വെങ്കിടങ്ങ് ∙ ബണ്ട് തുറന്നതോടെ ഏനാമാവ് റഗുലേറ്റർ മുഖത്ത് ഏറ്റുമീൻ കോള് തുടങ്ങി. പുതുമഴയിൽ ശുദ്ധജലവും ഉപ്പുവെള്ളവും സംഗമിക്കുന്ന ഇവിടെ മീനുകൾ കൂട്ടമായി എത്തുമെന്നതാണ് പ്രത്യേകത. കനാലിൽ നിന്നും ഒഴുകിയെത്തുന്നവയും പുഴയിൽ നിന്നും കയറിവരുന്നവയും ഇക്കൂട്ടത്തിലുണ്ട്. വീശു വല ഉപയോഗിച്ച് മീൻ പിടിത്തത്തിന് ഒട്ടേറെ മത്സ്യത്തൊഴിലാളികളാണ് റഗുലേറ്ററുകളിലുള്ളത്.
പരൽ, പോട്ട, കണമ്പ്, കോലാൻ, വാലാത്തൻ, ചൂട തുടങ്ങിയവയാണ് കൂടുതലായുള്ളത്. റോഡരികിലായതിനാൽ വാഹനം നിർത്തി പറഞ്ഞ വില നൽകിയാണ് ആളുകൾ പിടയ്ക്കുന്ന മീൻ വാങ്ങി പോകുന്നത്. ഫ്രഷ് മീൻ വിൽപനയ്ക്കായി സ്റ്റാളുകളും തുറന്നിട്ടുണ്ട്. വളയം ബണ്ട് പൊളിച്ചതോടെ വെള്ളത്തിന്റെ ഒഴുക്കും മീൻ പിടിത്തവും പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ഉൾപ്പെടെ മഴക്കാഴ്ചകൾ ആസ്വദിക്കാൻ ഒട്ടേറെ പേരാണ് റഗുലേറ്ററിലെത്തുന്നത്.