ADVERTISEMENT

തൃശൂർ ∙ തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലമഴ സജീവമായി. ജില്ലയിൽ കഴിഞ്ഞ 2 ദിവസത്തിനിടെ പെയ്തത് 70 മില്ലീമീറ്ററോളം മഴ. ഇന്നലെ പകൽ സമയത്തു മാത്രം 49.5 മില്ലീമീറ്റർ മഴ പെയ്തു. ബുധനാഴ്ച വൈകിട്ടു മുതൽ ഇന്നലെ രാവിലെ വരെ പെയ്തത് 20 മില്ലീമീറ്റർ മഴ. ഫലവൃക്ഷത്തൈകളും ചെടികളും കാർഷികവിളകളും നടാൻ പറ്റിയ ഏറ്റവും നല്ല സമയമായതിനാൽ കർഷകർ നടീലിന്റെ തിരക്കിലാണ്.

കൃഷിയിറക്കാൻ അനുയോജ്യമായ 27 ഞാറ്റുവേലകളിൽ ഏറ്റവും ഗുണകരമായതു തിരുവാതിര ഞാറ്റുവേലയെന്നാണു വയ്പ്.മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈർഘ്യം പതിമൂന്നര ദിവസത്തോളമാണെങ്കിലും തിരുവാതിര ഞാറ്റുവേല 15 ദിവസത്തോളം ഉണ്ടാകുമെന്നാണു കണക്ക്. മറ്റന്നാൾ വരെ ഞാറ്റുവേല സമയം തുടരും.

വിത്തുവിതയ്ക്കാൻ മാത്രമല്ല, പറിച്ചുനടാനും അനുകൂലമായ കാലമാണിതെന്നു കണക്കാക്കപ്പെടുന്നു. ഞാറ്റുവേലയിൽ നടുന്നവയെല്ലാം തഴച്ചുവളരുമെന്നതു കർഷകരുടെ അനുഭവം. ഒന്നരയാഴ്ച മുൻപു ഞാറ്റുവേല തുടങ്ങിയ ദിവസങ്ങളിൽ മഴ കുറവായിരുന്നെങ്കിലും പിന്നീടു മെച്ചപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രിയിൽ കനത്ത മഴയും പകൽ സമയത്തു വെയിലുമായിരുന്നു അന്തരീക്ഷം. ഇന്നും നാളെയും മറ്റന്നാളും കൂടി മഴ തുടർന്നേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com