ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുരുംബ അമ്മയുടെ വിഗ്രഹവും ദീപസ്തംഭവും അടിച്ചുതകർത്ത തിരുവനന്തപുരം പാറശാല കിഴക്കൻ‍കര പുത്തൻവീട് രാമചന്ദ്രനെ (43) നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. സംഭവത്തിൽ പ്രതിഷേധിച്ചു ഹിന്ദു ഐക്യവേദി കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്തു ഹർത്താൽ ആചരിച്ചു.

  രാമചന്ദ്രൻ
രാമചന്ദ്രൻ

ഇന്നലെ രാവിലെ 5.05ന് ആണ് ഭഗവതി ക്ഷേത്രത്തിന്റെ 100 മീറ്റർ അകലെയുള്ള കുരുംബ അമ്മയുടെ ക്ഷേത്രത്തിൽ അക്രമം നടന്നത്. ക്ഷേത്രത്തിന്റെ മുൻവശത്തെ സ്റ്റീൽ വാതിലിന്റെ താഴു തകർത്ത് അകത്തു കയറിയ അക്രമി ഇരുമ്പുകമ്പി കൊണ്ടു വിഗ്രഹം അടിച്ചു തകർക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വിഗ്രഹത്തിന്റെ തലഭാഗം വേർപ്പെട്ടു. കരിങ്കൽത്തറയിൽ ഉറപ്പിച്ചിരുന്ന ദീപസ്തംഭം പിഴുതെറിഞ്ഞു. 

ക്ഷേത്ര കവാടത്തിലെ കെഎസ്ഇബി ബന്ധം വിച്ഛേദിച്ചിരുന്നു. വിളക്കുകളും വിഗ്രഹത്തിൽ ചാർത്തിയിരുന്ന പട്ടും വലിച്ചെറിഞ്ഞ നിലയിലാണ്. പുലർച്ചെ ക്ഷേത്രത്തിനടുത്തേക്ക് എത്തിയവരെ അക്രമി ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതിനിടെ ഇതുവഴി എത്തിയ ദേവസ്വം ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോഴും അക്രമി ഭീഷണി തുടർന്നുകൊണ്ടേയിരുന്നു.

തുടർന്ന് പ്രതി പുറത്തേക്കോടി, ഭഗവതിക്ഷേത്രത്തിന്റെ ഭാഗത്തേക്കു നീങ്ങി. ഒടുവിൽ ഭഗവതിക്ഷേത്ര മൈതാനിയിൽ പൊലീസ് ബലപ്രയോഗത്തിലൂടെ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതി രാമചന്ദ്രൻ ഏതാനും ദിവസമായി കൊടുങ്ങല്ലൂരിലെ ലോഡ്ജിലാണ്  താമസിച്ചിരുന്നത്. പരസ്പര വിരുദ്ധമായ മൊഴിയാണു നൽകുന്നതെന്നു ഡിവൈഎസ്പി എൻ.എസ്. സലീഷ് പറഞ്ഞു. രാമചന്ദ്രനൊപ്പം ലോഡ്ജിൽ താമസിച്ചിരുന്ന ആളെ പൊലീസ് തിരയുന്നുണ്ട്. രാമചന്ദ്രന്റെ വിലാസം മാത്രമാണ് ലോഡ്ജിൽ നൽകിയിരുന്നത്. 

കൂടെയുണ്ടായിരുന്ന ആൾ തിങ്കളാഴ്ച രാത്രി മുറിയിൽനിന്നു പോയി. അതിനുശേഷം രാമചന്ദ്രൻ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ കള്ളിമുണ്ടുടുത്തു ദർശനം നടത്താൻ ശ്രമം നടത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.  സിഐ ഇ.ആർ. ബൈജുവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.   രണ്ടരയോടെ വേഴപറമ്പിൽ ചിത്രൻ നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരം തന്ത്രി മേക്കാട്ട് മന ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പ്രതിഷ്ഠ പുനഃസ്ഥാപിച്ചു. 

അന്വേഷിക്കണം:ബിജെപി

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ശ്രീ മൂലസ്ഥാനത്തിലെ അക്രമത്തെക്കുറിച്ച് അന്വേഷണം വേണമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു. േവസ്വം അധികൃതരുടെയും പൊലീസിന്റെയും ഭാഗത്ത് അനാസ്ഥ ഉണ്ടായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിൽ സുരക്ഷയുടെ കാര്യത്തിൽ പുലർത്തേണ്ട ജാഗ്രത ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com