ADVERTISEMENT

കുഴൂർ ∙ കോടികൾ മുടക്കി സ്ഥലവും സൗകര്യങ്ങളും ഒരുക്കിയിട്ടും പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ കെപ്ക്കോ കോഴിത്തീറ്റ ഫാക്ടറി. കേരള പൗൾട്രി ഡെവലെപ്മെന്റ് കോർപറേഷന്റെ കീഴിലാണ് കുഴൂരിലെ ഫാക്ടറി. 1993 ൽ ശിലാസ്ഥാപനം നടത്തി 3 പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രവർത്തനം ആരംഭിച്ചില്ല. ഇപ്പോൾ ഫാക്ടറിയും പരിസരവും കാടുകയറി ഇഴജന്തുക്കളുടേയും മറ്റും വിഹാര കേന്ദ്രമായിയിരിക്കുകയാണ്.

പദ്ധതി ആരംഭിക്കാൻ കഴിഞ്ഞ 2 ബജറ്റുകളിലായി 19 കോടി രൂപ വകയിരുത്തിയതായി വി.ആർ. സുനിൽകുമാർ എംഎൽഎ അറിയിച്ചു. എന്നാൽ, നടപടികൾക്ക് ഒച്ചിന്റെ വേഗതയാണ്. പ്രവർത്തന മൂലധനം ഇല്ലാത്തതാണ് പ്രധാന കാരണമായി വിലയിരുത്തുന്നത്.കോഴി വളർത്തൽ ഏറെയുണ്ടായിരുന്ന കുഴൂരിൽ ഫാക്ടറി ആരംഭിക്കാനുള്ള നിർദേശം മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റേതായിരുന്നു. പദ്ധതിക്കായി 6 ഏക്കർ സ്ഥലം വാങ്ങി. 

 ഒരു കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. തുടർന്ന് യുഡിഎഫ് കാലഘട്ടങ്ങളിൽ 20 കോടി രൂപ ചെലവഴിച്ച് കെട്ടിടങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്. എന്നാൽ, പൂർത്തീകരണത്തിനു ഈ തുക അപര്യാപ്തമായതോടെ പ്രവർത്തന സ്വപ്നങ്ങൾക്ക് വീണ്ടും മങ്ങലേറ്റു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലഘട്ടത്തിൽ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 19 കോടി രൂപ ചെലവഴിച്ച് നിർമാണജോലികൾ നടത്തുകയും 2011 ൽ പുനർനിർമാണോദ്ഘാടനം നിർവഹിക്കുകയും ചെയ്തത്.

തുടർന്ന് ഫാക്ടറിയുടെ ഉൽപാദന ഉദ്ഘാടനവും നിർവഹിച്ചത് ഉമ്മൻചാണ്ടിയാണ്. തുടർന്നുള്ള സർക്കാരുകളുടെ കാലത്ത് പദ്ധതിയെ ചലിപ്പിക്കാൻ സാധിച്ചതുമില്ല.അധികൃതരും ജനപ്രതിനിധികളും കോടികളുടെ കണക്കുകൾ പറഞ്ഞ് ഊറ്റം കൊള്ളുമ്പോൾ പദ്ധതി എന്നു പ്രാവർത്തികമാക്കാൻ സാധിക്കുമെന്ന ചോദ്യത്തിനു ഉത്തരം ബാക്കിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com