു തിരിച്ചുവന്നു എല്ലാവരും ആർപ്പു വിളിച്ചു.

ഉച്ചയ്ക്കു 12നുതന്നെ പാറമേക്കാവിനു മുന്നിലെ ചെമ്പട തുടങ്ങി.16 അക്ഷര കാലത്തിലും പിന്നീട് 8 അക്ഷര കാലത്തിലേക്കു മുറുകിയും വന്ന ചെമ്പട ഒലുമ്പിക്കൊണ്ടു ഒന്നേകാലോടെ അവസാനിച്ചു. തുടർന്നു കൂട്ടിപ്പെരുക്കലിനു ശേഷം രണ്ടാമത്തെ മേളമായ പാണ്ടി തുടങ്ങുകയും ചെയ്തു. വളരെ മനോഹരവും സൗമ്യവുമായി കുറുംകുഴലിന്റെ സംഗീതത്തിലായിരുന്നു പാണ്ടിയുടെ തുടക്കം. സമയം വൈകിയെന്നു തോന്നിച്ചെങ്കിലും പാണ്ടിയുടെ വിളംബകാലം മനോഹരമാക്കുന്നതിനു കുട്ടൻ മാരാർ പതിവു സമയംതന്നെയെടുത്തു.

മേള ആസ്വാദകരിൽ പലരുമെത്തുന്നതു ചെമ്പടയും പാണ്ടിയുടെ വിളംബകാലവു കേൾക്കാനാണ്. മറ്റൊരിടത്തം പതികാലത്തിനു  ഗാംഭീര്യം അവകാശപ്പെടാനാകില്ല. പാറമേക്കാവിനു മുന്നിൽനിന്നു ഇലഞ്ഞിത്തറയിലേക്കുള്ള യാത്രയിലാണു ആ സമയം അദ്ദേഹം മിച്ചം പിടിച്ചത്. നാലു കലാശവും പെട്ടെന്ന് അവസാനിപ്പിച്ചു. കേളത്ത് അരവിന്ദാക്ഷ മാരാർ ഇല്ലാത്ത മേളം കൂടിയായിരുന്നു ഇത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇലഞ്ഞിത്തറയിൽ പെരുവനത്തിനു തണൽ വിരിച്ചു കൂടെനിന്നതു കേളത്തായിരുന്നു.

ഇത്തവണ പെരുവനം സതീശനായിരുന്നു വലത്ത്, തിരുവല്ല രാധാകൃഷ്ണൻ ഇടത്തും. പഴുവിൽ രഘു,ചൊവ്വല്ലൂർ മോഹൻ,ചേറൂർ രാജപ്പൻ,പരിയാരത്ത് രാജൻ,പെരുവനം ശങ്കരനാരായണൻ,പോറാത്ത് വൈശാഖ്,ഈച്ചരത്ത് ശശീന്ദ്രൻ,കലാമണ്ഡലം ഹരീഷ്,പാറമേക്കാ അജീഷ് നമ്പൂതിരി, അനീഷ് നമ്പൂതിരി, തൃക്കൂർ അശോക് കുമാർ,കാർക്കിക് പി.മാരാർ എന്നിവരായിരുന്നു മുൻ നിരക്കാർ. പെരുവനത്തിന്റെ മകനാണ് കാർത്തിക്.

അച്ഛന്റെ നിരയിൽ കാർത്തിക്

ഇലഞ്ഞിത്തറ മേളത്തിന്റെ മുൻനിരയിൽ ഒത്ത നടുക്കായി പെരുവനം കുട്ടൻ മാരാർ പ്രമാണിത്തം വഹിക്കുമ്പോൾ അതേനിരയുടെ അറ്റത്ത് ഒരപ്രതീക്ഷിത മേളക്കാരൻ ഇടംപിടിച്ചിരുന്നു. പെരുവനത്തിന്റെ മകൻ കാർത്തിക്. വീക്കംചെണ്ടയുമായി പൂരത്തിന്റെ പിൻനിരയിൽ കൊട്ടിയിരുന്ന കാർത്തികിന് അവിചാരിതമായാണു മുൻനിരയിൽ സ്ഥാനം ലഭിച്ചത്.

അച്ഛനും മകനും മുൻനിരയിൽ കൊട്ടുന്ന അത്യപൂർവ കാഴ്ച കാണാൻ കാർത്തികിന്റെ അമ്മ ഗീതയും സഹോദരി കവിതയും ഇലഞ്ഞിത്തറയിൽ എത്തിയിരുന്നു. അച്ഛനോടൊപ്പം കൊട്ടുന്നതിന്റെ പരിഭ്രമമില്ലാതെ കാർത്തിക് മികവു പുലർത്തിയപ്പോൾ കുടുംബത്തിനാകെ ആനന്ദം. പൂരത്തിൽ 47 വർഷമായി പങ്കെടുക്കുന്ന പെരുവനം ഇലഞ്ഞിത്തറയിൽ പ്രമാണിയാകുന്നത് 24–ാം തവണയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com