ADVERTISEMENT

വരന്തരപ്പിള്ളി∙ നന്തിപുലം ആറ്റപ്പിള്ളി മേഖലയിൽ നാശം വിതച്ച് മിന്നൽ ചുഴലി. 2 വീടുകൾക്ക് ഭാഗികമായി കേടു സംഭവിച്ചു. നൂറിലേറെ മരങ്ങൾ കടപുഴകി വീണു. 5 വൈദ്യുത തൂണുകൾ തകർന്നു. പലയിടത്തും കമ്പി പൊട്ടിവീണ് ഗതാഗത തടസ്സവും വൈദ്യുതി മുടക്കവുമുണ്ടായി. നന്തിപുലം പഴുപറമ്പിൽ ഷീലയുടെ വീടിന്റെ ഒരുഭാഗം തകർന്നിട്ടുണ്ട്. നന്തിപുലം എളയേടത്ത് ഉഷയുടെ വീടിന്റെ മുകളിലെ ട്രെസ് നിലംപതിച്ചു.

കവുങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു. തോട്ടപ്പറമ്പിൽ ദേവകിയുടെ വീടിനോട് ചേർന്നുള്ള തൊഴുത്തിനു മുകളിൽ മരം വീണു. ജാതി മരങ്ങൾ വ്യാപകമായി നശിച്ചിട്ടുണ്ട്. വാഴയും മറ്റു കാർഷിക വിളകളും നശിച്ചു. നന്തിപുലം തെക്കുംപുറം പുഷ്‌കരൻ, കുമ്മനോട്ട് മഠം നന്ദകുമാർ, പുത്തൻവീട്ടിൽ സുനിൽ കുമാർ, ചുള്ളിപ്പറമ്പിൽ അശോകൻ, ചേലിക്കാട്ടിൽ അജികുമാർ, കാഞ്ഞിലിമഠം നിർമൽകുമാർ, പള്ളാടൻ സുലോചന, തെക്കുംപുറം ജനാർദനൻ, മോഹനൻ, കോപ്ലിപ്പറമ്പിൽ സരസ്വതി എന്നിവരുടെ പറമ്പുകളിലെ ജാതി, തെങ്ങ്, മാവ് തുടങ്ങിയ മരങ്ങൾ കടപുഴകി വീണു.

കുറുവത്ത് മഞ്ജുള, കുറുവത്ത് സുനിൽ, നെടുമ്പക്കാരൻ അൽഫോൻസ, ത്രേസ്യ, തോമസ്, പെരുമ്പിള്ളി സുന്ദരൻ, കാട്ട്‌ലപീടിക വർഗീസ്, നെടുമ്പക്കാരൻ ഔസേപ്പ്, കരുമാലി ജയൻ, കരണംകോട്ട് മോഹനൻ, ബാലകൃഷ്ണൻ തുടങ്ങിയവരുടെ പറമ്പുകളിലും മരങ്ങൾ കടപുഴകി. കെ.കെ. രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, പഞ്ചായത്തംഗങ്ങളായ വി.ബി. അരുൺ, ശ്രുതി രാകേഷ്, രാധിക സുരേഷ്, റവന്യു, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു.

എറവ് വിറച്ചു, വീടുകൾക്ക് നാശം

നന്തിപുലം മേഖലയിലെ വൈദ്യുതതൂണുകൾ ഒടിഞ്ഞുവീണപ്പോൾ. ചിത്രം : മനോരമ

എറവ്∙ ഐസിഎസ്‌സി അക്കാദമിക്കടുത്തും തേമാലിപ്പുറത്തും അരിമ്പൂരിലും മിന്നൽച്ചുഴലിയിൽ നാശം. ഇന്നലെ രാവിലെ 10.15 നാണ് വലിയ ശബ്ദത്തോടെ ചുഴലിക്കാറ്റ് വീശിയടിച്ചത്. വൈദ്യുതി നിലച്ചു. എടയ്ക്കാട്ട് ജിതേഷിന്റെ  വീടിന്റെ മുകളിലേക്കു 2 മാവുകളും വടക്കേടത്ത് ബാബുരാജിന്റെ വീടിന്റെ മുന്നിൽ നിന്നിരുന്ന മാവും ഒടി‍ഞ്ഞു വീണു. ജിതേഷിന്റെ വീടിന്റെ  ചിമ്മിനി തകർന്നു.  മേൽക്കൂരയിലെ ട്രെസ് തകർന്നു. സമീപത്തെ സഹോദരി എലവന്ത്ര ജീനപ്രേമരാജിന്റെ വീടിന്റെ മുകളിലെ ട്രസ് തകർന്നു. വാഴക്കൃഷിയും നശിച്ചു. ഡോ. ഉണ്ണിക്കൃഷ്ണന്റെ പറമ്പിലെ ഫലവൃക്ഷങ്ങളും കടപുഴകി. വടക്കേടത്ത്  ബാബുരാജിന്റെ വീടിനും നാശമുണ്ടായി.

ഐസിഎസ് ഇ അക്കാദമിയുടെ പിന്നിലെ റോഡിലേക്ക് വീണ തേക്ക്മരം

പരിസരത്ത് പൂട്ടിക്കിടക്കുന്ന  പോളിന്റെ വീടിന്റെ ട്രസിനും കേട് പറ്റി. കൊടുങ്ങല്ലൂർ സ്വദേശിയായ സലീഷ് നടത്തുന്ന ഫിഷ് ഫാമിന്റെ താൽക്കാലിക മേൽക്കൂരയും വീണു. ഉദയനഗറിൽ ചേന്നാട്ട് സോഹന്റെ വളപ്പിൽ ഒട്ടേറെ മരങ്ങൾ വീണു.  ഐസിഎസ്‌സിയുടെ പിൻഭാഗത്ത് തേക്ക് മരം റോഡിലേക്കും  വൈദ്യുതി ലൈനിലേക്കും  സമീപത്തെ മാധവന്റെ വീട്ടുമുറ്റത്തേക്കും വീണു. മരങ്ങൾ വീണു തോട്ടുങ്ങൽ ജെസോയുടേത് ഉൾപ്പെടെ 2 വീട്ടു മതിലുകൾ തകർന്നു വീണു.  എൻഐ‍‍ഡി റോഡിൽ ചെമ്മണ്ട് രാമകൃഷ്ണന്റെ പുരയിടത്തിൽ തെങ്ങും മാവും വീണു ഷെഡ് തകർന്നു. അധ്യാപിക സരളയുടെ വാഴ കൃഷി നശിച്ചു.

തെന്നലായി വന്നു; മിന്നലായ് മടങ്ങി

ശക്തമായ കാറ്റിൽ എറവ് ഉദയനഗറിൽ എടയ്ക്കാട് ജിതേഷിന്റെ വീടിന്റെ മുകളിലേക്ക് വീണ മാവ്.

ഒരു മന്ദമാരുതൻ 2 മിനിറ്റുകൊണ്ട് മിന്നൽച്ചുഴലിയായി ആഞ്ഞടിച്ചതിന്റെ ഞെട്ടലിലാണു നാട്ടുകാർ. സെക്കൻഡുകൾക്കുള്ളിൽ ഉഗ്ര പ്രതാപം പൂണ്ടു. പരന്നു വീശിയില്ല. വീതികുറഞ്ഞൊരു ഭാഗത്തുകൂടി  മൂന്നര കിലോമീറ്റർ നീളത്തിലാണു കടന്നുപോയത്. വൃക്ഷങ്ങളുടെ മുകൾഭാഗം ഭീതി ജനിപ്പിക്കും വിധം ആടിയുലഞ്ഞു. മരങ്ങളുടെ വേരുപൊട്ടുന്ന ശബ്ദവും കേൾക്കമായിരുന്നെന്നു നാട്ടുകാർ പറയുന്നു.  നൂറിലേറെ വൃക്ഷങ്ങൾ കടപുഴകി.  മരത്തലപ്പുകളും ഇലകളും ഭാരംകുറഞ്ഞ വീട്ടുസമാഗ്രികളും കളിപ്പാട്ടങ്ങളുമെല്ലാം കറക്കി ദൂരേക്ക് എറിയപ്പെട്ടു.  

ബൈക്കിനു മുകളിൽ ഷെഡ് വീണ് പരുക്ക്

കാഞ്ഞാണി∙  മിന്നൽച്ചുഴലിയിൽ മോട്ടർ ഷെഡ് തകർന്ന് ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലേക്കു വീണ് യാത്രക്കാരനു പരുക്ക്. മണലൂർത്താഴം പടവിന്റെ ബണ്ട് റോഡിലുണ്ടായ അപകടത്തിൽ മണലൂർ പള്ളിക്കുന്നത്ത് ജോസിന് (58) ആണു പരുക്കേറ്റത്. തലയ്ക്കും കാൽപാദത്തിനും പരുക്കേറ്റ ജോസിന്റെ വാരിയെല്ലും ഒടിഞ്ഞിട്ടുണ്ട്. ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് പരിസരത്ത് ആരുമുണ്ടായിരുന്നില്ല. ജോസ് ഫോണിൽ മകനെ വിളിച്ചു വരുത്തുകയായിരുന്നു. തകർന്ന മോട്ടർ ഷെഡിന്റെ ഇഷ്ടികകൾ ബണ്ടിൽ ചിതറി കിടക്കുകയാണ്.

കാഞ്ഞാണി മണലൂർത്താഴം പടവിന്റെ ബ്രാട്ടിത്തറ മോട്ടോർപുര തകർന്ന് വീണപ്പോൾ.

കോട്ടായിയിൽ കോട്ടമേറെ 

തൃക്കൂർ∙ മിന്നൽ ചുഴലിയിൽ പഞ്ചായത്തിലെ 5, 6, 7 വാർഡുകൾ ഉൾപ്പെട്ട കോട്ടായി മേഖലയിൽ നാശനഷ്ടം. രാവിലെ എട്ടോടെയാണ് സംഭവം. കോട്ടായി നീലങ്കാവിൽ ഓമന, കാവിൽ സണ്ണി, ശാസ്താംവളപ്പിൽ വിലാസിനി എന്നിവരുടെ വീടുകൾക്കു ഭാഗികമായി കേടുപറ്റി. 15 പറമ്പുകളിലെ കൃഷി നശിച്ചു.  മരങ്ങൾ കടപുഴകിവീണു.

2 വൈദ്യുതിത്തൂണുകളും കമ്പികളും പൊട്ടിവീണു. മരംവീണ്  പള്ളിക്കുന്ന് കോട്ടായി മതിക്കുന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയും പഞ്ചായത്ത്, വില്ലേജ് അധികൃതരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ദുരിതബാധിത പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ നമ്പാടൻ, ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, തഹസിൽദാർ ശാന്തകുമാരി, പഞ്ചായത്തംഗം ഗിഫ്റ്റി ഡെയ്‌സൻ എന്നിവർ സന്ദർശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com