ADVERTISEMENT

തൃശൂർ ∙ രാജീവ് ഗാന്ധിക്കൊപ്പം പ്രവർത്തിച്ച 2 മുൻ സൈനികർ തങ്ങളുടെ ഓർമകൾ പങ്കുവച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ കണ്ണുകളിലും ഓർമത്തിളക്കം.  ഇന്ത്യൻ സമാധാനസേന ശ്രീലങ്കയിൽ പ്രവർത്തിക്കുന്ന കാലത്ത് രാജീവ് ഗാന്ധിയുടെ ജാഫ്ന സന്ദർശനവേളകളിൽ സുരക്ഷാ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിരുന്ന കോട്ടയം സ്വദേശിയായ ഗണ്ണർ കെ.ജെ ജോസഫും ജൻപഥ് 10ലേക്ക് നെഹ്‌റു കുടുംബം താമസം മാറ്റിയതു മുതൽ രാജീവ് ഗാന്ധിയുടെ മരണം വരെ അദ്ദേഹത്തിന്റെ ഗൺമാൻ ആയി പ്രവർത്തിച്ച പി.എ.സുന്ദരനുമായിരുന്നു ഭാരത് ജ‍ോഡോ യാത്രയുടെ ഭാഗമായുള്ള വാർ ഹീറോ സംഗമത്തിൽ ഓർമകൾ പങ്കു വച്ചത്. 

റിട്ട. സൈനികർക്ക് അവരുടെ പ്രശ്നങ്ങൾ പങ്കു വയ്ക്കുന്നതിന് അവസരം നൽകിയപ്പോഴാണ് ജോസഫ് തന്റെ പഴയ കഥ പറഞ്ഞത്. രാഹുലിനെ കാണാനുള്ള ആവേശത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി താൻ ഉറങ്ങിയിട്ടില്ലെന്ന്  ജോസഫ് പറഞ്ഞു. സർവീസിനിടെ ഉപയോഗിച്ച തോക്കുകളെപ്പറ്റി രാഹുൽ വിശദമായി ചോദിച്ചു. പാരാ ഷൂട്ടിങ്ങിനിടെ വീണ് ഡിസ്ക്കിന് പരുക്ക് പറ്റിയത് അറിഞ്ഞതോടെ അതേക്കുറിച്ച് കൂടുതൽ തിരക്കി. മുഖാമുഖം അവസാനിച്ച് ഇറങ്ങാൻ നേരമായിരുന്നു രാജീവ് ഗാന്ധിക്കൊപ്പമുള്ള ചിത്രവുമായി പി.എ.സുന്ദരൻ രാഹുലിന് അരികിൽ എത്തിയത്. പടത്തിൽ നിന്ന് ആളെ തിരിച്ചറിഞ്ഞതോടെ രാഹുലിന്റെ ഓർമകളും പിറകിലേക്ക് സഞ്ചരിച്ചു. വൃക്കരോഗി ആണ് എന്നറിഞ്ഞപ്പോൾ എന്താണ് താൻ ചെയ്യേണ്ടതെന്നായി രാഹുൽ. 

ഒന്നും വേണ്ടെന്നും ഒന്നു കാണാൻ വേണ്ടി മാത്രം വന്നതാണെന്നും സുന്ദരന്റെ മറുപടി. തന്നെ ചികിത്സിക്കുന്ന ഗവ. മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ.അർച്ചനയ്ക്കും ഭർത്താവ് ആന്റണിക്കും രാഹുലിനൊപ്പം നിന്ന് ഫോട്ടോ എടുക്കണം എന്ന ആവശ്യം സുന്ദരൻ മുന്നോട്ടു വച്ചപ്പോൾ ഉടൻ അവരെ വിളിക്കാൻ രാഹുൽ നിർദേശിച്ചു. ഒപ്പം നിന്ന് ഫോട്ടയെടുത്ത ശേഷം പോകാൻ നേരം സ്‌നേഹത്തോടെ ഒരിക്കൽക്കൂടി കൈ പിടിച്ച് സുന്ദരന് ഓർമയിൽ സൂക്ഷിക്കാൻ ഒരുനിമിഷം കൂടി സമ്മാനിച്ചു. പരിപാടിയിൽ കേണൽ ഭുവചന്ദ്രൻ നായർ ആമുഖ ഭാഷണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com