ADVERTISEMENT

തൃശൂർ ∙ ഇത്യോപ്യയിൽ പെയിന്റിങ് ജോലി വാഗ്ദാനം ചെയ്ത് 24 യുവാക്കളിൽനിന്നു ലക്ഷങ്ങൾ തട്ടി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അയച്ചുകൊടുത്ത വിമാന ടിക്കറ്റും വീസയുമായി നെടുമ്പാശേരി വ‍ിമാനത്താവളത്തിൽ എത്തിയപ്പോഴാണു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്. ഓരോരുത്തരിൽനിന്നും 75,000 രൂപ വീതം തട്ടിയെടുത്തതായാണു പരാതി. റൂറൽ പൊലീസ് കേസെടുത്തു. കേരളത്തിൽ പല ജില്ലകളിലായി ഒട്ടേറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണു പൊലീസ് നിഗമനം. 

ഇത്യോപ്യയിൽ ജോലിക്ക് അപേക്ഷിക്കാമെന്ന ഓൺലൈൻ പരസ്യം കണ്ടാണു തൃശൂർ, മലപ്പുറം അടക്കമുള്ള ജില്ലകളിൽനിന്നു യുവാക്കൾ അപേക്ഷ അയച്ചത്. പ്രതിമാസം 50,000 രൂപ ശമ്പളമായിരുന്നു വാഗ്ദാനം. ഡൽഹിയിൽ പ്രവർത്തിക്കുന്ന എയർ ലിങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു പരസ്യം. അപേക്ഷ അയച്ച എല്ലാവരോടും 75,000 രൂപ വീതം അയയ്ക്കാൻ ഇവർ ആവശ്യപ്പെട്ടു. ഷമീൻ ഷെയ്ഖ് എന്നു പരിചയപ്പെടുത്തിയ മലയാളി യുവാവായിരുന്നു ഇടപാടുകൾ നടത്തിയത്. ജോലിക്കുള്ള കരാറും വീസയും ഇമെയിൽ വഴി അയച്ച ശേഷം 50,000 ആദ്യ ഗഡുവായി നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. 

വിമാന ടിക്കറ്റ് അയച്ചശേഷം 25,000 രൂപ കൂടി വാങ്ങി. നെടുമ്പാശേരിയിൽനിന്നു മുംബൈയിലേക്കും അവിടെ നിന്ന് ഇത്യോപ്യയിലേക്കുമുള്ള ടിക്കറ്റാണ് അയച്ചത്. വിമാനത്താവളത്തിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ടിക്കറ്റും വീസയും വ്യാജമാണെന്നു കണ്ടെത്തിയത്. ഡൽഹിയിലെ സ്ഥാപനത്തിന്റെ ഓഫിസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പൂട്ടിപ്പോയെന്ന മറുപടിയാണു ലഭിച്ചത്. ഉദ്യോഗാർഥികൾക്കു സംശയം തോന്നാത്തവിധം വീസയും ടിക്കറ്റും വ്യാജമായി തയാറാക്കിയതെങ്ങനെയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com