ഞെരുക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചൂട്ടേറ് നടന്നു

SHARE

ഞെരുക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അപൂർവ്വമായ ചൂട്ടേറ് ചടങ്ങ്  ദീപാരാധനയ്ക്കുശേഷം നടന്നു. വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശിയുടെ പിറ്റേ ദിവസമാണ് ആണ് ചൂട്ടേറ്. ഊരായ്മ കുടുംബത്തിലെ ഉപനയനം കഴിഞ്ഞ ഉണ്ണികളാണ് ക്ഷേത്രത്തിനു മുന്നിലുള്ള ആലിലേക്ക് കത്തിച്ച ചൂട്ട് കെട്ടുകൾ എറിയുക. നമസ്ക്കാര മണ്ഡപത്തിൽ വില്വമംഗലം സ്വാമിയാരെ സങ്കല്പിച്ച് വിളക്ക് കൊളുത്തി വെക്കും.

ക്ഷേത്രത്തിനകത്തു നിന്നും കൊണ്ടുവരുന്ന  ദീപം കൊണ്ട് ഓല ചൂട്ടുകൾ കത്തിച്ച് "ഞെരൂരപ്പന് ഹരിയോം ഹരി" എന്ന് ഉച്ചരിച്ചു കൊണ്ട് 3 തവണ ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞാണ്  ചൂട്ടേറ്. നിരവധി  ബ്രാഹ്മണ ബാലൻമാർ ഇതിൽ പങ്കാളികളായി. തന്ത്രിമാർ വടക്കേടത്ത് ഹരി നമ്പൂതിരി, തെക്കേടത്ത് ദാമോദരൻ നമ്പൂതിരി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. ചൂട്ടേറ് ചടങ്ങിൻ്റെ ഐതിഹ്യം ഇങ്ങിനെയാണ്. വില്വമംഗലം സ്വാമിയാർ ദേശാടനത്തിനിടയിൽ ഒരു ദിവസം കൊടും വനത്തിൽ അകപ്പെട്ടു പോയി. 

സമയം വൈകി രാത്രിയായതിനാൽ തുടർ യാത്ര അസാദ്ധ്യമായി. രാത്രി എവിടെയെങ്കിലും കഴിച്ചു കൂട്ടാൻ തീരുമാനിച്ച സ്വാമിയാർക്ക് പറ്റിയ സ്ഥലം കണ്ടെത്താനായില്ല. ഗുരുവായൂരപ്പ ഭക്തനായ വില്വമംഗലം ഭഗവാനെ പ്രാർത്ഥിച്ചുകൊണ്ട് യാത്ര തുടർന്നു. ഗുരുവായൂരപ്പ കടാക്ഷം കൊണ്ട് ദൂരെ ഒരു ചെറിയ വെട്ടം കാണുമാറായി.  ആ സ്ഥലം ലക്ഷ്യം വെച്ച് നടന്ന സ്വാമിയാരെ അവിടുത്തെ കാഴ്ച അത്‌ഭുതപരതന്ത്രനാക്കി. ഒരു ബ്രാഹ്മണ ബാലൻ കത്തിച്ച ചൂട്ടുകെട്ടുകൾ ഒരു മാവിന്റെ മുകളിലേക്ക് ഒന്നിനു പിറകെ ഒന്നായി എറിഞ്ഞ് രസിച്ചു കൊണ്ടിരുന്നു. 

കളിയുടെ വിശദാംശങ്ങൾ  വിശദീകരിച്ച ബ്രാഹ്മണ കുമാരൻ  ഒരു സാധാരണ  ബാലനല്ലെന്ന് സ്വാമിയാർക്ക് ബോധ്യപ്പെട്ടു.  കുമാരന്റെ ഇല്ലം എവിടെയാണെന്ന്  ചോദിക്കുകയും തനിക്ക് രാത്രി തങ്ങാൻ ഒരിടം കാട്ടി തരണമെന്ന് സ്വാമിയാർ ആവശ്യപ്പെടുകയും ചെയ്തു. ആവശ്യംനിറവേറ്റി കൊടുക്കുന്നതിലേക്കായി ബ്രാഹ്മണ കുമാരൻ  സ്വാമിയാരെ കൊണ്ടുപോയി പോയി ഒരു ഒരു സ്ഥലം  ചുണ്ടിക്കാട്ടി അവിടെ കിടന്നു കൊള്ളുവാൻ പറഞ്ഞു. യാതൊന്നും പേടിക്കേണ്ട എന്നും വിഷ്ണു സഹസ്രനാമം  ജപിച്ചു കിടക്കാനും പറഞ്ഞു കുമാരൻ അപ്രത്യക്ഷനായി. 

ആരായിരിക്കും ഈ അത്ഭുതകുമാരൻ എന്ന സ്വാമിയാരുടെ ചിന്ത വളർന്നു വരുന്നതിനിടയിൽ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ താൻ കിടന്നിരുന്ന സ്ഥലം ജീർണിച്ച ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ തറയാണെന്ന്  മനസ്സിലായി. ജ്ഞാനദൃഷ്ടിയിൽ താൻ രാത്രി കണ്ട ബാലൻ ഗുരുവായൂരപ്പൻ ആണെന്ന്  തിരിച്ചറിഞ്ഞ സ്വാമിയാർ ഉടൻതന്നെ ക്ഷേത്രം പുനരുദ്ധരിച്ചു മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം പറയുന്നു. വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശിയുടെ പിറ്റെ ദിവസമായിരുന്നു ചൂട്ടെറിഞ്ഞ് രസിക്കുന്ന ബാലനെ വില്വമംഗലം സ്വാമിയാർ കണ്ടതത്രേ. അതിന്റെ സ്മരണക്കായി ഏകാദശിയുടെ പിറ്റേ ദിവസം ചൂട്ടെറിഞ്ഞ സുദിനം കേമമായി തന്നെ ആഘോഷിച്ചു വരുന്നു.     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS