ADVERTISEMENT

തൃശൂർ ∙ ‘ഒരു കൊല്ലമായി ഞാൻ തേങ്ങ വിൽക്കാറില്ല. തേങ്ങയിട‍ാനും പൊതിക്കാനും കൊപ്രയാക്കാനുമുള്ള ചെലവും അധ്വാനവും ദിവസവും കൂടുന്നതല്ലാതെ വരുമാനത്തിൽ മെച്ചമൊന്നുമില്ല. തേങ്ങ മുറ്റത്തുകിടന്നു നശിക്കുന്നതാ അൽപംകൂടി ഭേദം, വേറെ ചെലവൊന്നുമില്ലല്ലോ..’ അന്തിക്കാട് പടിയം അറയ്ക്കൽ സജീവ് എന്ന കർഷകന്റെ വാക്കുകളിൽ തെളിയുന്നതു കേരകർഷകരുടെ പൊതുവെയുള്ള ദുരവസ്ഥയാണ്.

60 തെങ്ങുകളിൽ നിന്നായി വിളവെടുത്തതും പൊഴിഞ്ഞുവീണതും ഉൾപ്പെടെ മൂവായിരത്തിലേറെ തേങ്ങ സജീവിന്റെ മുറ്റത്തു പലയിടത്തു കൂമ്പാരമായിക്കിടന്ന് ഉണങ്ങി നശിക്കുന്നു. പൊതിച്ചു, വെട്ടി വിൽക്കാൻ മെനക്കെട്ടാൽ അധ്വാനവും ധനനഷ്ടവുമാണു ഫലം. വെളിച്ചെണ്ണയ്ക്കു വിപണിയിൽ തീവിലയാണെങ്കിലും അസംസ്കൃത വസ്തുവായ തേങ്ങയ്ക്കു തുച്ഛവിലയാണിപ്പോഴും.

പൊതുവിപണിയിൽ 25 മുതൽ 28 രൂപ വരെയാണു കിലോഗ്രാമിനു വില. ഇടത്തരം വല‍ിപ്പമുള്ള പൊതിച്ച നാളികേരങ്ങൾ മൂന്നെണ്ണം ചേരുമ്പോഴാണു പലപ്പോഴും ഒരു കിലോ തികയുക. അതായത്, തേങ്ങ ഒന്നിനു ശരാശരി എട്ടോ ഒൻപതോ രൂപ മാത്രമാണു കർഷകന്റെ വരുമാനം. കേരഫെഡ് വഴി 32 രൂപയ്ക്കു പച്ചത്തേങ്ങ ഏറ്റെടുക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും തൃശൂർ അടക്കമുള്ള പല ജില്ലകളിലും സംഭരണം സജീവമായിട്ടില്ല.

സജീവിന്റെ വീട്ടുവളപ്പിൽ എൺപതോളം തെങ്ങുകൾ ഉണ്ടായിരുന്നെങ്കിലും ഇരുപതെണ്ണം വിവിധ രോഗങ്ങൾ ബാധിച്ചു നശിച്ചു. ബാക്കിയുള്ള തെങ്ങുകളിൽ നിന്നു മാസങ്ങളായി തേങ്ങയിടാറുമില്ല. നിലത്തു വീഴുന്നവ പെറുക്കിക്കൂട്ടുമെന്നു മാത്രം. ഉണക്കി കൊപ്രയാക്കാമെന്നു വിചാരിച്ചാൽ കാലാവസ്ഥ അനുകൂലമല്ല. മഴയുള്ള കാലാവസ്ഥയിൽ കൊപ്രയിൽ പൂപ്പൽ ബാധിക്കും. ഡ്രയർ അടക്കമുള്ള സംവിധാനം ഒരുക്കാൻ ചെറുകിട കർഷകർക്കു നിവൃത്തിയുമില്ല.

മണ്ഡരി ബാധിച്ച പ്രതീക്ഷകൾ

ചെലവ് എങ്ങനെ?

∙ ഒരേക്കറിൽ ശരാശരി 70 തെങ്ങ് വളരുന്നുവെന്നു കണക്കാക്കുക. തടമെടുക്കൽ, വളം ഇടീൽ, പറമ്പുകിള എന്നിവയ്ക്കു കൂലിച്ചെലവ്.
∙ തേങ്ങയിടാൻ തെങ്ങൊന്നിന് 40 രൂപ വരെയാണു കൂലിച്ചെലവ്. നാടൻ തെങ്ങുകളിൽ നിന്ന് എട്ടോ പത്തോ തേങ്ങയാകും ലഭിക്കുക.
∙ ഒരു തേങ്ങ പൊതിക്കാൻ കുറഞ്ഞത് 1 രൂപയാണു കൂലിച്ചെലവ്. 1.50 രൂപ വരെ വാങ്ങുന്നവരുണ്ട്. പെറുക്കിക്കൂട്ടാൻ ആളെ നിർത്തിയാൽ ദിവസക്കൂലി വേറെ.

∙ തേങ്ങ പൊട്ടിച്ചു വിൽക്കുകയോ കൊപ്രയാക്കുകയോ ചെയ്താൽ പിന്നെയും കൂലിച്ചെലവേറും.
∙ മില്ലുകളിലേക്കു വാഹനങ്ങളിൽ എത്തിക്കാനുള്ള വണ്ടിക്കൂലി ഇത‍ിനു പുറമെ.
∙ ആകെ ഒരേക്കറിന് 6000 രൂപ വരെ ചെലവാക‍ാം.

വരുമാനം എങ്ങനെ?

∙ പൊതിച്ച പച്ചത്തേങ്ങ കിലോയ്ക്ക് 25 മുതൽ 28 രൂപ വരെയാണു കർഷകനു ലഭിക്കുന്ന വില.
∙ തേങ്ങയൊന്നിനു ശരാശരി 8 രൂപ ലഭിക്കും.
∙ 45 ദിവസം കൂടുമ്പോൾ തേങ്ങയിടാമെന്നാണു കണക്കെങ്കിലും കൂലിച്ചെലവു കാരണം 3 മാസത്തിലൊരിക്കലാണ് ഇപ്പോൾ തേങ്ങയിടീൽ.

∙ ഒരേക്കറിൽ നിന്ന് ശരാശരി 800 മുതൽ 1000 തേങ്ങ വരെ ലഭിക്കാം.
∙ ഈ കണക്കുവച്ചു നോക്കിയാലും വരുമാനം 8000 മുതൽ 9000 വരെ മാത്രം.
∙ ചെലവു കിഴിച്ചു നോക്കിയാൽ 3 മാസത്തിനിടെ വരുമാനം ശരാശരി 2000 രൂപ മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com