തൃശൂർ ∙ 10 നാൾക്കിടെ പിഎസ്‌സി ജില്ലാ റാങ്ക് പട്ടികയിൽ സനൽ സദാനന്ദന് 2 ഒന്നാം റാങ്ക്! ആദ്യം ലാസ്റ്റ് ഗ്രേഡ് സെർവന്റ്സിലും (എൽജിഎസ്) ഇപ്പോൾ ഇതാ ലോവർ ഡിവിഷൻ ക്ലാർക്ക് (എൽഡിസി) പട്ടികയിലും. സ്വന്തം സ്റ്റേറ്റ് മീറ്റ് റെക്കോർഡ് ആയ 625 കിലോ ഭാരം ഉയർത്താൻ ഈ പഴയ പവർ ലിഫ്റ്റിങ് ചാംപ്യൻ ഇത്ര പാടുപെട്ടിട്ടില്ല. അത്ര ചിട്ടയായ പഠനത്തിലൂടെ ആണ് വലക്കാവ് സ്വദേശി സനൽ ജില്ലയിലെ 2 പട്ടികയിലും ഒന്നാം സ്ഥാനക്കാരനായത്. എൽഡിസി തിരഞ്ഞെടുക്കാനാണു തീരുമാനം.
2020ൽ ലോക് ഡൗൺ കാലമാണു സനലിനെ ഇരുത്തി പഠിപ്പിച്ചത്. ദിവസവും 10–12 മണിക്കൂർ മാറ്റിവച്ചുള്ള പഠനം. ബസ് ഡ്രൈവറായ അച്ഛൻ സദാനന്ദൻ പുലർച്ചെ 4ന് എഴുന്നേറ്റു ജോലിക്കു പോകുമ്പോഴേക്കും മകൻ പുസ്തകത്തിൽ കണ്ണോടിച്ചു തുടങ്ങിയിരിക്കും. ഭക്ഷണ നേരം മാത്രമായിരുന്നു ഇടവേള. ലോക്ഡൗൺ കാലം കഴിഞ്ഞതോടെ അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിന്റെ പിഎസ്‌സി സൗജന്യ പരിശീലന ക്ലാസിലും സജീവമായി. കറന്റ് അഫയേഴ്സിനാണു കൂടുതൽ പഠന സമയം നൽകിയത്. പത്രങ്ങൾ വിടാതെ വായിച്ചു. ഫോർമുലകളും ക്വസ്റ്റ്യൻ ടാഗ് റൂളുകളും എഴുതിവയ്ക്കും.
2011, 13 വർഷങ്ങളിൽ പവർ ലിഫ്റ്റിങ് നാഷനൽ ജൂനിയർ ചാംപ്യൻ, 2014, 15 വർഷങ്ങളിൽ സീനിയർ വിഭാഗത്തിൽ വെങ്കലം, 2009 മുതൽ 15 വരെ തുടർച്ചയായി സംസ്ഥാന ചാംപ്യൻ ഇവയാണു സനലിന്റെ പ്രധാന കായിക നേട്ടങ്ങൾ. ഇപ്പോൾ ഇഗ്‌നോയിൽ ഡിഗ്രിയും ചെയ്യുന്നുണ്ട്. കൂടെ, ഡിഗ്രി ലെവൽ മത്സര പരീക്ഷകൾക്കും തയാറെടുക്കുന്നു. കൊല്ലം വള്ളിക്കാവ് അമൃത കോളജിലെ ജിം ട്രെയ്നർ ആണ് സനൽ. ലതയാണ് അമ്മ. ഭാര്യ: പി.എം.മനീഷ.