ADVERTISEMENT

വിഭവ സമൃദ്ധമായ ഊണ് വിളമ്പി നാട്ടുകാരെ ഊട്ടുന്ന ശങ്കരൻ നായർ എന്ന ഹോട്ടലുടമയ്ക്ക് ഇപ്പോൾ പ്രായം 97. ആറു പതിറ്റാണ്ട് മുൻപു തുടങ്ങിയ ഹോട്ടലിന്റെ അടുക്കള മുതൽ കാഷ് കൗണ്ടർ വരെ ഓൾറൗണ്ടറായി ജോലി ചെയ്യുകയാണിദ്ദേഹം!

മാള ∙ പരസഹായമില്ലാതെ ഒരു കാലിച്ചായ കുടിക്കാൻ പോലും മറ്റുള്ളവർ കഷ്ടപ്പെടുന്ന പ്രായത്തിൽ ശങ്കരൻ നായർ പുഷ്പം പോലെ ഒരു ഹോട്ടൽ നടത്തുകയാണ്! 6 പതിറ്റാണ്ടു മുൻപു ഹോട്ടൽ തുടങ്ങിയ കാലത്ത് താൻ ഓടിനടന്നിരുന്ന അതേ ചുറുചുറുക്കോടെ 97ാം വയസ്സിലും ശങ്കരൻ നായർ ഹോട്ടലിനുള്ളിലെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നു. ശങ്കരൻ നായരുടെ കടയെന്ന പേരിലാണു ഹോട്ടൽ അറിയപ്പെട്ടിരുന്നതെങ്കിലും ലൈസൻസ് എടുക്കാൻ വേണ്ടി കൊച്ചുമകൾ അപർണയുടെ പേരു നൽകിയിരുന്നു.എന്നിട്ടും ഹോട്ടൽ ഇപ്പോഴും അറിയപ്പെടുന്നതു ശങ്കരൻ നായരുടെ കടയെന്ന പേരിൽ തന്നെ.

കുഴൂർ എരവത്തൂരിലാണു കൊച്ചുകടവു സ്വദേശി ശങ്കരൻ നായരുടെ അപർണ ഹോട്ടൽ. 1963 മാർച്ച് 10ന് ആണ് ഇദ്ദേഹം ഹോട്ടൽ തുടങ്ങിയത്. ഇപ്പോഴും ദിവസവും രാവിലെ ആറരയോടെ ശങ്കരൻ നായർ ഹോട്ടലിലെത്തും. ഉച്ചയൂണ് ഉൾപ്പെടെയുള്ള വിഭവങ്ങൾ തയാറാക്കാൻ അടുക്കളയിൽ മേൽനോട്ടം വഹിക്കും. വൈകിട്ട് ആറുമണിയോടെ മാത്രമേ ഹോട്ടലിൽ നിന്നു മടങ്ങിപോകൂ. ഭക്ഷണത്തിന്റെ പണം വാങ്ങുന്നതും ആൾക്കാരുമായി ഇടപെടുന്ന തുമൊക്കെ ശങ്കരൻ നായർ തന്നെ. കൃത്യനിഷ്ഠ യോടെയുള്ള ഭക്ഷണക്രമമാണു തന്റെ ആരോഗ്യ രഹസ്യമെന്ന് ഇദ്ദേഹം പറയുന്നു.

ഹോട്ടലിൽ വരുത്തുന്ന പത്രങ്ങളെല്ലാം മുഴുവനായി വായിക്കും. കടയിലെത്തുന്നവരോടു വാർത്തകൾ ചർച്ച ചെയ്യും. കോവിഡ് രൂക്ഷമായ ഘട്ടത്തിൽ മാത്രമാണു ശങ്കരൻ നായർ കടയിലേക്കുള്ള വരവു കുറച്ചത്. ഇപ്പോൾ വീണ്ടും കടയിൽ സജീവമായി. രണ്ടാമത്തെ മകൻ സജീവനും മരുമകൾ സിന്ധുവുമാണ് ഇപ്പോൾ കടയുടെ പ്രവർത്തനത്തിനു ചുക്കാൻ പിടിക്കുന്നത്. 97ാം വയസ്സിലും ഹോട്ടലിൽ പുഞ്ചിരിയോടെ ആളുകളെ സ്വീകരിക്കുന്ന ശങ്കരൻ നായരുടെ പറ്റു പുസ്തകത്തിൽ സ്നേഹത്തിന്റെ കണക്കുകളാണു നീക്കിയിരിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com