ADVERTISEMENT

ദുബായിലെ ജോലി നഷ്ടപ്പെട്ടിട്ടും ജീവിതത്തിന്റെ മധുരം ഒട്ടും കുറയാതിരിക്കാൻ ഉയരങ്ങളിലെ തേനടകൾ ഇളക്കി തേനെടുക്കുന്ന സാഹസിക ജോലി ചെയ്യുന്ന ലിനേഷ്.

തൃശൂർ ∙ ഏതു പ്രതിസന്ധിയിലും വരാക്കര അന്തിക്കാടൻ വീട്ടിൽ ലിനേഷിന്റെ മനസ്സിൽ മൂളുന്നൊരു മന്ത്രമുണ്ട്– ‘ബീ +ve’. ദുബായിൽ 10 വർഷം മെക്കാനിക്കൽ ഫിറ്റർ. തരക്കേടില്ലാത്ത ജോലിയും ശമ്പളവും. കാനഡയിലേക്കു ജോലി മാറുന്നതിനു മുന്നോടിയായി 2014ലാണ് നാട്ടിലെത്തിയത്. റിക്രൂട്ടിങ് ഏജൻസിയുടെ തട്ടിപ്പിന് ഇരയായപ്പോൾ കുറേ പണവും ജോലിയും പോയി. ആരായാലുമൊന്നു തളർന്നു പോകും. പണ്ട് ഊരിവച്ച മെക്കാനിക്കൽ ഫിറ്ററുടെ യൂണിഫോം തേനീച്ചയെ പ്രതിരോധിക്കാനുള്ള സുരക്ഷാ കവചമാക്കി, മനസ്സ് മന്ത്രിച്ചു:

ബീ പോസിറ്റീവ്. അവിടുന്നങ്ങോട്ട് തേനും തേനീച്ചയും ലിനേഷിന്റെ കുടുംബത്തിന്റെ ഐശ്വര്യമായി. കാട്ടുതേനീച്ചയെ കൊല്ലാതെ തന്നെ കൂടിളക്കി തേനെടുത്തു നൽകുന്ന ചുരുക്കം ആളുകളിൽ ഒരാളാണ് ലിനേഷ്. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലായി നൂറോളം ഇടങ്ങളിൽ സാഹസികമായി കയറിയും തൂങ്ങി നിന്നുമെല്ലാം കൂടിളക്കി ലിനേഷ് തേനീച്ചയെ ഒഴിപ്പിച്ചിട്ടുണ്ട്.

ബീ കെയർഫുൾ

ദേഹത്ത് ഒറ്റമുണ്ട് മാത്രമേ കാണൂ. ചുണ്ടത്തൊരു ബീഡിയും പുകച്ച് വല്യപ്പൻ ലോനപ്പൻ എവിടെയും ഏന്തിവലിഞ്ഞു കയറും. ഒരീച്ചയെ പോലും കൊല്ലാതെ തേനെടുത്ത് തിരിച്ചിറങ്ങും. ഒരു കുത്തു പോലും ഏൽക്കാറില്ല. ഇനി ഏറ്റാൽ തന്നെ വല്യപ്പനത് പുല്ലാണ്. ആ ആരാധനയോടെ ഒരിക്കൽ മരത്തിൽ നിന്നൊരു കൂടിളക്കി തിരിച്ചിറങ്ങുന്നതു കണ്ട് വല്യപ്പച്ചൻ പറഞ്ഞു: ‘നല്ല പരിപാടിയൊക്കെ ആണ്.

സൂക്ഷിച്ചില്ലേൽ പണി കിട്ടും’. വിദേശജോലി പോയശേഷം 2018–ൽ പുണെയിൽ നിന്ന് തേനീച്ച വളർത്തലിൽ പരിശീലനം നേടി. പിന്നീടങ്ങോട്ട് കൂടിളക്കൽ ഒരു തൊഴിലായി സ്വീകരിച്ചു. വിദേശത്തെ ഫിറ്റർ യൂണിഫോമിട്ടു കയറും. റിസ്കിന് അനുസരിച്ചു പ്രതിഫലവും വാങ്ങും. പാലക്കാട് തെങ്ങിൽ മുകളിൽ നിന്ന് നീക്കിയ 2 മീറ്റർ നീളമുള്ള കൂടാണ് ഇതുവരെ ഒഴിപ്പിച്ചതിലെ ഭീമൻ കൂട്.

കൂറ്റൻ കെട്ടിടങ്ങളുടെ ടെറസിൽ കയറി കയർ കോണി വഴി താഴോട്ട് തൂങ്ങിയിറങ്ങിയും കൂടിളക്കാറുണ്ട്. മാസങ്ങൾക്കു മുൻപ് വിയ്യൂർ അതിസുരക്ഷാ ജയിലിലെ കാഞ്ഞിരമരത്തിന്റെ 20അടി മുകളിൽ നിന്ന് ഇളക്കിയത് ഒരു മീറ്റർ നീളമുള്ള കൂടാണ്. വരാക്കര ഉണ്ണിമിശിഹാ പള്ളിയിൽ നിന്നു നീക്കിയ തേനടയിൽ നിന്നു ശേഖരിച്ചത് 6 കിലോ തേൻ.

കുത്തിയാലും വിടില്ല

ആദ്യമായി തേനീച്ചക്കുത്തിന്റെ കാഠിന്യം അറിഞ്ഞത് തൃശൂർ മണ്ണുത്തിയിൽ നിന്നാണ്. തെങ്ങിൻതലപ്പിലെ കൂടിളക്കാൻ കയറിയപ്പോൾ ഈച്ചകൾ തലങ്ങും വിലങ്ങും കുത്തിയിറക്കി. അൻപതോളം കുത്തേറ്റു. കുറച്ചുനേരം തെങ്ങിൻചോട്ടിൽ ഇരുന്ന ശേഷം പിന്നീടു വരാമെന്നേറ്റ് മടങ്ങി. ശരീരമാകെ നീരുവച്ചു വീർത്തിരുന്നു. നാലഞ്ച് ദിവസത്തിനു ശേഷം വീണ്ടുമെത്തി അതേ കൂടിളക്കി പകരം വീട്ടി.

‘ബീ’ ഹ്യൂമൻ

പച്ചിലകളും ചകിരിയും തൂവലുമെല്ലാം ചേർത്ത് സ്മോക്കർ വഴി പുകച്ചാണ് കൂടിളക്കുന്നത്. പുകയേറ്റാൽ ഈച്ചയ്ക്ക് അനസ്തീസിയ പോലെ ആണ്. അവയെ കൈകൊണ്ട് മാറ്റും. അട (അറകളോടെയുള്ള കൂട്) മാറ്റിയ ശേഷം മരത്തിലാണെങ്കിൽ ആ ഭാഗത്ത് വേപ്പെണ്ണയും കെട്ടിടങ്ങളിൽ രാസവസ്തുവും പൂശും.

പണ്ട്, വരാക്കര പയ്യാക്കരയിൽ മലയന്മാർ വന്ന് അഞ്ചെട്ട് കൂട് കത്തിച്ച് തേൻ എടുത്തത് ഇപ്പോഴും ലിനേഷിന്റെ ഓർമയിലുണ്ട്. കൂട് മുച്ചൂടും അവർ കത്തിച്ചു. കരിഞ്ഞ് മരത്തിനു താഴെ ചത്തുകിടന്ന തേനീച്ചകളുടെ നൊമ്പരക്കാഴ്ച. അന്നേ ഒരു തീരുമാനമെടുപ്പിച്ചു: ‘എത്ര കുത്തിയാലും അറിഞ്ഞുകൊണ്ട് ഒരീച്ചയെ പോലും കൊല്ലില്ല.’ – ലിനേഷിന്റെ നമ്പർ – 9946039931.

തേനൂറും കൗതുകം: മടിയനും വേലക്കാരിയും

3 തരം ഈച്ചകളാണ് ഒരു കൂട്ടിലുള്ളത് – റാണി, ആൺ ഈച്ച (മടിയൻ ഈച്ച), വേലക്കാരി ഈച്ച. കൂട്ടിൽ മുട്ട, പൂമ്പൊടി, തേൻ എന്നിവയ്ക്ക് പ്രത്യേകം അറയുമുണ്ട്. ഒരു കൂട്ടിൽ ഒരു റാണിയെ ഉണ്ടാകൂ. വേലക്കാരി, ആൺ ഈച്ചകൾക്കു ശരാശരി 4 മില്ലിമീറ്റർ നീളമുണ്ടെങ്കിൽ റാണിയുടെ ശരാശരി നീളം 10 മില്ലിമീറ്റർ ആണ്. വേലക്കാരി ഈച്ചകളുടെ ശരീരസ്രവമായ റോയൽ ജെല്ലിയാണ് റാണിയുടെ ഭക്ഷണം.

റാണിക്കുള്ള ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതും പുറത്തുപോയി തേൻ സംഭരിക്കുന്നതും അടകൾ നിർമിക്കുന്നതുമെല്ലാം വേലക്കാരി ഈച്ചകളുടെ ജോലിയാണ്. ഇവയ്ക്കു പ്രത്യുൽപാദന ശേഷിയില്ല. പ്രത്യുൽപാദന കർമം മാത്രമാണ് ആണീച്ചയുടെ ധർമം. കൂടിന് റാണിയെ നഷ്ടപ്പെട്ടാൽ, അവസാനം മുട്ട വിരിഞ്ഞിറങ്ങിയ ലാർവകളെ വേലക്കാരി ഈച്ചകൾ റോയൽ ജെല്ലി നൽകി ഊട്ടിവളർത്തി വലുതാക്കുകയും വംശം നിലനിർത്തുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com