ADVERTISEMENT

നമ്മുടെ സംസ്കാരവും പാരമ്പര്യവും നമ്മുക്ക് സമ്മാനിച്ചതാണ് ഈ കോട്ടകൾ. പൂർവ്വികർ സമ്മാനിച്ച അവ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തത്തിന് കോട്ടം തട്ടിയിരിക്കുന്നു. അധികാരികളുടെ ശ്രദ്ധയിലേക്ക്..  ജില്ലയിെല 3 കോട്ടകളുടെ സ്ഥിതി.

 പദ്ധതികൾ ഫയലിൽ മാത്രം, നിലം പൊത്താറായി പുന്നത്തൂർക്കോട്ട

ഗുരുവായൂർ ∙ പുന്നത്തൂർക്കോട്ടയിലെ 18 ഏക്കറോളം വരുന്ന ആനപ്പറമ്പിന് നടുവിൽ പഴയകാല പ്രൗഢിയുടെ ഓർമകളുമായി ജീർണിച്ച ഒരു കെട്ടിടമുണ്ട്, പുന്നത്തൂർ കോവിലകം. കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്ന പുന്നത്തൂർ സ്വരൂപത്തിന്റെ രാജ കൊട്ടാരമായിരുന്നു ഇത്. എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന വിധം ജീർണാവസ്ഥയിലാണ് കൊട്ടാരം. ചില സ്ഥലങ്ങളിൽ തൂണുകൾ നഷ്ടപ്പെട്ടു. ഓട് പൊട്ടി മഴ പെയ്ത് വെള്ളമിറങ്ങി ഭിത്തികൾ കേടു വന്നു. പട്ടികയും കഴുക്കോലും മറ്റ് മര ഉരുപ്പടികളും ചിതലരിച്ച് നശിക്കുന്നു. കോവിലകത്തിന്റെ ദുഃസ്ഥിതി മാറ്റണമെന്ന ആവശ്യത്തിന് കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ട്.

ജീർണാവസ്ഥയിലായ കൊട്ടാരം കെട്ടിടങ്ങളിലൊന്ന്
ജീർണാവസ്ഥയിലായ കൊട്ടാരം കെട്ടിടങ്ങളിലൊന്ന്

രണ്ട് പതിറ്റാണ്ടായി ദേവസ്വവും സർക്കാരും പലവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നു. എല്ലാ കടലാസിൽ ഉറങ്ങുന്നുണ്ട്, ഒന്നും നടക്കുന്നില്ല. 1975–ൽ പുന്നത്തൂർ രാജവംശത്തിന്റെ പിൻതലമുറക്കാർ 9 ഏക്കർ 75 സെന്റ് സ്ഥലവും കൊട്ടാരവും 1.60 ലക്ഷം രൂപയ്ക്ക് ദേവസ്വത്തിന് നൽകി. 1975 ജൂൺ 25ന് 25 ആനകളുമായി ഇവിടെ ആനത്താവളം ആരംഭിച്ചു. നാലുകെട്ടും നടുമുറ്റവും ഉള്ള കൊട്ടാരത്തിന് മുന്നിൽ കഥകളി അവതരിപ്പിക്കാൻ പോന്ന വിസ്തൃതമായ നാടകശാല ഉണ്ടായിരുന്നു. ഇത് കാൽ നൂറ്റാണ്ട് മുൻപ് കാറ്റിൽ തകർന്നു വീണു.

നാടക ശാല പുനർനിർമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉണ്ടായില്ല. നാടകശാലയുടെ അരമതിൽ ഇപ്പോൾ സന്ദർശകരുടെ വിശ്രമ സ്ഥാനമാണ്. 2005–ൽ പുന്നത്തൂർ കോട്ട നവീകരിക്കുമെന്ന് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു. തുടർന്ന് മാറിമാറി വരുന്ന ദേവസ്വം ഭരണസമിതികൾ നവീകരണ പ്രഖ്യാപനങ്ങൾ പതിവായി നടത്തി വന്നു. 2016–ൽ 90 ലക്ഷം രൂപയുടെയും 2018–ൽ 1.35 കോടി രൂപയുടെയും നവീകരണ പ്രോജക്ട് തയാറാക്കി. ഇപ്പോൾ 5.38 കോടി രൂപയുടെ വിശദ പദ്ധതി രേഖ തയാറാക്കി അനുമതിക്കായി ദേവസ്വം കമ്മിഷണറുടെ ഓഫിസിലേക്ക് അയച്ചിട്ടുണ്ട്. ചുവപ്പുനാടകൾ എന്ന് അഴിയും എന്നതിന് ഉറപ്പില്ല.

ചേറ്റുവ കോട്ടയിലേക്കു പ്രവേശിക്കാനുള്ള നടപ്പാലം
ചേറ്റുവ കോട്ടയിലേക്കു പ്രവേശിക്കാനുള്ള നടപ്പാലം

അവഗണനയിൽ ചേറ്റുവ കോട്ട

ചേറ്റുവ ∙ വ്യാപാരത്തിന്റെയും യുദ്ധത്തിന്റെയും ചരിത്രം ഇതാ, ഇവിടെ കാടു മൂടി കിടക്കുന്നു. ചേറ്റുവ കോട്ട വീണ്ടും അവഗണനയിൽ മറയുന്നു. പതിറ്റാണ്ടിനു മുൻപു തുടങ്ങിയ ചേറ്റുവ കോട്ടയുടെ സംരക്ഷണം എവിടെയും എത്തിയില്ല. 2 ഘട്ടങ്ങളിലായി ചെലവഴിച്ചത് 2 കോടി രൂപ എന്ന് കണക്ക്. ചരിത്രത്തിനൊപ്പം ആ കോടികളും കാടു മൂടിയിരിക്കുന്നു. 2009ലാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ചേറ്റുവ കോട്ട ഏറ്റെടുക്കുന്നത്. കോട്ടയുടെ ഒന്നാം ഘട്ട സംരക്ഷണ പദ്ധതിക്ക് 60 ലക്ഷം രൂപയാണ് അനുവദിച്ചത്. ചില ഭാഗങ്ങളിൽ പുതുതായി കരിങ്കൽ ഭിത്തി കെട്ടി.

കോട്ടയുടെ വശത്ത് ചെറിയ ഓഫിസ് മുറിയുടെ നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയായില്ല. കോട്ടയുടെ ഉള്ളിലെ കാടുകൾ വെട്ടി മാറ്റിയതോടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. 10 വർഷം പിന്നിട്ടതിനു ശേഷമാണ് അധികൃതർ വീണ്ടും കോട്ടയുടെ സംരക്ഷണവുമായി എത്തുന്നത്. അതിന് 1.15 കോടി ചെലവഴിക്കുന്നതായാണ് പ്രഖ്യാപമുണ്ടായത്. ഉദ്ഘാടനത്തിന് ശേഷം കോട്ടയുടെ ചുറ്റുമുള്ള കിടങ്ങിന് കരിങ്കൽഭിത്തി കെട്ടി, കോട്ടയിലേക്കു കടക്കാൻ വേണ്ടി ഇരുമ്പ് പാലവും ഗേറ്റും വച്ചതോടെ വീണ്ടും കോട്ടയുടെ പുനരുദ്ധാരണം നിലച്ചു. അക്കാലത്ത് കോട്ടയ്ക്ക് താൽക്കാലികമായി കാവൽക്കാരനെയും ഏർപ്പെടുത്തിയിരുന്നു. പ്രവൃത്തികൾ പൂർത്തിയാക്കിയ ചേറ്റുവ കോട്ടയുടെ സമർപ്പണം 2021–ൽ നടത്തി.

എന്ത് സംരക്ഷണമാണ് നടത്തിയതെന്ന് അധികൃതർക്ക് പോലും വിശദീകരിക്കാനാകുന്നില്ല. നിർമാണത്തിന്റെയും സമർപ്പണത്തിന്റെയുമായി 2 ശിലകൾ സ്ഥാപിച്ചതാണ് പ്രധാനമായും കാണാനുള്ളത്. കാട് വെട്ടി മാറ്റൽ, ചുറ്റുമുള്ള കിടങ്ങുകൾക്ക് ആഴം കൂട്ടി ബോട്ട് സവാരി ഒരുക്കൽ, ചുറ്റും ഇരുമ്പുവല ഉപയോഗിച്ച് സംരക്ഷണം എന്നിവ പുനരുദ്ധാരണ പ്രഖ്യാപനമായിരുന്നു. പക്ഷേ, വീണ്ടും കാട് കയറിയും ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവുമായി കോട്ട. ഇതുമൂലം ചരിത്രം പഠിക്കാൻ വരുന്ന ചരിത്ര വിദ്യാർഥികൾക്ക് കോട്ടയിലേക്കു കടക്കാൻ പോലും സാധിക്കുന്നില്ല എന്നതാണു സ്ഥിതി.

ചരിത്രം ഇങ്ങനെ

സാമൂതിരിയുടെ കടന്നു കയറ്റം തടയുന്നതിനും കച്ചവടം സുരക്ഷിതമാക്കുന്നതിനുമാണു കൊച്ചി രാജാവിന്റെ സഹായത്തോടെ ഡച്ചുകാർ ചേറ്റുവയിൽ കോട്ട നിർമിച്ചതെന്ന് ചരിത്രം പറയുന്നു. 1714–ൽ സാമൂതിരി തന്ത്രപരമായി കോട്ട പിടിച്ചെടുക്കുകയായിരുന്നു. തുടർന്നുണ്ടായ തർക്കവും ഏറ്റുമുട്ടലുകളുടെയും ഒടുവിൽ ഡച്ചുകാർ 1717–ൽ വീണ്ടും കോട്ട തിരികെ പിടിച്ചെടുത്ത് കോട്ട നവീകരിച്ചു. വില്യം ഫോർട്ട് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1756–ൽ സാമൂതിരി കീഴടക്കി.

തുടർന്ന് ബ്രിട്ടിഷുകാരുടെയും മൈസൂരുവിന്റെയും അധീനതയിലായിരുന്നു. മലബാർ ബ്രിട്ടിഷ് ഭരണത്തിന്റെ കീഴിലായതോടെ കോട്ട ഉൾപ്പെടുന്ന ചേറ്റുവ ദേശം കൊച്ചി രാജാവിന് പാട്ടത്തിന് നൽകുകയായിരുന്നുവെന്നാണു ചരിത്രം. ഒന്നാം ഘട്ട സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കിടെ കോട്ടയ്ക്കുള്ളിൽ നൂറ്റാണ്ടുകൾക്കു മുൻപ് വെട്ടുകല്ലിൽ പ്രത്യേക കുമ്മായക്കൂട്ട് ഉപയോഗിച്ച് നിർമിച്ചതിന്റെ അവശിഷ്ടങ്ങൾ കിട്ടിയിരുന്നു.

നാശോന്മുഖമായ പഴയന്നൂർ കൊട്ടാരം
നാശോന്മുഖമായ പഴയന്നൂർ കൊട്ടാരം

നാശോന്മുഖമായി പഴയന്നൂരിലെ രാജകൊട്ടാരം

പഴയന്നൂർ ∙ ഭഗവതി ക്ഷേത്രത്തിനു മുന്നിൽ നാശോന്മുഖമായി കിടക്കുന്ന കൊട്ടാരം അധികൃതരുടെ അനാസ്ഥയുടെ സ്മാരകം കൂടിയാണ്. യഥാസമയം അറ്റകുറ്റപ്പണി ചെയ്തിരുന്നെങ്കിൽ കെട്ടിടം ഇന്നത്തെ അവസ്ഥയിൽ ആകുമായിരുന്നില്ല. തകർന്ന മേൽക്കൂര, വിണ്ടു കീറിയ ചുവരുകൾ, പൊട്ടിപ്പൊളിഞ്ഞ നിലം..... ഇതൊക്കെയാണ് ഇന്ന് കൊട്ടാരത്തിന്റെ അവസ്ഥ. ഇരു നിലകളിലായി പണി തീർത്ത കൊട്ടാരത്തിന് 500 വർഷത്തോളം പഴക്കമുണ്ടെന്നാണു കരുതുന്നത്. ക്ഷേത്രദർശനത്തിനു വരുമ്പോഴും മറ്റും കൊച്ചി രാജാക്കൻമാർ വിശ്രമിച്ചിരുന്നത് ഇവിടെയായിരുന്നു.

രാജഭരണ കാലത്ത് കൊച്ചി രാജാവിന്റെ ഇടത്താവളമായിരുന്ന കെട്ടിടം ശോച്യാവസ്ഥ നേരിടുന്നതു സംരക്ഷണ ചുമതലയുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ അനാസ്ഥ കൊണ്ടു മാത്രമാണ്. കഴിഞ്ഞ വർഷം കെട്ടിടം പൊളിച്ചു നീക്കാനുള്ള ടെൻഡർ നടപടികളിലേക്കു ദേവസ്വം ബോർഡ് നീങ്ങിയെങ്കിലും വിശ്വാസികളുടെ എതിർപ്പു മൂലം പിൻവാങ്ങേണ്ടി വന്നു.

കൊട്ടാരം പൊളിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതിൽ കൊച്ചി രാജവംശത്തിന്റെ പിൻമുറക്കാരും അതൃപ്തരാണ്. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ സംരക്ഷിക്കണമെന്നാണു മാസങ്ങൾക്കു മുൻപ് ദേവസ്വം ബോർഡിനോടു സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. യഥാസമയം ഇടപെടാൻ ദേവസ്വം ബോർഡ് തയാറാകാത്തതാണ് കൊട്ടാരത്തിന്റെ നാശത്തിന് ഇടയാക്കിയതെന്ന് തദ്ദേശവാസികളും കുറ്റപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com