ADVERTISEMENT

മൂന്നാറിൽ നീലക്കുറിഞ്ഞി പൂവിടുന്നത് വാർത്തകളിൽ നിറയുമ്പോൾ ചാവക്കാട്ടെ കടൽത്തീരമാകെ വർണ സുന്ദര കാഴ്ചയൊരുക്കി അടമ്പുവള്ളികൾ പ‍ൂക്കുന്നു..

ചാവക്കാട് ∙ കടൽത്തീരമാകെ വർണക്കാഴ്ചയായി അടമ്പുവള്ളികൾ പൂത്തു. പിങ്കും വയലറ്റും ചേർന്ന പൂക്കൾ കിലോമീറ്ററുകളോളം ദൂരത്തിൽ തീരമാകെ വിരിഞ്ഞു നിൽക്കുന്നത് കാണാൻ ആളുകൾ എത്തിത്തുടങ്ങി. തീരപ്രദേശത്തെ മൺക്കൂനകളിലും മറ്റും പറ്റിപ്പിടിച്ചു പടരുന്ന ചെടിയാണ് അടമ്പുവള്ളി. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമോ തീരത്തെ കൊടും വെയിലോ ഈ ചെടിയെ ബാധിക്കാറില്ല.

തീരത്തെ മൺകൂനകൾക്കു മേൽ വലിയ പായകൾ പോലെ ഇവ പരക്കും. വേലിയേറ്റത്തെ അതിജീവിച്ചു മണൽക്കൂനകളെ നിലനിർത്താൻ ഇവ സഹായിക്കുന്നു. ലോകത്തു തന്നെ ഉപ്പുവെള്ളത്തെ അതിജീവിച്ചു വളരാൻ ശേഷിയേറിയ സസ്യങ്ങളിലൊന്നാണിത്. വിത്തുകൾ കടലിലൂടെ ഒഴുകി പലയിടങ്ങളിൽ തീരത്തടിഞ്ഞു വളരുകയാണു പതിവ്. പ്രമേഹ ചികിത്സയ്ക്കും ഇൗ ചെടി ഉപയോഗിക്കുന്നതായി പറയുന്നു.

തേനും പൂമ്പൊടിയും ഒട്ടേറെയുള്ളതിനാൽ തേനീച്ചകളുടെ ഇഷ്ട കേന്ദ്രങ്ങളാണിവ. പഞ്ചാരമണൽ തിരകളെടുത്തു കൊണ്ടുപോകാതിരിക്കാൻ ഒരു കവചം പോലെ ഇവ പ്രവർത്തിക്കുന്നു. കടപ്പുറത്തു ചൂടു കൂടുന്നതോടെയാണ് ഇവ പൂക്കാൻ തുടങ്ങുക. കുതിരക്കുളമ്പിന്റെ ആകൃതിയി ലാണ് ഇലകൾ. കടപ്പുറം ജൈവ സമ്പുഷ്ടമാക്കാൻ ഇവ സഹായിക്കുന്നു. പുത്തൻകടപ്പുറം മുതൽ മുനക്കക്കടവ് വരെ കിലോമീറ്ററുകളോളം ദൂരത്തിൽ അടമ്പുവള്ളി പൂത്തു വിരിഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com