ചാലക്കുടി ∙ ദേശീയപാതയിൽ നിർമിക്കുന്ന അടിപ്പാതയുടെ നിർമാണം 6 മാസത്തിനകം പൂർത്തിയാക്കുമെന്നു ബെന്നി ബഹനാൻ എംപി.ജനപ്രതിനിധികളുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 10 വർഷം മുൻപ് നിർമാണം ആരംഭിച്ച അടിപ്പാതയുടെ 50 ശതമാനം പോലും ഇതുവരെ പൂർത്തിയായിട്ടില്ല. ഇക്കാരണത്താൽ ദേശീയപാതയിൽ ചാലക്കുടി ഭാഗത്ത് കടുത്ത ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. ലോക്സഭയിലെ റോഡ് ഗതാഗത - ദേശീയപാത വകുപ്പിന്റെ ധനവിനിയോഗ ചർച്ചയിൽ പങ്കെടുത്ത് ബെന്നി ബഹനാൻ എംപി നേരത്തെ ഇക്കാര്യം മന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
നേരത്തെ കരാർ ഏറ്റെടുത്ത നിർമാണ കമ്പനിയുടെ മെല്ലെപ്പോക്കിനെ തുടർന്നു കരാറുകാരെ മാറ്റുകയും പെരുമ്പാവൂർ ആസ്ഥാനമായുള്ള ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ ഏൽപിക്കുകയും ചെയ്തിരുന്നു. ദേശീയപാത അതോറിറ്റി റിസ്ക് ആൻഡ് കോസ്റ്റ് വ്യവസ്ഥയിൽ നേരിട്ടു നിർമാണം നടത്തുകയാണെന്ന് എംപി അറിയിച്ചു. ഇതിനായി പുതിയ കരാറുകാരുമായി സെപ്റ്റംബർ10നു കരാറുറപ്പിക്കുകയും 16നു പുതിയ കമ്പനി നിർമാണം ആരംഭിക്കുകയും ചെയ്തു.
കരാർ വ്യവസ്ഥ പ്രകാരം വീഴ്ച വരുത്തിയ മുൻ കരാർ കമ്പനിക്ക് ആകെത്തുകയുടെ 25% പിഴ അടയ്‌ക്കേണ്ടതായി വരുമെന്നും എംപി പറഞ്ഞു.സനീഷ്‌കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, മുൻ നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ബിജു എസ്. ചിറയത്ത്, നീത പോൾ, നഗരസഭ കൗൺസിലർ ഷിബു വാലപ്പൻ, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ ബിപിൻ മധു, സൈറ്റ് എൻജിനീയർ അർജുൻ തുടങ്ങിയവർ പ്രസംഗിച്ചു. എംപിയുടെയും എംഎൽഎയുടെയും നേതൃത്വത്തിൽ നിർമാണ സ്ഥലം സന്ദർശിച്ചു.
അപ്രോച്ച് റോഡ് സംരക്ഷണ ഭിത്തി നിർമാണം തുടങ്ങി
ചാലക്കുടി ∙ ദേശീയപാതയിലെ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി നിർമിക്കാനായി റോഡ് കുഴിക്കാൻ ആരംഭിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ടാറിങ് പൊളിച്ച് ഒരു മീറ്ററോളം ആഴത്തിലാണ് കുഴിക്കുന്നത്. കുഴിയെടുക്കുമ്പോഴുണ്ടാകുന്ന ടാറിങ്ങിന്റെ അവശിഷ്ടവും മണ്ണും ഉൾപ്പെടെ ഇവിടെ നിന്ന് ലോറികളിൽ നീക്കം ചെയ്യും. തുടർന്ന് അടിത്തറ ബലപ്പെടുത്തും. അടിപ്പാതയുടെ ഇരു ഭാഗത്തുമായി നഗരസഭ ജംക്‌ഷൻ മുതൽ ക്രസന്റ് സ്കൂൾ വരെയുള്ള ഭാഗത്താണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്. അടിപ്പാതയുടെ മുകളിൽ നിന്ന് ചരിച്ച് റോഡു വരെ കോൺക്രീറ്റ് ബ്ലോക്കുകൾ അടുക്കി നിർമിക്കുന്ന സംരക്ഷണ ഭിത്തിയുടെ ഉൾവശത്ത് മണ്ണു നിറച്ച് ബലപ്പെടുത്തിയാണ് അപ്രോച്ച് റോഡ് നിർമാണം.
തുടർന്ന് മുകളിൽ ടാറിങ്ങും നടത്തും. അടിപ്പാതയുടെ പ്രധാന ഭാഗമായ ബോക്സിന്റെ പ്രധാന സ്ലാബിന്റെ ആദ്യഘട്ടം കോൺക്രീറ്റിങ്ങിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. രാത്രി വൈകിയും നിർമാണം തുടരുന്നുണ്ട്. നിർമാണത്തിനായി നഗരസഭ ജംക്‌ഷൻ അടക്കുകയും ഇവിടം മുതൽ പോട്ട ആശ്രമം ജംക്‌ഷൻ വരെ ദേശീയപാതയിലെ ഗതാഗതം നിരോധിച്ച് സർവീസ് റോഡുകളും ബദൽ റോഡുകളും വഴി വാഹനങ്ങൾ തിരിച്ചു വിടുകയും ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്കും പതിവായി.