ADVERTISEMENT

പാമ്പുതല്ലി വടി, അടപ്പുള്ള അലക്കുകല്ല്, കാലുരക്കല്ല്.. ഇതൊക്കെ എന്താണെന്ന് നിശ്ചയമുണ്ടോ? ഇക്ബാലിന്റെ കടയിൽ വിൽക്കുന്ന അപൂർവ സാധനങ്ങളിൽ ചിലതാണിവ..

തൃശൂർ ∙ ചെറിയ ഉള്ളിയും ചുട്ട ചുവന്ന മുളകും പുളിയും ഉള്ളിയും വെളിച്ചെണ്ണ കൂട്ടി ചട്ടുകം കൊണ്ടു ചതച്ചു ചമ്മന്തിയുണ്ടാക്കാൻ ഒരു പ്രത്യേക മരപ്പലക വേണം. അതാണു ചമ്മന്തിപ്പലക. പണ്ടുകാലത്തു മിക്ക ദിവസവും കഞ്ഞിയായിരുന്നു പ്രധാന ഭക്ഷണം എന്നതിനാൽ ചമ്മന്തിപ്പലകയില്ലാത്ത വീടുകൾ അപൂർവമായിരുന്നു. പഴയ ചമ്മന്തിയുടെ സ്വാദ് വീണ്ടും നുണയണമെങ്കിൽ ചമ്മന്തിപ്പലക നിർബന്ധം. അതന്വേഷിച്ചു നടക്കുന്നവരെയാണ് ഇക്ബാൽ കാത്തിരിക്കുന്നത്. ബാപ്പ മുളംപറമ്പിൽ സെയ്തു മുഹമ്മദും ഇങ്ങനെയായിരുന്നു.

മതിലകത്തിനും ചെന്ത്രാപ്പിന്നിക്കുമിടയിൽ പുതിയകാവിലുള്ള കൊടുംവളവിലാണ് ഇക്ബാലിന്റെ എംകെഎസ് സ്റ്റോഴ്സ് എന്ന കട. 70 വർഷം മുൻപു ബാപ്പ തുടങ്ങിയതാണീ സ്ഥാപനം. പലചരക്കു കടയായാണ് തുടങ്ങിയതെങ്കിലും പിന്നീടത് അപൂർവ സാധനങ്ങളുടെ കടയായി. പാമ്പിനെ കാണുമ്പോൾ അതിനെ പേടിപ്പിക്കാനെങ്കിലും കയ്യിലൊരു വടി വേണമെന്നു തോന്നാറില്ലേ. എത്രകാലം സൂക്ഷിച്ചാലും കേടുവരാത്തൊരു പാമ്പുതല്ലി വടിയുണ്ട്. ചൂരൽ കൊണ്ടുള്ള ഈ വടി ഇക്ബാലിന്റെ കടയിൽ കിട്ടും.

പാമ്പിനെ നേരിടേണ്ടവരും രാഷ്ട്രീയക്കാരും മാത്രമാണീ വടി കൊണ്ടുപോകുക. കൊടി കെട്ടാനും അതുപയോഗിച്ചു തന്നെ എതിരാളികളെ നേരിടാനും രാഷ്ട്രീയക്കാർ പാമ്പുതല്ലി വടി ഉപയോഗിക്കുന്നു. ഇത്തരം അപൂർവ സാധനങ്ങളുടെ ശേഖരമാണീ കട. അടച്ചു വയ്ക്കാവുന്ന അലക്ക്ക്കല്ല്, പെട്ടിയിലാക്കി കൊണ്ടുപോകാവുന്ന ചെറിയ അരകല്ല്, കാൽ ഉരച്ചു കഴുകാനുള്ള കല്ല്, ആവണിപ്പലക, കയർ ചുറ്റിയ മുളയുടെ പുട്ടുകുറ്റി, മരത്തിന്റെ കടകോൽ, ബിരിയാണി ഇളക്കാനുള്ള വലിയ മരച്ചട്ടുകം, കയറു കൊണ്ടുള്ള ഉറി,

പാത്രങ്ങൾ മറിയാതെ വയ്ക്കാനുള്ള തെരിക, തൊപ്പിക്കുട, ഓലക്കുട, പരന്ന വലിയ ഈർക്കിലിച്ചൂൽ, മണ്ണിന്റെയും ചില്ലിന്റെയും ഭരണികൾ.. അങ്ങനെ പലതും. പലതരം കുട്ടകളുടെ നിര വേറെ. ചോറ്റുകുട്ടകൾ, നെല്ലളക്കാ‍ൻ പറയിലേക്കു നെല്ലു ചൊരിയുന്ന കുട്ടകൾ തുടങ്ങിയവയാണിവ. സമോവറിനൊപ്പമുള്ള ചായ സഞ്ചി, ഓടു താങ്ങി എന്ന പേരിലറിയപ്പെടുന്ന പാമ്പുപോലുള്ള കമ്പി, അറക്കപ്പൊടി ഇട്ടു കത്തിക്കുന്ന അടുപ്പ്, കൈച്ചിരവ, പലതരം മരച്ചിരവ എന്നിങ്ങനെ പലതും തേടി ഇവിടെ ആളുകളെത്തുന്നു.

വിവാഹ സീസൺ വരുന്നതോടെയാണു അരി വാർക്കുന്ന കുട്ട തേടി ആളുകൾ എത്തുന്നത്. മുടിയോ മറ്റോ വീണു പോയാലും വാർക്കുമ്പോൾ അതു കുട്ടയിൽ തങ്ങുമെന്നതാണു മെച്ചം. മിക്ക കാർഷിക ഉപകരണങ്ങളും ഇവിടെയുണ്ട്. 70 വർഷമായി ഇവിടെ സ്ഥിരമായി കുട്ടയും കാർഷിക ഉപകരണവും ഉണ്ടാക്കി എത്തിച്ചു കൊടുക്കുന്നവരുണ്ട്. കൈത്തൊഴിലുമായി ജീവിക്കുന്ന ഒരുപാടു പേരുടെ അത്താണി കൂടിയാണീ കട. 80861 35775.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com