ADVERTISEMENT

തൃശൂർ ∙ ഇരുളിലൊരു ദീപനാളം നീങ്ങുന്നതു പോലെ രാഹുൽ ഗാന്ധി മുന്നിൽ. ചേർന്നു നിൽക്കാൻ കൊതിച്ച് ആയിരങ്ങൾ പിന്നാലെ.ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ ഭാരത് ജോ‍ഡോ യാത്ര സമാപിക്കുമ്പോൾ  ജനം പ്രിയ നേതാവിനു യാത്രാമംഗളങ്ങൾ നേർന്നു. ചാലക്കുടിപ്പുഴയോരത്തു നിന്നാരംഭിച്ച ജില്ലയിലെ യാത്ര ഭാരതപ്പുഴയോരത്തു സമാപിച്ചു. ജില്ലയിലെ സമാപനദിനമായ ഇന്നലെ മുളങ്കുന്നത്തുകാവ് തിരൂരിൽ നിന്നാണു പദയാത്ര പുനരാരംഭിച്ചത്. ഒന്നു കാണാനും ഫോണിൽ ചിത്രം പകർത്താനും ‘രാഹുൽജ‍ീ’ എന്ന‍ാർത്തു വിളിക്കാനും നിരത്തുവക്കിൽ കാത്തുനിന്ന ആയിരങ്ങൾ വേറെ. 

യാത്ര തുടങ്ങി ഒന്നര മണിക്കൂർ പിന്നിട്ടപ്പോഴേക്കും മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വിയോഗവിവരം അറിഞ്ഞു. യാത്രയ്ക്കിടയിലും തനിക്കു പോയേ മതിയാകൂ എന്ന നിലപാടിൽ രാഹുൽ ഉറച്ചുനിന്നു. 11 മണിയോടെ വടക്കാഞ്ചേരിയിൽ യാത്ര അവസാനിപ്പിച്ചു. ആര്യാടൻ കോൺഗ്രസിന്റെ നെടുംതൂണായിരുന്നു എന്നു മാധ്യമങ്ങളോടു പ്രതികരിച്ചശേഷം കാറിൽ നിലമ്പൂർക്കു പുറപ്പെട്ടു. 12 മണിയോടെ നിലമ്പൂരിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച ശേഷം ഒന്നരയോടെ ഹെലികോപ്റ്ററിൽ മടങ്ങിയെത്തി. ഭക്ഷണം കഴ‍ിച്ച ശേഷം വിമുക്ത ഭടന്മാരുമായി സംവാദം. 

അഞ്ചരയോടെ വടക്കാഞ്ചേരിയിൽ നിന്നു യാത്ര പുനരാരംഭിച്ചു. നഗരവും പരിസരവും നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ രാഹുൽ ഗാന്ധിക്കു വഴിയൊരുക്കാൻ അംഗരക്ഷകരും സുരക്ഷാ സേനയും പണിപ്പെട്ടു. വിവിധ കലാരൂപങ്ങൾ അണിനിരന്ന പദയാത്ര ഒന്നര മണിക്കൂർ പിന്നിട്ട് മുള്ളൂർക്കരയിലെത്തി. അപ്രതീക്ഷിതമായി വഴിയോരത്തെ പാരഡൈസ് ഹോട്ടലിലേക്കു രാഹുൽ ഗാന്ധി കയറിയതോടെ ഹോട്ടലിനു ചുറ്റും ജനസമുദ്രം. ഹോട്ടലുടമ അലിയും മകൻ ആസിഫും വിസ്മയത്തോടെ വിശിഷ്ടാതിഥിയെയും സംഘത്തെയും വരവേറ്റു. ചായയും കട്‌ലറ്റും പഴംപൊരിയും  കഴിച്ചാണു രാഹുൽ പുറത്തേക്കിറങ്ങിയത്.

പദയാത്ര അകമലയിൽ എത്തുമ്പോഴേക്കും ഒരാൾ രാഹുലിനടുത്തേക്കു നടന്നെത്തി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  വെട്ടിക്കാട്ടിരിയിലേക്കു പദയാത്ര അടുക്കുന്നതിനിടെ എത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പ്രവർത്തകർ ആരവത്തോട വരവേറ്റു. സമാപന കേന്ദ്രത്തിലേക്കു പദയാത്ര എത്തുമ്പോഴേക്കും നിന്നുതിരിയാൻ ഇടമില്ലാതെ റോഡ് നിറഞ്ഞുകവിഞ്ഞു. വടംകെട്ടിയിട്ടു പോലും തടുത്തുനിർത്താൻ കഴിയാത്ത ജനക്കടൽ. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.മുരളീധരൻ എംപി, എം.എം. ഹസൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ എംപി തുടങ്ങിയവർ വേദിയിലേക്കു രാഹുലിനെ ആനയിച്ചു. എട്ടുമണിയോടെ പൊതു സമ്മേളനത്തിനു ശേഷം തൃശൂർ ജില്ലയിലെ യാത്രയ്ക്കു സമാപനമായി. ഇന്നു ജാഥ പാലക്കാട് ജില്ലയിലേക്കു കടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com