ADVERTISEMENT

മാടക്കത്തറ ∙ നാട്ടുരാജ്യങ്ങൾ ഒരൊറ്റ ഇന്ത്യ ആയതു പോലെ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ നാട്ടുമാങ്ങകളെല്ലാം ഒരു മാവിൽ വിളഞ്ഞാലോ? 75 ഇനം മാങ്ങകൾ ഒരു മാ‍വിൽ വിളയിക്കാനുള്ള ശ്രമത്തിലൂടെയാണ് എൻ.വി. അനീഷ് ഈ വർഷത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. 74 ഇനം മാവുകളുടെ കമ്പുകൾ ഗ്രാഫ്റ്റ് ചെയ്ത അനീഷ്, ആലുവ യുസി കോളജിൽ മഹാത്മാഗാന്ധി നട്ട മാവിന്റെ കമ്പ് എഴുപത്തഞ്ചാമത്തേതായി ഗ്രാഫ്റ്റ് ചെയ്യാനാണു ലക്ഷ്യമിടുന്നത്.

മാവിൽ മറ്റു മാവുകളുടെ കമ്പുകൾ ഗ്രാഫ്റ്റ് ചെയ്ത് വിവിധ ഇനം മാങ്ങകൾ ഒരു മാവിൽ വിളയിക്കുന്ന പരീക്ഷണം നേരത്തേയും ചെയ്തിട്ടുണ്ട്, കാർഷിക സർവകലാശാലയിലെ റിസർച്ച് സ്റ്റേഷനിൽ ജീവനക്കാരനായ പടിഞ്ഞാറേ വെള്ളാനിക്കര നാരങ്ങളിൽ അനീഷ്.  സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിലും അത്തരം പരീക്ഷണം ആവാമെന്ന് നിശ്ചയിച്ച് പലയിടത്തു നിന്നായി മാവിൻ കമ്പുകൾ സംഘടിപ്പിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് 9 വർഷം മുൻപ് നട്ട കോട്ടപ്പറമ്പൻ മാവിനെയാണ് 75 കമ്പുകൾ ഗ്രാഫ്റ്റ് ചെയ്ത് ആസാദി മാവ് ആക്കുന്നത്.

 എൻ.വി.അനീഷ്
എൻ.വി.അനീഷ്

2025ൽ ഈ മാവിൽ നിന്ന് 75 ഇനം മാങ്ങകൾ കിട്ടുമെന്നാണ് അനീഷിന്റെ പ്രതീക്ഷ. കൊളമ്പ്, ചന്ദ്രക്കാരൻ, തൊലി കയ്പൻ, ഉള്ളിത്തൊലിയൻ എന്നിങ്ങനെ നാട്ടിൻപുറങ്ങളിൽ നിന്നു   പരമാവധി ഇനങ്ങൾ അനീഷ് സംഘടിപ്പിച്ചിട്ടുണ്ട്. ആലുവ യുസി കോളജിൽ നിന്നുള്ള മാവിന്റെ കമ്പ് കൊണ്ടുവരാൻ കോളജ് അധിക‍ൃതരുടെ അനുമതിയും വാങ്ങി. ബ്രീഡ് ഇനങ്ങൾ വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ആദ്യം ഗ്രാഫ്റ്റ് ചെയ്ത കമ്പുകളിൽ തളിർ വന്നു തുടങ്ങിയിട്ടുണ്ട്. ഇന്ത്യ പോലെ തന്റെ മാവും പടർന്നുപന്തലിക്കുമെന്ന് അനീഷ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com