ADVERTISEMENT

ചാലക്കുടി ∙ ഇടയ്ക്കിടെ തുമ്പിക്കൈ ഉയർത്തും. ചെവികൾ ആട്ടിക്കൊണ്ടേയിരിക്കും. തലയാട്ടി മസ്തകമുയർത്തി നിൽക്കുന്നതു കണ്ടാൽ ഈ കൊമ്പൻ ആരെയും ആകർഷിക്കും. ജീവൻ തുടിക്കുന്ന ശിൽപ്പമാണിതെന്നറിഞ്ഞാൽ കൗതുകം തലപ്പൊക്കമേറ്റും. പോട്ടയിലാണു ചലിക്കുന്ന ആനശിൽപം ഒരുങ്ങുന്നത്.വിടർന്ന ചെവികൾ, പതിനെട്ടു നഖങ്ങൾ, നീണ്ടരോമങ്ങൾ നിറഞ്ഞവാൽ.

ലക്ഷണമൊത്ത ഈ ‘ഗജവീരന്’ ഉയരം പത്തര അടി, തൂക്കം ആയിരം കിലോ.ചാലക്കുടി പോട്ട പനമ്പിള്ളി കോളജ് റോഡിൽ  ശിൽപ്പികളായ  പ്രശാന്ത് പ്രകാശൻ പുതുവേലിൽ, സാന്റോ പൊട്ടത്തുപറമ്പിൽ, ജിനേഷ് കൈതവളപ്പിൽ, റോബിൻ മേപ്പുള്ളി എന്നിവരുടെ 2 മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കരിവീരൻ ‘പിറവി’യെടുത്തത്.റബർ ഉപയോഗിച്ചു നിർമിച്ച ചലിക്കുന്ന ആനയുടെ ഓരോ അവയവങ്ങളും സൂക്ഷ്മമായ നോട്ടത്തിൽ പോലും ഒറിജിനലിനെ വെല്ലുന്നതു തന്നെ.

കല്ലേറ്റുംകരയിലെ ക്ഷേത്രത്തിലേയ്ക്ക് ഉത്സവത്തിനു വേണ്ടിയാണ് ശിൽപം ഒരുക്കിയത്. കഴിഞ്ഞ ദിവസം ക്ഷേത്ര കമ്മിറ്റിക്കാർ എത്തി നെറ്റിപ്പട്ടവും മറ്റ് അലങ്കാരങ്ങളും ചാർത്തിയതോടെ ശിൽപം തനി ആനയായി കാഴ്ചക്കാരെ അമ്പരപ്പിച്ചു. പ്രശാന്തും കൂട്ടരും നിർമിക്കുന്ന ആറാമത്തെ ആനയാണിത്.4 പേർക്ക് ആനപ്പുറത്ത് സുഖമായി ഇരിക്കാം. മോട്ടർ ഉപയോഗിച്ചാണ് അവയവങ്ങൾ ചലിക്കുന്നത്. നടക്കില്ലെന്നതു മാത്രമാണു പരിമിതി. കാലുകളിൽ ചക്രങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ ഒരു രാജ കൊട്ടാരത്തിലേക്കുള്ള ഓർഡർ പ്രകാരം ആനകളെ നിർമിച്ചിരുന്നു. ദുബായിൽ ഒരുക്കുന്ന പൂരത്തിലേക്ക് ഒറിജിനലിനെ വെല്ലുന്ന 2 ആനപ്രതിമകൾ ഇവർ എത്തിച്ചു നൽകി. ദുബായിലുള്ള തൃശൂർക്കാരുടെ ‘മ്മടെ തൃശൂർ’ എന്ന സംഘടനയാണ് അവിടെ ഒരുക്കുന്ന പൂരത്തിനായി ആനയെ അന്വേഷിച്ചെത്തി കൊണ്ടുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com