ADVERTISEMENT

കയ്പമംഗലം ∙ വീട്ടിൽ വളർത്തിയ നായ്ക്കുട്ടിയുടെ കടിയേറ്റയാൾ പേവിഷബാധ മൂലം മരിച്ചു. പെരിഞ്ഞനത്ത് കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണിക്കൃഷ്ണനാണ് (60) ഇന്നലെ വൈകിട്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. 3 മാസം മുൻപാണ് ഇദ്ദേഹത്തിന് നായയുടെ കടിയേറ്റത്. തെരുവിൽ നിന്നു വീട്ടിലെത്തിയ 4 മാസത്തോളം പ്രായമുള്ള നായ്ക്കുട്ടിയെയാണ് ഇവർ വളർത്തിയത്.

കടിച്ചെങ്കിലും നായ്ക്കുട്ടി ആയതിനാൽ സാരമായി എടുത്തില്ല. കുത്തിവയ്പ് എടുത്തില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. നായ പിന്നീട് ചത്തു. ഏതാനും ദിവസം മുൻപ് പനി തുടങ്ങി. വെള്ളം കുടിച്ചപ്പോൾ അസ്വസ്ഥത തോന്നിയതോടെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചു. ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമാകുകയായിരുന്നു. ഉച്ചയോടെ മരിച്ചെന്ന വിവരം പ്രചരിച്ചു. സംസ്കാര ചടങ്ങുകൾക്കായി ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോഴാണു വിവരം തെറ്റാണെന്നു മെഡിക്കൽ കോളജിൽ നിന്നു സ്ഥിരീകരണമുണ്ടായത്. എങ്കിലും വൈകിട്ട് അഞ്ചിനു മരിച്ചു. ഭാര്യ: ദീപ. മകൾ: ആരതി കൃഷ്ണ. മരുമകൻ: വൈഷ്ണവ്.

വന്ധ്യംകരിക്കേണ്ടത് 15000 നായ്ക്കളെ! ചങ്ങലയ്ക്കിടണം, ഈ ഭീതിയെ 

തൃശൂർ∙ ജീവനു ഭീഷണിയായി വളർന്നിട്ടും ചങ്ങലയ്ക്കിടാനാവാതെ തെരുവുനായ് ശല്യം. രണ്ടാഴ്ചയ്ക്കിടെ 2 സ്കൂൾ വിദ്യാർഥികൾക്കടക്കം ഒട്ടേറെപ്പേർക്കു ജില്ലയിൽ തെരുവുനായയുടെ കടിയേറ്റു. പാലക്കാട് തെരുവുനായുടെ കടിയേറ്റ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളജിൽ മരിച്ച ഇന്നലെയും കുന്നംകുളത്ത് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായി. ഒട്ടേറെപ്പേർക്കു കടിയേറ്റു.

കഴിഞ്ഞ ദിവസമാണു തൃശൂർ കോർപറേഷൻ ഓഫിസിന്റെ മുകൾ നിലയിൽ തെരുവുനായ പ്രസവിച്ചത്. വളർത്തുമൃഗങ്ങൾക്കു പലയിടത്തും കടിയേൽക്കുകയും ചെയ്തു. വന്ധ്യംകരണം നടത്തേണ്ട സമയത്ത് വേണ്ടത്ര നടപടികൾ സ്വീകരിക്കാതെ വന്നതാണു ജില്ലയിൽ തെരുവുനായ് ശല്യം പെരുകാൻ കാരണമെന്നാണു വിലയിരുത്തൽ.

വന്ധ്യംകരണം വേഗത്തിലാക്കും

തൃശൂർ ∙ തെരുവുനായ് വന്ധ്യംകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. നിലവിലുള്ള 5 കേന്ദ്രങ്ങൾ രണ്ടു മാസത്തിനുള്ളിൽ സജ്ജമാക്കാനും തീരുമാനിച്ചു. 15000 തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു.

പേടിക്കണം പേവിഷബാധയെ 

തൃശൂർ ∙ വളർത്തുമൃഗങ്ങളിൽ നിന്നടക്കം കടിയോ മാന്തലോ ഏറ്റാൽ എത്രയുംവേഗം ചികിത്സ തേടണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയോ മാന്തലോ നക്കലോ മൂലം മനുഷ്യർക്ക് രോഗാണുബാധ ഉണ്ടാകാം.

കടിക്കുന്ന മൃഗം പിന്നീടു ചത്തുപോയാൽ പേവിഷബാധ സംശയിക്കണം. പേവിഷ ബാധയ്ക്കു കാരണമാകുന്നത് ഒരു വൈറസാണ്. മനുഷ്യർക്കു പേവിഷബാധ ഏൽക്കുന്നതു പ്രധാനമായും നായ്ക്കളിൽ നിന്നാണ്. പൂച്ച, പശു, ആട് എന്നിവയിൽ നിന്നു പോലും പേവിഷബാധ പകർന്ന സംഭവങ്ങളുണ്ട്. 

എന്താണ് പേവിഷബാധ? 

റാബ്ഡോവിറിഡേ കുടുംബത്തിലെ ലൈസ്സവൈറസ് ജീനസ്സിൽ ഉൾപ്പെടുന്ന ആർഎൻഎ വൈറസാണു പേവിഷബാധയ്ക്കു കാരണമായ റാബിസ് വൈറസ് (Rabies virus). പേവിഷബാധയുള്ള നായ്ക്കളിൽ നിന്നു കടിയേറ്റാൽ റാബിസ് വൈറസ് അവയുടെ ഉമിനീരിലൂടെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നു. നാഡീവ്യൂഹത്തിലൂടെ തലച്ചോറിലും സുഷുമ്നയിലും എത്തും.

ശരിയായ സമയത്തും ക്രമത്തിലും പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കുന്നില്ലെങ്കിൽ ഭ്രമാത്മകമായ രോഗാവസ്ഥയിലേക്കും പിന്നീടു ശരീര പേശികളുടെ തളർച്ചയിലേക്കും അവസാനം മരണത്തിലേക്കും അതു നയിക്കും. 

ലക്ഷണങ്ങൾ എന്ത്?

തലവേദന, ക്ഷീണം, നേരിയ പനി എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. തുടർന്നു വെളിച്ചം, വായു, വെള്ളം എന്നിവയോടു ഭയം അനുഭവപ്പെടുന്നു. സാധാരണ ഗതിയിൽ രോഗലക്ഷണങ്ങൾ പ്രകടമാവാൻ രണ്ടു മുതൽ മൂന്നുമാസം വരെ എടുക്കും. ചിലപ്പോൾ ഇത് ഒരു വർഷം വരെ നീളാം. 

എന്തു പോംവഴി?

നായ, പൂച്ച എന്നിവയടക്കമുള്ള വളർത്തുമൃഗങ്ങൾക്കു പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകുകയാണ് ഈ രോഗം തടയുന്നതിനുള്ള പ്രധാന മാർഗം. നായ്ക്കൾ ജനിച്ച ശേഷം രണ്ടാം മാസം ആദ്യ ഡോസും മൂന്നാം മാസം രണ്ടാം ഡോസും തുടർന്ന് എല്ലാ വർഷവും ബൂസ്റ്റർ ഡോസ് വാക്സീനും നൽകണം. മൃഗങ്ങളോടു കരുതലോടെയാണ് ഇടപെടുന്നതെന്ന് ഉറപ്പാക്കണം.

മൃഗങ്ങളെ പരിപാലിക്കുന്നവർ പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണം. മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാൽ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റു നേരം കഴുകണം. ഇത് രോഗാണുബാധ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും. തുടർന്ന് എത്രയും വേഗം ഡോക്ടറുടെ നിർദേശപ്രകാരം പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com