പരിഹാസം ഏറ്റുവാങ്ങാത്ത ഒരു ദിവസം പോലും സ്കൂൾ ജീവിതത്തിൽ ഉണ്ടായിട്ടില്ല; മുച്ചുണ്ടിനെ അതിജീവിച്ച നൊമ്പരക്കഥ ഓർത്ത് ഋഷിരാജ്

സംഗമത്തിൽ നൃത്തം അവതരിപ്പിച്ച മിഷേലിനെ മുൻ ഡിജിപി ഋഷിരാജ് സിങ് അഭിനന്ദിക്കുന്നു. ഇരുവരും മുച്ചുണ്ട് ശസ്ത്രക്രിയയ്ക്കു വിധേയരായവരാണ്. സ്മൈൽ ട്രെയിൻ സംഘടനയുടെ പ്രസിഡന്റ് സൂസന്ന ഷഫർ സമീപം.
SHARE

തൃശൂർ ∙ ‘ഞാനും നിങ്ങളെപ്പോലെ ആയിരുന്നു. പക്ഷേ, നിങ്ങളെല്ലാം മുച്ചുണ്ട് എന്ന അവസ്ഥയെ ചെറുപ്രായത്തിൽ തന്നെ മറികടന്നവരാണ്. എന്റെ കാര്യം അങ്ങനെയല്ല. കൂട്ടുകാരുടെയൊക്കെ പരിഹാസം ഏറ്റുവാങ്ങി 17 വയസ്സുവരെ ഞാൻ ജീവിച്ചതു മുച്ചുണ്ടുമായാണ്..’ മുൻ ഡിജിപി ഋഷിരാജ് സിങ്ങിന്റെ വാക്കുകൾ കേൾവിക്കാരിൽ നൊമ്പരമുണർത്തി. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗജന്യ മുറിച്ചുണ്ട് ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ സംഗമത്തിലാണു ഋഷിരാജ് സിങ് വേദനിപ്പിക്കുന്ന ഭൂതകാലം ഓർത്തെടുത്തത്.

thrissur-reunion
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ മുച്ചുണ്ട് ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ സംഗമത്തിൽ നിന്ന്.

അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: ‘ഞാൻ ജനിച്ചു വളർന്ന രാജസ്ഥാനിൽ അന്നൊന്നും മുച്ചുണ്ടിനു ശരിയായ ചികിത്സയുണ്ടായിരുന്നില്ല. 1977ൽ ആണു ചണ്ഡിഗഡിലെ ഒരു ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം തുടങ്ങിയത്.  ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നെടുക്കുന്ന മാംസം മുഖത്തു തുന്നിച്ചേർക്കുന്നതായിരുന്നു അന്നത്തെ രീതി. വലിയ അപകടസാധ്യതയുള്ള ശസ്ത്രക്രിയയാണെന്ന് അന്നു ഡോക്ടർ പറഞ്ഞു.

പക്ഷേ, ഞാൻ ഡോക്ടറോടു പറഞ്ഞു – എനിക്ക് ഈ വൈകല്യവുമായി ഇനിയും ജീവിക്കാൻ കഴിയില്ല, പരിഹാസം ഏറ്റുവാങ്ങാത്ത ഒരു ദിവസം പോലും എന്റെ സ്കൂൾ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അങ്ങനെയാണ് അന്നു ഞാൻ മുച്ചുണ്ടിനെ അതിജീവിച്ചത്. ഇതുവച്ചു നോക്കുമ്പോൾ നിങ്ങളെല്ലാം ഭാഗ്യവാന്മാരാണ്, ചെറുപ്രായത്തിൽ തന്നെ ഈ പ്രയാസം മറികടക്കാൻ കഴിഞ്ഞല്ലോ’ – ഋഷിരാജ് സിങ് പറഞ്ഞു.

ശസ്ത്രക്രിയയ്ക്കു വിധേയരായ കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ ആയിരത്തോളം പേർ സംഗമത്തിൽ പങ്കെടുക്കാനെത്തി. ശസ്ത്രക്രിയയ്ക്കു സഹായമേകുന്ന സ്മൈൽ ട്രെയിൻ സംഘടനയുടെ സഹകരണത്തോടെയായിരുന്നു സംഗമം. സ്മൈൽ ട്രെയിൻ പ്രസിഡന്റ് സൂസന്ന ഷഫർ, ഏഷ്യൻ പ്രതിനിധി മംമ്ത കാരൾ എന്നിവർ സന്നിഹിതരായി.

ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻ കുര്യൻ അധ്യക്ഷത വഹിച്ചു. സിഇഒ ഡോ. ബെന്നി ജോസഫ്, വകുപ്പുമേധാവി ഡോ. പി.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു. മ‍ുച്ചുണ്ട് ശസ്ത്രക്രിയകളിലൂടെ പതിനായിരങ്ങൾക്കു സൗഖ്യം നൽകിയ ഡോ. എച്ച്.എസ്. ഏഡൻവാലയുടെ സൗമ്യസാന്നിധ്യമായി ഭാര്യ ഗുൽനാർ ഏഡൻവാല, മക്കളായ മെഹർ വർഗീസ്, ഫിർദൗസ് ഏഡൻവാല എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS