ADVERTISEMENT

തൃശൂർ ∙ ജീവൻ നൽകിയ അമ്മയ്ക്ക് 59–ാം വയസ്സിൽ പുനർജീവിതം സമ്മാനിച്ചു മകൾ. ഒറ്റപ്പെട്ടു പോയ അമ്മയുടെ കൈപിടിച്ച് വിവാഹപന്തലിൽ വരനു കൈമാറിയപ്പോൾ അത് അമ്മയ്ക്കു മകൾ നൽകിയ പൊന്നിൻചിങ്ങ സമ്മാനം കൂടിയായി. ഭർത്താവ് മരിച്ച് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന രതി മേനോന്റെയും ഭാര്യ മരിച്ച് ഏകാന്ത ജീവിതത്തിലായിരുന്ന ദിവാകരന്റെയും വിവാഹം ചിങ്ങം പിറന്ന ബുധനാഴ്ചയാണ് തിരുവമ്പാടി അമ്പലത്തിൽ നടന്നത്. കോലഴി സ്വദേശിയാണു രതി മേനോൻ.

63 വയസ്സുകാരനായ ദിവാകരൻ കാർഷിക സർവകലാശാലയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ്. ഇരുവർക്കും 2 പെൺമക്കൾ. മക്കളുടെ വിവാഹം കഴിയുകയും പങ്കാളികൾ മരിക്കുകയും ചെയ്തതോടെ കുറച്ചുകാലമായി ഒറ്റപ്പെടലിന്റെ നോവറിയുന്നവർ. വീട്ടിൽ ഒറ്റപ്പെട്ടുപോയ അമ്മയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണു വിവാഹത്തിനു മുൻകയ്യെടുത്തതെന്ന് മകൾ പ്രസീത പറയുന്നു. ‘മക്കളായ ഞങ്ങൾ കുടുംബസമേതം കഴിയുമ്പോൾ അമ്മ അകലെ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന സങ്കടം സഹിക്കാൻ വയ്യാതായി.

ജോലിയും കുടുംബവുമുള്ളതിനാൽ അമ്മയുടെ കൂടെ വന്നു താമസിക്കാൻ കഴിയാതായി. അമ്മയ്ക്കൊരു കൂട്ടുവേണമെന്നു മനസ്സ് പറഞ്ഞു.’ ഭർത്താവ് വിനു നൽകിയ പിന്തുണയാണു പ്രസീതയ്ക്കു കരുത്തായത്. വീട്ടുകാരും ബന്ധുക്കളുമൊക്കെ ഒപ്പം ചേർന്നു. ദിവാകരന്റെ മക്കൾക്കും സമ്മതമായതോടെ വിവാഹത്തിനു വഴിതെളിഞ്ഞു. മക്കളെ വിവാഹം കഴിപ്പിച്ചയച്ചു കഴിഞ്ഞാൽ ഒറ്റപ്പെട്ടുപോകുന്ന ഏറെപ്പേരുണ്ട്. അവർക്കു പുതിയ ജീവിതത്തിനുള്ള പ്രചോദനമാവുകയാണു പ്രസീതയെപ്പോലുള്ള മക്കളുടെ ഇടപെടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com