ADVERTISEMENT

പുതുക്കാട് ∙ പുതുക്കി പണിയുന്നതിന്റെ ഭാഗമായി പഴയ സെന്റ് ആന്റണീസ് ഫൊറോന പള്ളി പൊളിച്ചപ്പോൾ തെക്കേത്തൊറവ് തുറവിൽ വീട്ടിൽ സുനിജ് കുമാർ ആ ദേവാലയം മനസ്സിൽ പ്രതിഷ്ഠിച്ചു. പിന്നെയത് ഈർക്കിൽ ഉപയോഗിച്ചു പുനഃസൃഷ്ടിച്ചു. ഒരു പള്ളി നിർമിക്കുന്ന പവിത്രതയോടെ 10 വർഷമെടുത്തായിരുന്നു അത്.10 വർഷത്തോളം മത്സ്യ മാംസാഹാരങ്ങൾ ഉപേക്ഷിച്ചും താടിയും മുടിയും വെട്ടിയൊതുക്കാതെയും നിരന്തരം പ്രാർഥിച്ചു കൊണ്ട് തപസ്സു പോലെയാണ് നിർമാണത്തിലേർപ്പെട്ടതെന്നു സുനിജ് പറഞ്ഞു.

പള്ളിയിൽ സ്ഥാപിക്കാനുള്ള അൾത്താരയും കുരിശുകളും പുരോഹിതരെക്കൊണ്ട് ആശീർവദിച്ചാണ് പള്ളിയുടെ ചെറു മാതൃകയിൽ സ്ഥാപിച്ചിരിക്കുന്നത്. പള്ളിയുടെ അകവും പുറവും തൂണുകളും അൾത്താരയും എല്ലാം ഒട്ടും വ്യത്യാസമില്ലാതെ നിർമിച്ചു. നാലര അടിയോളം നീളവും രണ്ടര അടിയോളം ഉയരവും മൂന്നടിയോളം വീതിയുമുള്ളതാണു സുനിജ് നിർമിച്ച പള്ളി. തെങ്ങിൻപട്ട വെട്ടിയെടുത്ത് പച്ച ഈർക്കിൽ മിനുസപ്പെടുത്തി ഉണക്കിയെടുത്ത് നിറവും നീളവും അനുസരിച്ചു തരംതിരിച്ചു വയ്ക്കും. പിന്നീട് അവ ഫെവികോൾ ഉപയോഗിച്ച് ഒട്ടിച്ചാണു നിർാമണം.

ദേവാലയത്തിനകത്തെ ചിത്രപ്പണികളും വസ്തുക്കളുമെല്ലാം ഈർക്കിൽ ഉപയോഗിച്ചുതന്നെ ഒരുക്കി. യേശുവിന്റെ മുൾക്കിരീടമണിഞ്ഞ മുഖവും പരിശുദ്ധാത്മാവിന്റെ രൂപവും ഭിത്തികളിൽ ഒരുക്കിയിരിക്കുന്നു. തറയിലെ രൂപസവിശേഷതകൾ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ഒരുക്കിയിട്ടുണ്ട്. കോവിഡ് കാലം തുടങ്ങിയതോടെ ജോലിക്കു പോകാതെ മുഴുവൻ സമയവും ഈ ശിൽപ നിർമാണത്തിനുമാറ്റിവച്ചു. ഇക്കാലത്ത് ആവശ്യമായ പണവും മറ്റും നൽകി സഹായിച്ചത് സഹോദരൻ സുനീഷും തന്റെ സഹോദരിമാരുമാണെന്ന് സുനീജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com