പൊളിക്കണം പഴയ കെട്ടിടങ്ങൾ; തെളിയണം ഹൈടെക് ഭംഗി

ചാലക്കുടി ഗവ. മോഡൽ ഹൈസ്കൂൾ വളപ്പിൽ പൊളിച്ചു നീക്കാനുള്ള കെട്ടിടങ്ങൾ. പുതിയതായി നിർമിച്ച കെട്ടിടവും കാണാം.
ചാലക്കുടി ഗവ. മോഡൽ ഹൈസ്കൂൾ വളപ്പിൽ പൊളിച്ചു നീക്കാനുള്ള കെട്ടിടങ്ങൾ. പുതിയതായി നിർമിച്ച കെട്ടിടവും കാണാം.
SHARE

ചാലക്കുടി ∙ ഗവ. മോഡൽ ബോയ്സ് സ്കൂൾ സമുച്ചയത്തിൽ പുതിയ കെട്ടിടങ്ങൾ ആയിട്ടും ജീർണിച്ച പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയില്ല. ഇത് അപകട ഭീഷണി ഉയർത്തുകയാണ്. ഓടു മേഞ്ഞ മേൽക്കൂരയിലെ പട്ടികയും കഴുക്കോലും ഉൾപ്പെടെയുള്ളവയും ജനലുകളും അടക്കം ചിതലെടുത്തു ദ്രവിച്ച സ്ഥിതിയിലാണ്. ചുറ്റുമതിലിന്റെ ഭാഗം ഇടിഞ്ഞു വീണിട്ടും പുനർ നിർമിക്കുകയും ചെയ്തിട്ടില്ല. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ, ടിടിഐ, എൽപി (ബിടിഎസ്) എന്നിങ്ങനെ 5 വിദ്യാഭ്യാസ സ്ഥാപനങ്ങളാണു ഒരേ വളപ്പിലുള്ളത്.

ഇതിൽ ഹയർ സെക്കൻഡറിക്കും ഹൈസ്കൂളിനും ഹൈടെക് കെട്ടിടങ്ങൾ പണി പൂർത്തീകരിച്ചു. എൽപി, ടിടിഐ വിഭാഗം കെട്ടിടങ്ങൾ നിർമിക്കുന്നതിന് തുക അനുവദിച്ചിട്ടുള്ളത്. വിഎച്ച്എസ്ഇ വിഭാഗം കെട്ടിടത്തിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3 കോടി രൂപ അനുവദിച്ചെങ്കിലും പ്ലാനിൽ മാറ്റം വന്നതോടെ എസ്റ്റിമേറ്റ് പുതുക്കേണ്ട സ്ഥിതിയായി. എസ്റ്റിമേറ്റ് പുതുക്കിയാലും നിലവിലുള്ള ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചു നീക്കാതെ കെട്ടിടം നിർമാണം ആരംഭിക്കാനാവില്ല.

ചാലക്കുടി മോഡൽ ബോയ്സ് ഹൈസ്കൂൾ വളപ്പിലെ കെട്ടിടങ്ങളിലൊന്നിന്റെ ജനൽ ചിതലരിച്ചു നശിച്ച നിലയിൽ.
ചാലക്കുടി മോഡൽ ബോയ്സ് ഹൈസ്കൂൾ വളപ്പിലെ കെട്ടിടങ്ങളിലൊന്നിന്റെ ജനൽ ചിതലരിച്ചു നശിച്ച നിലയിൽ.

പൊളിക്കേണ്ടത് 5 കെട്ടിടങ്ങൾ

പഴയ കെട്ടിടങ്ങളിൽ 5 എണ്ണമാണു പൊളിക്കാനുള്ളത്. ഇതിൽ വിഎച്ച്എസ്ഇ വിഭാഗവും അടുക്കളയും പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. വിഎച്ച്എസ്ഇക്ക് പുതിയ കെട്ടിടം പൂർത്തിയാകാതെ നിലവിലുള്ള കെട്ടിടം പൊളിക്കാനാകില്ല. പഴയ കെട്ടിടങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ മുറിയും ഹൈസ്കൂൾ വിഭാഗത്തിലെ ഒരു ഭാഗത്തെ ക്ലാസ് മുറികളും പൊളിച്ചിരുന്നു. 

പുതിയ കെട്ടിടം നിർമാണം ആരംഭിക്കുന്നതിനായി നിലവിലുള്ള പഴയ കെട്ടിടം ഉടൻ പൊളിച്ചു നീക്കണമെന്നു പിഡബ്ല്യുഡി ആവശ്യപ്പെട്ടിട്ടു മാസങ്ങളായി. പഴയ കെട്ടിടങ്ങളിൽ ഒന്ന് പൊളിക്കുന്നതിനായി നഗരസഭ ഇതിനകം എസ്റ്റിമേറ്റ് എടുത്ത് പിഡബ്ല്യുഡിക്ക് സമർപ്പിച്ചിട്ടുണ്ട്. ശേഷിച്ചവയുടെ എസ്റ്റിമേറ്റ് തയാറാക്കലും ടെൻഡർ നടപടികളും നീളുകയാണ്. പുതിയ ഹൈടെക് കെട്ടിടങ്ങൾ വന്നതിന്റെ മനോഹാരിത പഴയ കെട്ടിടങ്ങളാൽ മറയ്ക്കപ്പെടുകയും ചെയ്യുന്നു.

നീങ്ങാതെ ആശയക്കുഴപ്പം

പൊളിക്കേണ്ട കെട്ടിടങ്ങളെ കുറിച്ചുള്ള ആശയക്കുഴപ്പവും ഇതുവരെ പൂർണമായി മാറിയിട്ടില്ല. കഴിഞ്ഞ ദിവസം സ്കൂൾ വളപ്പിന്റെ സാറ്റലൈറ്റ് സർവേ എടുത്തിരുന്നു. സ്കൂൾ സ്റ്റേഡിയം നിർമാണം സംബന്ധിച്ച കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ഇപ്പോൾ പുതിയ സ്കൂൾ മൈതാനത്ത് പവലിയൻ ഉൾപ്പെടെ സൗകര്യമൊരുക്കാനാണു അധികൃതർ ശ്രമിക്കുന്നത്. ആശയ വ്യക്തതയില്ലാത്തത് പഴകിയ കെട്ടിടങ്ങൾ പൊളിക്കുന്നതിനെയും പുതിയ കെട്ടിടങ്ങളുടെ നിർമാണത്തെയും പ്രതികൂലമായി ബാധിക്കുകയായിരുന്നു.

സ്കൂൾ വളരുന്നു

നേരത്തെ ഹൈസ്കൂൾ വിഭാഗം ബോയ്സ് സ്കൂളായിരുന്നെങ്കിലും ഈ വർഷം മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. ഇത് അഡ്മിഷൻ വർധിക്കാൻ കാരണമായി. ഹൈടെക് കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയതും സ്കൂളിന്റെ വളർച്ചയ്ക്കു കാരണമായി.

കെട്ടിടങ്ങൾ‘അൺഫിറ്റ് ’

പഴകിയ കെട്ടിടങ്ങൾ ഉപയോഗപ്രദമല്ലെന്ന് എൻജിനീയറിങ് വിഭാഗം വിലയിരുത്തിയിരുന്നു. ഇക്കാരണത്താൽ 5 കെട്ടിടങ്ങൾക്ക് വർഷങ്ങളായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. കെട്ടിടത്തിന്റെ അടിഭാഗത്തു കൂടി മാളമുണ്ടാക്കി കുറുക്കൻ അകത്തു കടന്നതായും പറയുന്നു. ശക്തമായ കാറ്റും മഴയും ഉ‌ണ്ടായാൽ കെട്ടിടം നിലംപൊത്തുമോ എന്ന ആശങ്കയും ശക്തമാണ്.

സാമൂഹികവിരുദ്ധ ശല്യം

കഴിഞ്ഞ ദിവസം സ്കൂൾ കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. പൊളിഞ്ഞു കിടക്കുന്ന ചുറ്റുമതിൽ പുനർനിർമിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}