ADVERTISEMENT

ചാലക്കുടി ∙ കേന്ദ്ര സർക്കാർ പദ്ധതിയായ അമൃത് 2.0 ൽ ഉൾപ്പെടുത്തി, നഗരസഭയിലെ മുഴുവൻ വീടുകൾക്കും ശുദ്ധജല കണക്‌ഷൻ ലഭ്യമാക്കുന്നതിനു ജലഅതോറിറ്റി തയാറാക്കിയ 11.70 കോടി രൂപയുടെ കരടു പദ്ധതിക്ക് കൗൺസിൽ അംഗീകാരം നൽകി. നിലവിലുള്ള ഹൈലെവൽ ശുദ്ധജല പദ്ധതിയുടെ താണിപ്പാറയിലെ ജലസംഭരണി നവീകരണത്തിനു 60 ലക്ഷം, പഴയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാൻ 6 കോടി, ശുദ്ധജല ട്രീറ്റ്മെന്റ് പ്ലാന്റ് നവീകരണത്തിന് 1.68 കോടി, വൈദ്യുത ജോലികൾക്കും മോട്ടറിനുമായി 50 ലക്ഷം, 2500 പുതിയ കണക്‌ഷനുകൾ നൽകാൻ 3 കോടി എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയ പ്രവർത്തനങ്ങൾ.

50 % കേന്ദ്ര സർക്കാർ വിഹിതവും 25% സംസ്ഥാന വിഹിതവും 25% നഗരസഭ വിഹിതവും ഉൾപ്പെടുന്നതാണ് പദ്ധതി. കഴിഞ്ഞ ദിവസങ്ങളിൽ ജല അതോറിറ്റിയും നഗരസഭ കൗൺസിലും സംയുക്തമായി നടത്തിയ ചർച്ചയെ തുടർന്നാണു പദ്ധതിക്ക് രൂപമായത്. പദ്ധതിയുടെ മോണിറ്ററിങ്ങിനായി കൗൺസിൽ പ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ 21 നു  നഗരസഭ രാജീവ് ഗാന്ധി ടൗൺഹാളിൽ നടത്തും.

വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും ജനകീയാസൂത്രണ പദ്ധതിയുടെയും 25-ാം വർഷത്തിൽ, കഴിഞ്ഞ 25 വർഷത്തെ നഗരസഭ ജനപ്രതിനിധികളെയും ആസൂത്രണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയവരെയും ആദരിക്കും. 15നകം വാർഡ് സഭകൾ പൂർത്തിയാക്കും. 16 നു വിവിധ നാടുകളിൽ താമസിക്കുന്നവരെ പങ്കെടുപ്പിച്ച് ഓൺലൈൻ വാർഡ് സഭയും 17 നു വർക്കിങ് ഗ്രൂപ്പ് ക്രോഡീകരണവും നടത്തും. 18 നു കൗൺസിൽ അംഗീകാരം ലഭ്യമാക്കിയ ശേഷം 21 നു വികസന സെമിനാർ നടത്തും. ടൗൺഹാൾ പ്രവർത്തനം 21ന് ആരംഭിക്കാൻ നേരത്തെ കൗൺസിൽ തീരുമാനിച്ചിരുന്നു. ആദ്യ പരിപാടിയായാണു  വികസന സെമിനാർ ഇവിടെ സംഘടിപ്പിക്കുന്നത്. യോഗത്തിൽ നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com