തൃശൂർ ∙ ജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതലായി വേണ്ടത് മനുഷ്യത്വമാണെന്നും സർഗവാസനകളെ പോഷിപ്പിക്കുന്നതു വഴി ഉദ്യോഗസ്ഥരെ കൂടുതൽ മനുഷ്യത്വമുള്ളവരാക്കി മാറ്റാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന റവന്യു വകുപ്പ് കലോത്സവം ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ നൈപുണിയെ നാടിന്റെ സാംസ്കാരികമായും സാമ്പത്തികമായും ഉള്ള മുന്നേറ്റത്തിന് ഉപയോഗിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻമാരാർ, സത്യൻ അന്തിക്കാട്, വിദ്യാധരൻ, ഹരിശ്രീ അശോകൻ, ടി.ജി.രവി, ഐ.എം.വിജയൻ, ബി.കെ.ഹരിനാരായണൻ, എംഎൽഎമാർ, കലക്ടർ ഹരിത വി.കുമാർ, ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ജെറോമിക് ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ ഭാരവാഹികൾ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി വിളംബര ഘോഷയാത്രയിൽ വിവിധ ജില്ലകളിൽ നിന്നുള്ള ജീവനക്കാർ അണി ചേർന്നു. തേക്കിൻകാട്, റീജനൽ തിയറ്റർ, ടൗൺ ഹാൾ, സിഎംഎസ് സ്കൂൾ എന്നിവിടങ്ങളിലായാണ് വേദികൾ തയാറാക്കിയിരിക്കുന്നത്. രചനാ മത്സരങ്ങൾ സിഎംഎസ് സ്കൂളിൽ നടക്കും. മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, മാപ്പിളപ്പാട്ട്, ഒപ്പന, നാടകം, ഉപകരണ സംഗീതം എന്നിവയിലാണ് ഇന്നത്തെ പ്രധാന മത്സരങ്ങൾ. കലോത്സവം നാളെ സമാപിക്കും.