ADVERTISEMENT

തൃശൂർ ∙ കോടിയേരി ബാലകൃഷ്ണനോടുള്ള ആദര സൂചകമായി ജില്ലയിൽ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി  വരെ എല്ലാ തലത്തിലെയും ഓഫിസുകളിൽ പതാക താഴ്ത്തിക്കെട്ടി. ബ്രാ‍ഞ്ച് കമ്മിറ്റി ഓഫിസുകളിൽ നേതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പാർട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവച്ചു. മന്ത്രിമാർ പങ്കെടുക്കുന്നതടക്കമുള്ള ചല സർക്കാർ പരിപാടികളും മാറ്റി. തലശേരിയിൽ പൊതുദർശനം നടക്കുന്നതിനാലും മറ്റും ഇവിടെ പാർട്ടിയുടെ അനുശോചന യോഗങ്ങൾ ഇന്നലെ ഉണ്ടായില്ല.

ജില്ലയിലെ പ്രധാന നേതാക്കൾ തലശേരിയിലേക്കു പോയിരുന്നു. ഇന്നത്തെ ചില പാ‍ർട്ടി പരിപാടികളും മാറ്റിവച്ചിട്ടുണ്ട്. ഇന്ന് 5നു നടുവിലാൽ സെന്ററിൽ സർവകക്ഷി അനുശോചന യോഗം ചേരും. തൃശൂർ ഏരിയ ഒഴികെയുള്ള മുഴുവൻ ഏരിയകൾക്കു കീഴിലെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും അതത് ഇടങ്ങളിൽ വൈകിട്ട് സർവകക്ഷി അനുശോചന യോഗം ചേരും. പ്രശ്നങ്ങളെ സമചിത്തതയോടെ നേരിട്ടു പരിഹരിക്കാൻ കഴിവുള്ള നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നു മന്ത്രി കെ. രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അദ്ദേഹവുമായി മറക്കാനാകാത്ത ആത്മ ബന്ധമാണുള്ളത്. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ  സ്പീക്കറായിരുന്നു. താൻ പ്രതിപക്ഷ ചീഫ് വിപ്പായിരുന്ന കാലത്തു പ്രതിപക്ഷ ഉപനേതാവായിരുന്നു അദ്ദേഹം. പാർട്ടിക്കും കേരള സമൂഹത്തിനും  നഷ്ടമാണു കോടിയേരിയുടെ വിയോഗമെന്നും  മന്ത്രി പറഞ്ഞു. കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി  യോഗം അനുശോചനം  രേഖപ്പെടുത്തി. കേരള കോൺഗ്രസ് എമ്മിനെ ഇടതു മുന്നണിയിൽ എത്തിച്ചതിൽ നിർണായക പങ്കു വഹിച്ചത് കോടിയേരിയാണെന്നു ജില്ലാ കമ്മിറ്റി യോഗം  അനുസ്മരിച്ചു.

ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ  ഈച്ചരത്ത്  അധൃക്ഷത  വഹിച്ചു. സംസ്ഥാന  ഉന്നതാധികാര സമിതി അംഗം എം.ടി. തോമസ്, സ്റ്റിയറിങ് കമ്മിറ്റി  അംഗങ്ങളായ ബേബി മാത്യു കാവുങ്കൽ, സെബാസ്റ്റ്യൻ ചൂണ്ടൽ, ഡെന്നിസ് കെ. ആന്റണി, ബേബി നെല്ലിക്കുഴി, പി.ടി. മാത്യു, കെ.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു. ഐഎൻഎൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ചാമക്കാലയും ജനറൽ സെക്രട്ടറി ബഫീക്ക് ബക്കറും  എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജനും അനുശോചിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com