ഭൂമിയളക്കാൻ 6,000 രൂപ കൈക്കൂലി, സർവേയർ കയ്യോടെ വിജിലൻസ് പിടിയിൽ

എം.വി. അനിരുദ്ധൻ
എം.വി. അനിരുദ്ധൻ
SHARE

തൃപ്രയാർ ∙ ഭൂമിയളന്നു തിട്ടപ്പെടുത്താൻ 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സർവേയർ എം.വി. അനിരുദ്ധനെ വിജിലൻസ് അറസ്റ്റ് ചെയ്തു. നാട്ടിക മൂത്തകുന്നം ബീച്ച് ചെറുകരയിൽ പരേതനായ ബാലകൃഷ്ണന്റെ മകൾ ദിവ്യയിൽ നിന്നാണ് അനിരുദ്ധൻ പണം ആവശ്യപ്പെട്ടത്. കുടുംബസ്വത്തായി ലഭിച്ച ഭൂമി അളക്കാൻ കൈക്കൂലിയായി 8,000 രൂപ കൈപ്പറ്റുകയും പിന്നീട് 6,000 രൂപ കൂടി അധികമായി ആവശ്യപ്പെടുകയും ചെയ്തതോടെ ദിവ്യ വിജിലൻസിന് ഇ–മെയിൽ വഴി പരാതി നൽകുകയായിരുന്നു.

ചണ്ഡിഗഡിൽ നഴ്സിങ് ഓഫിസറായ ദിവ്യയ്ക്കു കുടുംബസ്വത്തായി ലഭിച്ച ഭൂമിയുടെ പേരിൽ അവകാശത്തർക്കം നിലനിന്നിരുന്നു. കോടതി നിർദേശപ്രകാരം ഭൂമിയളന്നു തിട്ടപ്പെടുത്താൻ ചാവക്കാട് താലൂക്ക് സർവേയറായ അനിരുദ്ധനെ ചുമതലപ്പെടുത്തി. ഭൂമിയളക്കൽ പല പ്രാവശ്യം മാറ്റിവച്ചു ബുദ്ധിമുട്ടിച്ച ശേഷം ജനുവരി 8നു സർവേയർ പരിശോധനയ്ക്കെത്തി. 40 സെന്റ് ഭൂമി അളന്ന ശേഷം 8,000 രൂപ കൈക്കൂലി വാങ്ങി.

ഈ പറമ്പിനരികിലെ 35 സെന്റ് ഭൂമി കൂടി അളക്കേണ്ടിയിരുന്നെങ്കിലും സമയമില്ലെന്നു പറഞ്ഞു മടങ്ങിപ്പോയി. മേയ് 10നു ബാക്കി അളന്നു തരാമെന്നായിരുന്നു വാഗ്ദാനം. ചണ്ഡിഗഡിലെ ജോലിസ്ഥലത്തേക്കു മടങ്ങിയ ദിവ്യ, മേയ് 9നു നാട്ടിലേക്കു പുറപ്പെടാൻ തുടങ്ങുമ്പോൾ അനിരുദ്ധൻ വീണ്ടും വിളിച്ച് ഭൂമിയളക്കലിനെത്താൻ കഴിയില്ലെന്നറിയിച്ചു. 6,000 രൂപയുമായി വന്നാൽ അളന്നുതരാമെന്നും പറഞ്ഞു.

ഇതോടെയാണു വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നൽകിയ 6,000 രൂപയാണു ഭൂമിയളക്കലിനു ശേഷം ദിവ്യ അനിരുദ്ധനു നൽകിയത്. ഡിവൈഎസ്പി പി.എസ്. സുരേഷ്, ഇൻസ്പെക്ടർമാരായ സുനിൽകുമാർ, സുനിൽദാസ്, എസ്ഐമാരായ ജയകുമാർ, ദിനേശൻ, പീറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കയ്യോടെ പിടികൂടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS