ഇരിങ്ങാലക്കുട ∙ പത്താം ക്ലാസിൽ പഠിക്കുന്ന അക്ബർ ഷായും ഒൻപതിൽ പഠിക്കുന്ന സഹോദരൻ അബിദ് അബ്ദുല്ലയും ഒരു വണ്ടിയുണ്ടാക്കി. കുട്ടികൾക്കു നിലത്തിരുന്ന് ഉരുട്ടിനടക്കാവുന്ന കളിപ്പാട്ട വണ്ടിയല്ല, 2 പേർക്കു സഞ്ചരിക്കാവുന്ന കിടിലനൊരു മോട്ടർ കാർ. ബാറ്ററിയിട്ടു സ്വിച്ച് അമർത്തിയാൽ മുന്നോട്ടു നീങ്ങുന്ന കുട്ടിവണ്ടിയല്ലിത്. ക്ലച്ചും ഗീയറും ആക്സിലേറ്ററുമൊക്കെ ഇവരുടെ വണ്ടിയിലുണ്ട്. ഓട്ടോയുടെ എൻജിൻ മുതൽ ഫ്രിജിന്റെ കംപ്രസർ വരെ ഇവരുടെ വണ്ടിക്കു വേണ്ടി രൂപംമാറി. മാപ്രാണം ഹോളിക്രോസ് എച്ച്എസ്എസിലെ വിദ്യാർഥികളാണ് അക്ബർ ഷായും (15) അബിദും (13).
കുട്ടിക്കാലത്തു തന്നെ ഇരുവരും കളിപ്പാട്ടങ്ങൾ പൊളിച്ചടുക്കി പുതിയ വണ്ടികൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. മോട്ടർ വാഹനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചു വർഷങ്ങൾ കൊണ്ടു പഠിച്ചു മനസ്സിലാക്കിയ ശേഷം 2 മാസം മുൻപാണു കാറിന്റെ നിർമാണം തുടങ്ങിയത്. ഓട്ടോറിക്ഷയുടെ എൻജിൻ ആയിരുന്നു പ്രധാന യന്ത്രഭാഗം. ഫ്രിജിന്റെ കംപ്രസർ വാഹനത്തിന്റെ സൈലൻസറാക്കി മാറ്റി. അടുക്കളയുടെ പഴയ വാതിൽ വണ്ടിയുടെ പ്ലാറ്റ്ഫോം ആയി. മേൽക്കൂര ഷീറ്റുകൾ ബോണറ്റായി.
വീട്ടിലും പരിസരത്തും ലഭിച്ച പലതരം പാഴ്‍വസ്തുക്കൾ തേച്ചുമിനുക്കി ‘പാർട്സു’കളാക്കി മാറ്റി. അബിദിന്റെ അമ്മയുടെ സഹോദരൻ ജലു ഹമീദിന്റെ വെൽഡിങ് മെഷീൻ ഉപയോഗിച്ച് അക്ബർ ഷാ തന്നെയാണു വെൽഡിങ് നടത്തിയത്. ഇലക്ട്രിക് ജോലികളും ഇവർ നിർവഹിച്ചു. വാഹന നിർമാണമെന്ന ഇവരുടെ ആശയം കേട്ടപ്പോൾ ആദ്യം ശങ്കിച്ചുവെന്ന് അക്ബർ ഷായുടെ പിതാവ് മാപ്രാണം ഏർവാടിക്കാരൻ ഷെഫീറും മാതാവ് കുളിർമ ബീവിയും പറയുന്നു. പിന്നീട് ഒപ്പം നിന്നു. ഷഫീറിന്റെ സഹോദരൻ ഷമീറിന്റെയും ജാസ്മിന്റെയും മകനാണ് അബിദ്.