ADVERTISEMENT

തൃശൂർ ∙ കൂർക്കഞ്ചേരി ഡിവിഷനിൽ വന്ധ്യംകരണത്തിനു വിധേയമാക്കിയ തെരുവുനായ 5 കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരുവട്ടം വന്ധ്യംകരിച്ച് ചെവിയിൽ അടയാളമിട്ട ശേഷം തെരുവിലേക്കു തിരിച്ചുവിട്ട നായയാണ് ഒരുവർഷത്തിനുള്ളിൽ വീണ്ടും പ്രസവിച്ചത്. സമാന പ്രശ്നങ്ങൾ പലയിടത്തു നിന്നായി ഉയർന്നതോടെ കോർപറേഷൻ എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി നടത്തിപ്പിനെക്കുറിച്ചു സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനായി വർഷംതോറും 15 ലക്ഷം രൂപ കോർപറേഷൻ ചെലവാക്കുന്നുണ്ടെങ്കിലും നായ്ക്കൾ പെറ്റുപെരുകുന്നതായി വ്യാപക പരാതിയുണ്ട്. കൂർക്കഞ്ചേരി ഡിവിഷനിൽ ഒരുവർഷം മുൻപു പാൽക്കാരനെ നായ കടിച്ചതിനു പിന്നാലെ കൗൺസിലർ വിനേഷ് തയ്യിൽ ഇടപെട്ടാണ് 2 തെരുവുനായ്ക്കളെ പറവട്ടാനിയിലെ വന്ധ്യംകരണ കേന്ദ്രത്തിലെത്തിച്ചു വന്ധ്യംകരിച്ചത്. നായ്ക്കളെ പിടിച്ചുകൊണ്ടുപോയ സ്ഥലത്തു തന്നെ തിരികെ ഇറക്കിവിടണമെന്നാണു ചട്ടം.

എന്നാൽ, കൂർക്കഞ്ചേരിയിൽ ഇറക്കിവിട്ടതു രണ്ടിനു പകരം 4 നായ്ക്കളെ. ഒരുവർഷം തികയുംമുൻപ് ഇതിലൊരു നായ കഴിഞ്ഞ ദിവസം പ്രസവിച്ചു. 5 കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്ന നായ ആളുകളെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്. ഒരുവശത്ത് വന്ധ്യംകരണം നടക്കുമ്പോഴും ജനജീവിതത്തിനു ഭീഷണിയാകുംവിധം നായ്ക്കൾ പെരുകുന്നുണ്ട്.. കോർപറേഷൻ ഓഫിസിന്റെ രണ്ടാംനിലയിൽ കഴിഞ്ഞ ദിവസം നായ 9 കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു. 

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് കൗൺസിലർമാർ കോർപറേഷൻ ഓഫിസിന് മുന്നിൽ നടത്തിയ സമരം.
തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ കോർപറേഷൻ ഓഫിസിന് മുന്നിൽ നടത്തിയ സമരം.

കൗൺസിലർമാർ സമരം നടത്തി

തൃശൂർ ∙ തെരുവുനായ വന്ധ്യംകരണ പദ്ധതിയിൽ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ചു കോർപറേഷൻ ഓഫിസിനു മുന്നിൽ പ്രതിപക്ഷത്തിന്റെ പ്രതീകാത്മക സമരം. നായ്ക്കളുടെ പാവകളേന്തി കോർപറേഷൻ ഓഫിസിലേക്കു കൗൺസിലർമാർ പ്രകടനമായെത്തി. പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു. ഉപനേതാവ് ഇ.വി. സുനിൽരാജ് അധ്യക്ഷത വഹിച്ചു.  ജോൺ ഡാനിയൽ, ലാലി ജെയിംസ്, എൻ.എ. ഗോപകുമാർ, ജയപ്രകാശ് പൂവത്തിങ്കൽ, കെ. രാമനാഥൻ, ശ്യാമള മുരളീധരൻ, മുകേഷ് കൂളപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. 

ചേറൂരിൽ യുവാവിനെ കടിച്ചത് പേവിഷബാധയുള്ള പട്ടി

ചേറൂരിൽ പലചരക്കു കടയിൽ സാധനങ്ങൾ വാങ്ങാൻ നിന്ന യുവാവിനെ കഴിഞ്ഞ ദിവസം കടിച്ചുപരുക്കേൽപ്പിച്ചതു പേവിഷ ബാധയുള്ള പട്ടിയാണെന്ന വിവരത്തിൽ പരിഭ്രാന്തരായി നാട്ടുകാർ. കടിച്ചതിന്റെ പിറ്റേന്നു പട്ടി ചത്തിര‍ുന്നു. ഇതേ പട്ടി മറ്റുള്ള നായ്ക്കളെയും കടിച്ചിട്ടുണ്ട്. പട്ടിയെ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണു റാബീസ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. മേഖലയിലെ മറ്റു തെരുവുനായ്ക്കളെയും നിരീക്ഷിക്കേണ്ടതുണ്ടെന്നു കാണിച്ചു കൗൺസിലർ വില്ലി മേയർക്കു കത്തു നൽകിയെങ്കിലും നടപടിയില്ലെന്നു  പരാതിയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com