പെരുമ്പിലാവ് ∙ കടവല്ലൂരിനോടു ചേർന്ന കോക്കൂർ പാടശേഖരത്തിൽ കൃഷി ചെയ്ത നെല്ല് കനത്ത മഴയിൽ വീണു. കൊയ്യാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണു നിലംപൊത്തിയത്. ബംഗാളിൽ നിന്നു കൊണ്ടുവന്ന ബിബി 11 എന്ന നെൽവിത്താണ് ഒന്നര ഏക്കർ സ്ഥലത്തു കൃഷി ചെയ്തത്. സാധാരണ നെൽച്ചെടികളേക്കാൾ ഉയരവും കരുത്തും കൂടുതലുണ്ട്.
ചെടികൾ തമ്മിൽ അകലം കുറവായതിനാൽ കൂടുതൽ ഉയരത്തിൽ വളർന്നതാണു വീഴാൻ കാരണമായത്. നല്ല കതിർക്കനവും മികച്ച വിളവും ലഭിച്ചതോടെ പരീക്ഷണം വിജയിച്ച ആഹ്ലാദത്തിലായിരുന്നു കർഷകർ. പകുതിയിലധികം നെല്ല് നശിച്ചതായി കർഷകർ പറഞ്ഞു. ബാക്കിയുള്ളതു കൊയ്തെടുക്കാനുള്ള ശ്രമത്തിലാണ്.