ADVERTISEMENT

തൃശൂർ ∙ കോവിഡ് കാലത്ത് ഓട്ടം നിർത്തിയ 2 ട്രെയിനുകൾ കൂടി പുനരാരംഭിക്കാൻ തീരുമാനമായത് തൃശൂർ മേഖലയിലെ യാത്രക്കാർക്ക് ആശ്വാസമായി. കോയമ്പത്തൂർ – തൃശൂർ (56605), കോഴിക്കോട് – തൃശൂർ (56664) പ്രതിദിന പാസഞ്ചർ ട്രെയിനുകളാണു വീണ്ടും ട്രാക്കിലെത്തുന്നത്. ഇതുസംബന്ധിച്ചു റെയിൽവേ ബോർഡ് സതേൺ റെയിൽവേക്ക് അനുമതി നൽകി. ഉത്തരവ് ഉടൻ പുറത്തിറങ്ങും. മുൻപുണ്ടായിരുന്നതുപോലെ കോഴിക്കോട്ടു നിന്നും കോയമ്പത്തൂരിൽ നിന്നും തൃശൂർ വരെ ഒറ്റവണ്ടി ഓടിക്കുന്ന രീതിയിലായിരിക്കില്ല ഈ ട്രെയിന‍ുകളുടെ യാത്ര.

പുതിയ തീരുമാനപ്രകാരം രണ്ടു വണ്ടികളും ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. പകരം ഷൊർണൂരിൽ നിന്നു തൃശൂരിലേക്കു തുടർയാത്രയ്ക്കായി മറ്റൊരു ട്രെയിൻ ഓടും. ഷൊർണൂർ – തൃശൂർ എക്സ്പ്രസ് സ്പെഷൽ (06461) എന്ന പേരിലാകും പുതിയ ട്രെയിൻ. ഉടൻ ആരംഭിക്കുന്ന കോയമ്പത്തൂർ – ഷൊർണൂർ എക്സ്പ്രസ് ട്രെയിനിന് അനുബന്ധ സർവീസ് എന്ന നിലയ്ക്കാകും യാത്ര. ജൂലൈ 3നു പുതിയ വണ്ടി ഓട്ടം തുടങ്ങും. രാത്രി 10.10നു ഷൊർണൂരിൽ നിന്നു പുറപ്പെട്ടു 11.10നു തൃശൂരിലെത്തും.

കോഴിക്കോട് – ഷൊർണൂർ ട്രെയിനിന് അനുബന്ധ സർവീസ് ആയി മറ്റൊരു പാസഞ്ചർ ട്രെയിൻ കൂടി ഷൊർണൂർ – തൃശൂർ (56665) റൂട്ടിലോടും. മടക്കയാത്രയിൽ ഈ ട്രെയിൻ തൃശൂരിൽ നിന്നു കോഴിക്കോട് വരെ സർവീസ് നടത്തും. സമയക്രമം സംബന്ധിച്ച അന്തിമ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. ഇതോടെ, തൃശൂർ ഭാഗത്തെ യാത്രക്കാരുടെ യാത്രാദുരിതത്തിനു വലിയ ആശ്വാസമാകും. കോവിഡ് കാലത്തു നിലച്ച സർവീസുകളിൽ തൃശൂർ – ഗുരുവായൂർ പാസഞ്ചർ മാത്രമാണ് ഇനിയും പുനരാരംഭിക്കാനുള്ളത്. വൈകിട്ടു ഗുരുവായൂരിൽ നിന്നു തൃശൂരിലേക്കും തിരിച്ചുമുള്ള ഈ ട്രെയിൻ കൂടി ഉടൻ പുനരാരംഭിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com