ADVERTISEMENT

ചേർപ്പ് ∙ ആറാട്ടുപുഴ പാലത്തിനു സമീപം കരുവന്നൂർ പുഴയിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തൊട്ടിപ്പാൾ വിളക്കത്തല സുരേഷിന്റെ മകനും പറപ്പൂക്കര സെന്റ് ജോൺസ് സെൻട്രൽ സ്കൂൾ 8-ാം ക്ലാസ് വിദ്യാർഥിയുമായ ഗൗതം കൃഷ്ണയാണ് മരിച്ചത്.  വൈകിട്ട് 4.15 നാണ് ഗൗതം സുഹൃത്ത് അഭിഷേകുമൊത്ത് പുഴയിലെത്തിയത്. നീന്തൽ വശമില്ലാത്ത ഗൗതം ഒഴുക്കിൽപ്പെടുകയായിരുന്നു.

ഗൗതംകൃഷ്ണ
ഗൗതംകൃഷ്ണ

അഭിഷേകിന്റെ കരച്ചിൽകേട്ട് സമീപത്ത് ഉണ്ടായിരുന്നവരും വഞ്ചിക്കാരും എത്തിയപ്പോഴേക്കും ഗൗതം താഴ്ന്നുപോയിരുന്നു. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ സ്കൂബാ ടീം എത്തി രാത്രിയാണ് മൃതദേഹം പുറത്തെടുത്തത്.  കടവിന്റെ 10 മീറ്റർ മാറിയായിരുന്നു മൃതദേഹം. അമ്മ: ശ്രീജി. സഹോദരൻ: ഗോകുൽ കൃഷ്ണ.

ഒരിക്കൽ വിലക്കി, പിന്നെയും എത്തി ദുരന്തത്തിലേക്ക്

ചേർപ്പ് ∙ ഗൗതം കൃഷ്ണയും സുഹൃത്തും ഏതാനും ദിവസം മുൻപും അപകടം സംഭവിച്ച കടവിൽ എത്തിയിരുന്നതായി പരിസരവാസികൾ പറയുന്നു. ഇവർ കുളിക്കാൻ ഇറങ്ങിയ ഭാഗത്ത് മുട്ടിനൊപ്പമേ വെള്ളം ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒഴുക്ക് ശക്തമാണെന്ന് നാട്ടുകാർ പറയുന്നു. അന്ന് പുഴയിൽ കുളിക്കാനൊരുങ്ങിയ ഇവരെ കണ്ട സമീപത്തെ വീട്ടമ്മ, പുഴയിൽ ഇറങ്ങരുതെന്ന് പറഞ്ഞിരുന്നു. ഇന്നലെ ഗൗതം ഒഴുക്കിൽപ്പെടുമ്പോൾ വഞ്ചിയിൽ മീൻ പിടിക്കുന്നവർ പുഴയിൽ സമീപത്തുതന്നെയുണ്ടായിരുന്നെങ്കിലും ഇവർ എത്തുമ്പോഴേക്കും ഗൗതം മുങ്ങിത്താഴ്ന്നിരുന്നു.

ഇപ്പോൾ അപകടം സംഭവിച്ചതിന്റെ എതിർവശത്ത് മന്ദാരംകടവിൽ കാൽ കഴുകാനിറങ്ങിയ ആറാട്ടുപുഴ സ്വദേശികളായ 2 വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചിട്ട് അധികകാലമായിട്ടില്ല. നിറയെ ചുഴികളുള്ള മന്ദാരംകടവ് ഇപ്പോഴും അപകടാവസ്ഥയിലായതിന്നാൽ കുളിക്കാനെത്തുന്ന വിദ്യാർഥികളെ നാട്ടുകാർ വിലക്കുന്നുണ്ട്. അപ്പോഴാണ് പുഴയുടെ മറുവശത്ത് ദുരന്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com