ADVERTISEMENT

തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്കിൽ കള്ളപ്പണം വെളുപ്പിക്കലെന്നു സംശയിക്കുന്ന എല്ലാ ഇടപാടുകളിലും വിശദീകരണം തേടാൻ ബാങ്ക് അധികൃതരെ വിളിച്ചുവരുത്താനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബെനാമി വായ്പകളടക്കം സംശയകരമായ എല്ലാ ഇടപാടുകളിലും ബാങ്ക് അധികൃതർ തെളിവു സഹിതം വിശദീകരണം നൽകേണ്ടിവരും. മിക്ക ഇടപാടുകളിലും ക്രമക്കേടില്ലെന്നു തെളിയിക്കാൻ പാകത്തിനു രേഖകൾ ബാങ്കിന്റെ കൈവശമില്ലാത്തതിനാൽ അധികൃതർ വിയർക്കുമെന്നാണു സൂചന.

ഉടൻ വിളിപ്പ‍ിക്കുമെന്നും ഹാജരാകാൻ തയാറായിരിക്കണമെന്നും ഇഡി ബാങ്ക് അധികൃതരെ അറിയിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവയ്ക്കു പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിച്ചതോടെയാണ് ഇഡി അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കാനൊരുങ്ങുന്നത്. ബാങ്കിൽ നടന്ന രണ്ടു റെയ്ഡുകളിലായി പിടിച്ചെടുത്ത രേഖകൾ പഴുതടച്ചു പരിശോധിച്ചതിൽ നിന്നു കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നു.

ബെനാമി പേരുകളിൽ കോടികൾ വായ്പ അനുവദിച്ചതും ഈ പണം എവിടേക്കു പോയെന്നതും സംബന്ധിച്ച കൂടുതൽ അന്വേഷണത്തിനു വേണ്ടിയാണു ബാങ്ക് അധികൃതരെ വിളിപ്പിക്കുന്നത്. എന്നാൽ, ഈ വായ്പകൾക്ക് ഈടായി വാങ്ങിയതടക്കം മിക്ക രേഖകളും വ്യാജമാണെന്നതിനാൽ തൃപ്തികരമായ വിശദീകരണം നൽകാൻ ബാങ്കിനു കഴിഞ്ഞേക്കില്ല. റെയ്ഡുകളിൽ ഇഡി പിടിച്ചെടുത്തു മുദ്രവച്ച ആയിരക്കണക്കിനു രേഖകൾ കഴിയുന്നത്ര വേഗത്തിൽ തിരികെ നൽകണമെന്നു ബാങ്ക് അഭ്യർഥിച്ചിരുന്നെങ്കിലും ഇഡി ഇക്കാര്യം പരിഗണിച്ചില്ല.

ക്രമക്കേടുകൾക്കു തെളിവു ലഭിച്ചതിനാൽ അന്വേഷണം പൂർത്തിയാകും വരെ രേഖകൾ തിരികെ നൽകാൻ കഴിയില്ലെന്നാണ് ഇഡി നിലപാട്. ഇതോടെ ബാങ്ക് കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന 2 ജപ്തികൾ ബാങ്കിന് ഉപേക്ഷിക്കേണ്ടിവന്നു. ഈടുരേഖകളടക്കം ഇഡിയുടെ കസ്റ്റഡിയിലാണെന്നതാണു കാരണം. ബാങ്കിലെ ഓഡിറ്റിങ് നടപടികളും ഇതോടെ മുടങ്ങിയ നിലയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com