ജോലി നല്‍കുമ്പോൾ അറ്റ്ലസ് രാമചന്ദ്രൻ ഒരു വ്യവസ്ഥ വയ്ക്കും; ‘തൃശൂർ പൂരത്തിനു നിർബന്ധമായും ലീവെടുത്ത് പോകണം...’

വൈശാലി സിനിമയുടെ ക്ലാപ് ബോർഡുമായി അറ്റ്‌ലസ് രാമചന്ദ്രൻ (ഫയൽചിത്രം)
വൈശാലി സിനിമയുടെ ക്ലാപ് ബോർഡുമായി അറ്റ്‌ലസ് രാമചന്ദ്രൻ (ഫയൽചിത്രം)
SHARE

തൃശൂർക്കാർക്കു ജോലി കൊടുക്കുമ്പോൾ രാമചന്ദ്രൻ ഒരു വ്യവസ്ഥ വയ്ക്കുമത്രേ. ‘തൃശൂർ പൂരത്തിനു നിർബന്ധമായും ലീവെടുത്ത് നാട്ടിൽ പോകണം. പറ്റുമെങ്കിൽ രണ്ട് ഇതര ദേശക്കാരെയും  കൂട്ടണം’

തൃശൂർ ∙ ‘തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും തിരികേ മടങ്ങുവാൻ തീരത്തടുക്കുവാൻ ഞാനും കൊതിക്കാറുണ്ടെന്നും’ അറബിക്കഥ എന്ന ചിത്രത്തിൽ ‘ കോട്ട് നമ്പ്യാർ’ എന്ന കഥാപാത്രമായി താൻ അഭിനയിച്ച ഗാനരംഗത്തിലെ വരികൾ പോലെ തന്നെയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റെ അവസാന മോഹവും. ജന്മനാടായ തൃശൂരിൽ തിരിച്ചെത്തി ശാന്തമായി ജീവിക്കണം. നിയമ നടപടികളെല്ലാം പൂർത്തിയാക്കി വൈകാതെ സ്വദേശത്തേക്കു മടങ്ങണമെന്ന ആഗ്രഹം അടുത്ത സുഹൃത്തുക്കളോടു പങ്കുവച്ചിരുന്നു.

എന്നാൽ ജീവിതത്തോണി ആ തീരത്തടുത്തില്ല. രാമചന്ദ്രനെന്ന സഹൃദയനോടൊപ്പം ഏറെ കറങ്ങിത്തിരിഞ്ഞിട്ടുണ്ട് തൃശൂരിന്റെ സാംസ്കാരിക–സൗഹൃദ വലയം. അതിലൊന്നാണ് രാമചന്ദ്രൻ പുനർജീവനേകിയ അക്ഷരശ്ലോക സദസ്സ്.  ശോഷണം സംഭവിച്ച അക്ഷരശ്ലോക മത്സരത്തിന് ശ്ലോകങ്ങളിൽ വിദ്വാനായ അച്ഛൻ കമലാകരമേനോന്റെ സ്മരണയിലൂടെ ഒരുയിർപ്പ്. സാഹിത്യ അക്കാദമി ഹാളിലും പൂരം പ്രദർശനനഗരിയി ലുമായിരുന്നു അക്ഷരശ്ലോകസദസ്സ്. വിവിധ ജില്ലകളിൽ നിന്നെത്തുന്ന മത്സരാർഥികളിൽ ഒരാളായി എല്ലാ തിരക്കും മാറ്റിവച്ച് രാമചന്ദ്രനും കൂടും.

വിജയികൾക്കു സ്വർണ നാണയം സമ്മാനിച്ചായിരുന്നു വിദേശത്തേക്കുള്ള മടക്കം. പാവറട്ടിക്കടുത്ത് മധുക്കരയിലെ മൂത്തേടത്ത് തറവാട്ടിലായിരുന്നു ജനനം. തൃശൂർ കേരളവർമ കോളജിൽ നിന്ന് ബിരുദം. അയ്യന്തോളിനടുത്ത് ചേറ്റുപുഴയിലായിരുന്നു ഭാര്യ വീട്. സ്വന്തം സ്ഥാപനത്തിൽ തൃശൂർക്കാർക്കു ജോലി കൊടുക്കുമ്പോൾ രാമചന്ദ്രൻ ഒരു വ്യവസ്ഥ വയ്ക്കുമത്രേ–‘ഓണം, വിഷു, ഈസ്റ്റർ, റംസാൻ ആഘോഷങ്ങൾക്കു നാട്ടിൽ പോകാൻ അല്ല ലീവ് ചോദിക്കേണ്ടത്. എന്നാൽ തൃശൂർ പൂരത്തിനു നിർബന്ധമായും നാട്ടിൽ പോകണം.

പറ്റുമെങ്കിൽ രണ്ട് ഇതര ദേശക്കാരെയും കൂട്ടണം’. അത്രമേൽ ജന്മനാടിന്റെ ഊഷ്മളതയും ആഘോഷവുമെല്ലാം അദ്ദേഹം ശ്വസിച്ചു കൊണ്ടേയിരുന്നു. അറബി നാട്ടിലെ സുഹൃത്തുക്കളെയും പൂരം കാണിക്കാൻ രാമചന്ദ്രൻ കൂടെക്കൂട്ടി. അങ്ങനെ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന ട്രേഡ്മാർക്ക് വാക്യം പോലെ ജന്മനാടിന്റെ വിശ്വസ്ത സേവകനായി രാമചന്ദ്രൻ അവസാന ശ്വാസം വരെയും നിലകൊണ്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}