വെട്ടിക്കുഴി∙ കോട്ടാമലയിൽ പുലിയിറങ്ങി കൂട്ടിൽ നിന്നു കോഴികളെ പിടികൂടി. മൽപ്പാൻ ജോസിന്റെ 15 കോഴികളെയാണ് പുലി പിടിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കോഴികളുടെ കരച്ചിൽ കേട്ട് ലൈറ്റിട്ടതോടെ പുലി അടുത്തുള്ള റബർ തോട്ടത്തിൽ മറഞ്ഞു. ഇന്നലെ വൈകിട്ടു നാലിനും പുലി കൂടിനടുത്ത് എത്തി. വീട്ടുടമ ബഹളം വച്ചതോടെ പുലി തോട്ടത്തിലേക്കു ചാടി മറഞ്ഞു.5 മാസം മുൻപ് ജോസിന്റെ 200 കോഴികളെ പുലി പിടിച്ചിരുന്നു.
കിഫയുടെ നേതൃത്വത്തിൽ വനം വകുപ്പിന് പലവട്ടം പരാതി നൽകിയെങ്കിലും പുലിയെ പിടികൂടാൻ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. എന്നാൽ പുലിയെ പിടികൂടുന്നതിനുള്ള നടപടികൾ വൈകുമെന്നാണ് പരിയാരം റേഞ്ച് ഓഫിസറിൽ മറുപടി ലഭിച്ചതെന്ന് പറയുന്നു. കലക്ടർ, ചാലക്കുടി ഡിഎഫ്ഒ തുടങ്ങിയവർക്ക് കിഫ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പരാതി നൽകി.