ADVERTISEMENT

തൃശൂർ∙ സുകുമാർ അഴീക്കോടിന്റെ വീടും ആയിരക്കണക്കിനു പുസ്തകങ്ങളും മഴ ഭീഷണിയിൽ. ഇരവിമംഗലത്തെ അഴീക്കോട് സ്മാരകം നവീകരണത്തിനായി പൊളിച്ചിട്ടിട്ട് മാസം മൂന്നായി. പണി നിലച്ച നിലയിലാണ്. മുറ്റത്തെത്തിയാൽ സ്മാരകം എന്നല്ല;  മാരകം ഈ അനാസ്ഥ എന്നേ ആരും പറയൂ. സ്മാരകത്തിന്റെ പലഭാഗത്തും കോൺക്രീറ്റിങ് വെട്ടിപ്പൊളിച്ചിട്ടുണ്ട്. പതിനായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ക്രമീകരിച്ചിരിക്കുന്ന മുറിയുടെ ഭിത്തിയും ജനാലയും നനയാതിരിക്കാൻ അഴീക്കോട് ഉള്ള സമയത്തു തന്നെ പ്രത്യേകം ഓടു വിരിച്ചിരുന്നു. ഇതും പൊളിച്ചിട്ടിരിക്കുകയാണ്.

അമൂല്യമായ പതിനായിരത്തോളം പുസ്തകങ്ങൾ ഈർപ്പമടിച്ചു പോകുമെന്ന ആശങ്കയുണ്ട്. ജനുവരി 24ന് അഴീക്കോട് അനുസ്മരണ ദിനമെത്താറായപ്പോൾ സ്മാരകത്തോടുള്ള അവഗണന ചർച്ചയായിരുന്നു. പ്രതിഷേധ ബാനറുകളും മറ്റും ഉയർന്നു. ജന്മദിനത്തിനു രണ്ടുനാൾ മുൻപ് കരാറുകാർ എത്തി അളവെടുക്കുകയും മറ്റും ചെയ്തു.  പിന്നീട് പൊളിച്ചു തുടങ്ങി. എന്നാൽ പണി പാതിവഴിയിലായി. വാർക്കയുടെ ചില ഭാഗങ്ങൾ പൊളിച്ചതിനാൽ വീടിനകത്തേക്കും വെള്ളം കയറുന്നതായി സംശയമുണ്ട്. ഇടക്കാലത്ത് സാഹിത്യ അക്കാദമി ചെയ്ത നവീകരണ ജോലികളും പൊളിച്ചു നീക്കിയശേഷമാണ് ഇപ്പോഴത്തെ നിർമാണം.

സാംസ്കാരിക വകുപ്പ് ഏറ്റെടുത്തിട്ടു 10 വർഷമായിട്ടും ഇതാണു സ്ഥിതി. 21ന് അഴീക്കോടിന്റെ ജന്മദിനമാണ്. അവഗണനയിൽ പ്രതിഷേധിച്ച് സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ യോഗം ചേർന്നു. സാംസ്കാരിക മന്ത്രി ഇടപെടണമെന്നു ചെയർമാൻ അബ്ദുൽ സമദ് സമദാനി എം.പി. ആവശ്യപ്പെട്ടു. ജനറൽസെക്രട്ടറി ജയരാജ് വാരിയർ, വൈസ് പ്രസിഡന്റ് കെ. രാജൻ, കെ.സുദർശനൻ, പി.എസ്. സുരേഷ് ബാബു, മോൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com