ADVERTISEMENT

ചെറുതുരുത്തി∙ ഫൊട്ടോഗ്രഫിയെ ജീവിത കലയാക്കിയ ഷൊർണൂരിലെ കൃഷ്ണൻ നായർ സ്റ്റുഡിയോ ഉടമ മുണ്ടായ തുളസിയിൽ ആർ.സി. നായരും (രാമചന്ദ്രൻ നായർ–84), മകൻ തുളസീദാസും (56) കലാമണ്ഡലത്തെ പുറംലോകത്തെത്തിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ തുടങ്ങിയതാണ് അച്ഛൻ. പിന്നാലെ വന്ന മകനാകട്ടെ, ഡ്രോൺ ചിത്രങ്ങൾ പകർത്തുന്നതിലും മികവ്. ഫൊട്ടോഗ്രഫി തസ്തിക ഇല്ലെങ്കിലും 1960 മുതൽ 2000 വരെ കേരള കലാമണ്ഡലത്തിന്റെ ഓരോ വളർച്ചയും പകർത്തിയത് രാമചന്ദ്രൻ നായരായിരുന്നു.

2000 മുതൽ 2016 വരെ അത് മകൻ തുടർന്നു. കഥകളിയുടെയും മറ്റു നൃത്ത വാദ്യ കലകളുടെയും മഹാരഥൻമാരുടെ രംഗാവിഷ്കരണങ്ങളും ഭാവപകർച്ചകളും തന്റെ പഴയ ട്രിപോഡ് ക്യാമറയിലേക്ക് പകർത്തിയ രാമചന്ദ്രൻ നായർ നിളയുടെയും വളളുവനാടിന്റെയും ഓർമ ചിത്രങ്ങൾ പകർത്തിയ പ്രതിഭകൂടിയാണ്. 1975ൽ പാഞ്ഞാളിൽ നടന്ന അതിരാത്രം 14 ദിവസവും ക്യാമറയിലൂടെ പകർത്തിയത് ആർ.സി. നായരായിരുന്നു.

മുൻ രാഷ്ട്രപതിമാരായ എസ്. രാധാകൃഷ്ണൻ, നീലം സഞ്ജീവ റെഡ്ഡി, ആർ. വെങ്കിട്ടരാമൻ, കെ.ആർ.നാരായണൻ, മുൻ പ്രധാന മന്ത്രിമാരായ പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്റു, മൊറാർജി ദേശായി, ഇന്ദിര ഗാന്ധി, മുൻ പ്രതിരോധ മന്ത്രി വി. കെ. കൃഷ്ണ മേനോൻ, മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസ്, ഇ. കെ. നായനാർ തുടങ്ങിയവർ ചലനങ്ങളും ആർ.സി. നായരുടെ ക്യാമറയിൽ പതിഞ്ഞവരാണ്.

ഭരതന്റെ സിനിമ പ്രയാണത്തിന്റെ സ്റ്റിൽ ഫൊട്ടോഗ്രഫറായിരുന്ന ആർ.സി.നായർ തന്നെയാണ് ഭരതനും കെപിഎസി ലളിതയും ഗുരുവായൂരിൽ വിവാഹിതരായ ചിത്രവും പകർത്തിയത്. 6 ജില്ലകളിൽ സ്റ്റുഡിയോ ഉണ്ടായിരുന്ന കൃഷ്ണൻ നായരുടെ അഞ്ചാമത്തെ മകനാണ് രാമചന്ദ്രൻ നായർ. തൃശൂരിലെ സ്റ്റുഡിയോയിൽ ചെറിയച്ഛൻ ശേഖരൻ നായരുടെ ശിക്ഷണത്തിൽ 17-ാം വയസ്സിലാണ് ആർ.സി.നായർ ഫൊട്ടോഗ്രഫി പഠിച്ചത്. ഇതേ പാരമ്പര്യമാണ് മകൻ തുളസിദാസിനും. 17-ാം വയസ്സിൽ തന്നെയാണു ഫൊട്ടോഗ്രഫിയിൽ അരങ്ങേറ്റം കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com