മുണ്ട് ‘ലോക്കൽ’ ആണെന്ന് ആരുപറഞ്ഞു! ഖത്തറിലെ ലോകകപ്പ് വേദികളിലെ മലയാളി ട്രെൻഡായി മാറുകയാണ് ഡിസൈനർ ജഴ്സി മുണ്ടുകൾ. ഈ ആശയത്തിനു പിന്നിലുള്ളത് 3 മലയാളികൾ..
തൃശൂർ ∙ സ്വന്തം ‘റേഞ്ച്’ കണ്ട് കണ്ണുതള്ളിപ്പോകുന്ന അവസ്ഥയിലാണ് മുണ്ട്! ഖത്തറിലെ ലോകകപ്പ് വേദികളിൽ മലയാളികൾക്കിടയിൽ ട്രെൻഡായി മാറുകയാണ് ഡിസൈനർ ജഴ്സി മുണ്ടുകൾ. ഇഷ്ട ടീമിന്റെ ജഴ്സിയുടെ നിറത്തിൽ ഡിസൈൻ ചെയ്ത കോട്ടൺ മുണ്ടുകൾ ധരിച്ചു സ്റ്റേഡിയങ്ങളിലെത്തുന്ന മലയാളികളെക്കണ്ട് ആരാധനയോടെ നോക്കുന്നവരിൽ അതതു രാജ്യങ്ങളിൽ നിന്നെത്തിയ ‘കട്ട ഫാൻസ്’ വരെയുണ്ട്. ആയിരത്തിലേറെ മലയാളി ആരാധകർ ആവേശത്തോടെ സ്വീകരിച്ച ഈ ട്രെൻഡിനു പിന്നിലുള്ളത് തൃശൂർക്കാരായ 3 ചെറുപ്പക്കാരുടെ ആശയം.
തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ ഒരേ ബാച്ചിൽ പഠിക്കുകയും ഖത്തറിൽ സ്ഥിര താമസമാക്കുകയും ചെയ്ത ജോഗി അമ്പൂക്കൻ, അഭിലാഷ് രവീന്ദ്രൻ, ഗോപാൽ എന്നിവരുടെ തലയിൽ വിരിഞ്ഞ ആശയമാണ് ഡിസൈനർ ജഴ്സി മുണ്ട്. ഏറ്റവുമധികം മലയാളികൾ നേരിട്ടു കാണാനിടയുള്ള ഖത്തർ ലോകകപ്പിൽ വ്യത്യസ്തമായി എന്തു ചെയ്യാനാകും എന്ന ചിന്തയാണ് ഡിസൈനർ മുണ്ട് നിർമാണത്തിലേക്ക് ഇവരെ തിരിച്ചുവിട്ടത്. ജഴ്സികളുടെ കളർതീം ഉപയോഗിച്ച് മുണ്ടുകളുടെ ഡിസൈൻ തയാറാക്കിയ ശേഷം ഈറോഡിലെ കോട്ടൺ മുണ്ട് ഫാക്ടറിയുമായി ബന്ധപ്പെട്ടാണ് ഇവർ നിർമാണക്കരാർ ഏൽപിച്ചത്.
മികച്ച നിലവാരത്തിലുള്ള കോട്ടൺ തുണിയിൽ ജഴ്സി നിറങ്ങൾ സ്ക്രീൻ പ്രിന്റ് ചെയ്യിപ്പിച്ചു. ഉന്നത നിലവാരത്തിൽ സിലിക്കൺ വാഷ് നടത്തി രണ്ടായിരത്തോളം മുണ്ട് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യിച്ചു. ഇവരുടെ ആശയം കേട്ടറിഞ്ഞ് ലുലു മാൾ, ഗ്രാൻഡ് മാൾ, സഫാരി മാൾ തുടങ്ങിയ സ്ഥാപനങ്ങൾ ഇവരിൽ നിന്നു മുണ്ടുകൾ വാങ്ങി വിൽപനയ്ക്കു വയ്ക്കുകയും ചെയ്തു. കച്ചവടമെന്ന നിലയ്ക്കല്ല, ലോകകപ്പിലൊരു മലയാളി തരംഗത്തിനു തുടക്കമിടുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നു ഗോപാൽ പറയുന്നു.
മുണ്ടിന്റെ കരയിലും ജഴ്സിയുമായി ബന്ധപ്പെട്ട ചില ഡിസൈനുകൾ ചേർത്തതു ഹിറ്റായി. സിംഗിൾ മുണ്ടുകൾ മാത്രമാണ് ഇറക്കിയത്. ഇവ ധരിച്ചു ഫാൻ സോണിലും സ്റ്റേഡിയത്തിലും നിന്ന് മലയാളികളെടുത്ത സെൽഫികൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്, ജർമനി തുടങ്ങിയ ടീമുകളുടെ മുണ്ടുകളാണ് ഇറക്കിയത്. ജഴ്സികളും സ്കാർഫുമൊക്കെ കണ്ടുമടുത്തവർക്കു വേറിട്ട കാഴ്ച കൂടിയായി മുണ്ടുകൾ.