ADVERTISEMENT

തൃശൂർ ∙ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ വ്യാപക കല്ലേറും അക്രമങ്ങളും. ആംബുലൻസിനു നേർക്ക് അടക്കം കല്ലേറുണ്ടായി. മുതുവട്ടൂർ രാജ ആശുപത്രിയിൽ നിന്നു രോഗിയുമായി അകലാട് ഭാഗത്തേക്കു പോയ ആംബുലൻസിനു നേർക്കാണു കല്ലേറുണ്ടായത്. കല്ല് പതിച്ചത് വണ്ടിയുടെ ബോഡിയിൽ ആയതിനാൽ ആർക്കും പരുക്കേറ്റില്ല. പലയിടത്തും വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറിയുടെ കാർ തടഞ്ഞ് ഹർത്താൽ അനുകൂലികൾ ചില്ല് അടിച്ചു തകർത്തു.

ഹർത്താൽ ദിനത്തിൽ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ തിരക്ക്. ട്രിപ് പോകാനുള്ള നിർദേശം കാത്തു നൽകുന്ന ജീവനക്കാക്കാരെയും ബസ് നോക്കുന്ന യാത്രക്കാരെയും കാണാം ചിത്രം: മനോരമ
ഹർത്താൽ ദിനത്തിൽ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ തിരക്ക്. ട്രിപ് പോകാനുള്ള നിർദേശം കാത്തു നൽകുന്ന ജീവനക്കാക്കാരെയും ബസ് നോക്കുന്ന യാത്രക്കാരെയും കാണാം ചിത്രം: മനോരമ

പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട്ട് 6 വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. 2 ഡ്രൈവർമാർക്കു പരുക്കേറ്റു. എടക്കഴിയൂർ നാലാംകല്ലിൽ കെഎസ്ആർടിസി ബസിനു നേർക്കുണ്ടായ കല്ലേറിൽ ഡ്രൈവർക്കു പരുക്കേറ്റു. ഇതടക്കം പലയിടങ്ങളിൽ കെഎസ്ആർടിസി ബസുകളുടെ ചില്ല് എറിഞ്ഞു തകർത്തു. പാവറട്ടി വാക സെന്ററിൽ വടിവാളുമായെത്തിയ സംഘം 2 കടകൾക്കു നേരെ ആക്രമണം നടത്തി. കടകളുടെ ചില്ലുവാതിലുകൾ വെട്ടിപ്പൊളിച്ചു.

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ ചില്ലു പൂർണമായി തകർന്ന ബസ്
പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ ചില്ലു പൂർണമായി തകർന്ന ബസ്

ഊരിപ്പിടിച്ച വാളുകളുമായി കള്ളുഷ‍ാപ്പുകൾക്കു മുന്നിൽ ഹർത്താലനുകൂലി കളെത്തി. പൂവത്തൂരിൽ കള്ളുമായെത്തിയ ജീപ്പിനു നേർക്കു കല്ലേറുണ്ടായി. ആമ്പല്ലൂരിൽ കടകൾ അടപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലയിൽ ഒട്ടുമിക്കയിടങ്ങളിലും കടകൾ അടഞ്ഞുകിടന്നു. നിരത്തുകളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല.

‘ഏറിൽ’ വലഞ്ഞ് ബസുകൾ, യാത്രക്കാർ

പെരുമ്പിലാവ് ∙ പട്ടാമ്പി റോഡിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞു. പെരിന്തൽമണ്ണയിൽ നിന്നു തൃശൂരിലേക്കു പോയിരുന്ന ബസിനാണു രാവിലെ ഒൻപതോടെ ബൈക്കിലെത്തിയ രണ്ടു പേർ കല്ലെറിഞ്ഞത്. ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായി തകർന്നു. ഡ്രൈവർക്ക് പരുക്കുണ്ട്. ട്രാവലറിനു നേരെയും കല്ലേറ് ഉണ്ടായി. 

നാട്ടിക ∙ പുത്തൻ തോടിനടുത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറിൽ ഡ്രൈവർക്കു പരുക്കേറ്റു. മുൻ വശത്തെ ചില്ലുകൾ തകർന്നു. ചേർത്തല ചെത്തി മാരാരിക്കുളം വടക്ക് ചാരങ്കാട്ട് ബാസ്റ്റ്യനു (53) പ്രഥമ ശുശ്രൂഷ നൽകി. ചേർത്തലയിൽ നിന്നു സുൽത്താൻ ബത്തേരിക്ക് പോകുകയായിരുന്ന ബസിന് നേരെ 10 മണിയോടെയാണ് ബൈക്കിലെത്തിയ 2 പേർ കല്ലെറിഞ്ഞതെന്നു പറയുന്നു. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. 

കയ്പമംഗലം ∙ ദേശീയപാതയിൽ ചെന്ത്രാപ്പിന്നിയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന പറവൂർ ഡിപ്പോയിലെ ബസിന് നേരെ ഇന്നലെ 12 മണിയോടെ ഹൈസ്കൂൾ റോഡിന് സമീപത്താണ് കല്ലേറുണ്ടായത്. കറുത്ത ടീ ഷർട്ടും ലുങ്കിയും ഹെൽമറ്റും ധരിച്ച് റോഡരികിൽ നിന്നിരുന്ന ആളാണ് കല്ലെറിഞ്ഞതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ബസിൽ 10 യാത്രക്കാരും 2 ജീവനക്കാരും ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. 

വടക്കാഞ്ചേരി ∙ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 2 കെഎസ്ആർടിസി ബസുകളും മുള്ളൂർക്കരയിൽ ഒരു കെഎസ്ആർടിസി ബസും കല്ലെറിഞ്ഞു തകർത്തു. പാലക്കാട് നിന്നു ഗുരുവായൂരിലേക്കും കൊണ്ടയൂരിൽ നിന്ന് തൃശൂരിലേക്കും പോയിരുന്ന കെഎസ്ആർടിസി ബസുകളാണു റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആക്രമിക്കപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com