കരുതലിന്റെ ‘സ്പെയിനൽ’ കോഡിനു നന്ദി; പക്ഷേ പോകുമ്പോൾ ഒന്നുമാത്രം ഓർമിപ്പിക്കുന്നു, നിരത്തുകളും ഗതാഗത സംവിധാനവും അനുകൂലമല്ല

സൈക്കിളിൽ ലോകസഞ്ചാരത്തിനിടെ തൃശൂരിൽ അപകടത്തിൽപ്പെട്ട സ്പാനിഷ് ദമ്പതികളായ ലൂയിസും മരിയയും ഇന്ത്യൻ യാത്രയിലെ തങ്ങളുടെ പ്രിയപ്പെട്ട ചിത്രവുമായി.                    ചിത്രം: മനോരമ
സൈക്കിളിൽ ലോകസഞ്ചാരത്തിനിടെ തൃശൂരിൽ അപകടത്തിൽപ്പെട്ട സ്പാനിഷ് ദമ്പതികളായ ലൂയിസും മരിയയും ഇന്ത്യൻ യാത്രയിലെ തങ്ങളുടെ പ്രിയപ്പെട്ട ചിത്രവുമായി. ചിത്രം: മനോരമ
SHARE

തൃശൂർ ∙ ‘ഇനിയും തിരിച്ചുവരും, ഏറെ കാണാനുണ്ട് കേരളത്തിൽ. മുടങ്ങിയ ഗോവൻ, ബനാറസ് യാത്രയും പൂർത്തീകരിക്കണം’– വേദന നിറംകെടുത്താത്ത ചിരിയോടെ മരിയ പറഞ്ഞു. റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞ സ്പാനിഷ് ദമ്പതികളായ മരിയയും ലൂയിസും നാളെ നാട്ടിലേക്കു മടങ്ങും. മലയാളികളുടെ സ്നേഹത്തിനും ആതിഥ്യമര്യാദയ്ക്കും ദൈവത്തിനും പറഞ്ഞുതീരാത്ത നന്ദിയോടെയാണു മടക്കം. ഡിസംബർ 21നു തൃശൂർ എടക്കഴിയൂരിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് മരിയയുടെ ഇടുപ്പെല്ലിനും കാലിനും ഗുരുതര പരുക്കേറ്റത്.

ക്രിസ്മസ്–പുതുവത്സരാഘോഷത്തിന് ഗോവ ലക്ഷ്യംവച്ചുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. മോശമായ നിരത്തുകളും പരുക്കൻ ഡ്രൈവിങ്ങും കാലാവസ്ഥ മാറ്റവുമൊക്കെ കാരണമാണ് കേരളത്തിലേക്കെത്തിയപ്പോൾ സൈക്കിൾ യാത്ര ഉപേക്ഷിച്ച് വാടകബൈക്കിൽ യാത്ര തുടങ്ങിയത്. സ്പെയിനിൽ നിന്ന് ഏപ്രിൽ 3നു ലോക യാത്രയ്ക്കിറങ്ങിയ ഇരുവരും ദുബായ് വഴി വിമാനമാർഗമാണ് ന്യൂഡൽഹിയിൽ എത്തിയത്. മഥുരയിൽ സൈക്കിൾ യാത്ര അവസാനിച്ചു കേരളത്തിലേക്ക് എത്തി.

മൂന്നാറും ആലപ്പുഴയും കണ്ടു കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. ലൂയിസ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇടുപ്പെല്ലും തുടയെല്ലും തകർന്ന മരിയ എഴുന്നേറ്റു നടക്കുമോയെന്നു സംശയമുണ്ടായിരുന്നു. സ്പൈനൽ കോഡ് തകരാറും സംശയിച്ചു. എന്നാൽ തൃശൂർ എലൈറ്റ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്കു തിരിച്ചുവരികയായിരുന്നു.

വാക്കറിന്റെ സഹായത്തോടെ എണീറ്റുനടക്കാനുള്ള സ്ഥിതിയിലായതോടെയാണു ഡോക്ടർമാർ മടക്കത്തിനുള്ള സമ്മതം നൽകിയത്. സ്പെയിനിൽനിന്ന് എത്തിയ ഒരു നഴ്സും മടക്കയാത്രയിൽ ഇവരുടെ സഹായത്തിനുണ്ടാകും. പോകുമ്പോൾ ഒന്നുമാത്രം ഓർമിപ്പിക്കുന്നു: കേരളത്തിലെ നിരത്തുകളും ഗതാഗത സംവിധാനവും വിനോദസഞ്ചാരികൾക്ക് അനുകൂലമല്ല.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS