ചേർപ്പ് ∙ ഒരു സന്തോഷവാർത്ത. സാങ്കേതികവിദ്യ പോക്കറ്റടിക്കാരുടെ ചീട്ടുകീറി. മോഹന പ്രതീക്ഷകളോടെ ‘അടിച്ചെടുത്ത’ പഴ്സുകൾ നിരാശ സമ്മാനിക്കുന്നതോടെ പോക്കറ്റടിക്കേസുകൾ ഇല്ലാതാവുന്നു. പഴ്സിൽ പണം കുറയുകയും ഡിജിറ്റൽ കാർഡുകളുടെ എണ്ണം കൂടുകയും ചെയ്തതോടെയാണ് പോക്കറ്റടിക്കാരുടെ പണി പോയത്. ഗൂഗിൾപേ, ഫോൺപേ തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെയുള്ള പണക്കൈമാറ്റ വിപ്ലവവും പോക്കറ്റടിക്കാർക്കു ‘പണികൊടുത്തു.’ ജില്ലയിൽ കഴിഞ്ഞ 3 വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് ആകെ 8 പോക്കറ്റടിക്കേസുകൾ മാത്രം. 2020ലും 21ലും ഓരോ കേസുകളേയുള്ളൂ.
സംസ്ഥാനമെങ്ങും ഇതുതന്നെയാണു സ്ഥിതിയെന്നു പൊലീസ് വെളിപ്പെടുത്തുന്നു. ബസുകളിലും തിരക്കേറിയ ഉത്സവപ്പറമ്പുകളിലും പൊതുജനങ്ങൾക്കും പൊലീസിനും തലവേദനയായിരുന്ന പോക്കറ്റടിയിൽ നിന്നാണു ജനം രക്ഷപ്പെട്ടത്. പോക്കറ്റടി സൂക്ഷിക്കുക എന്ന ബോർഡുകളും അപ്രത്യക്ഷമായി. മണിക്കൂറുകൾ പണിപ്പെട്ടു പോക്കറ്റടിച്ചാൽ കിട്ടുന്നത് എടിഎം കാർഡ്, ഡ്രൈവിങ് ലൈസൻസിന്റെയും ആധാറിന്റെയും ലാമിനേറ്റഡ് കോപ്പി, ഉടമയുടെയും ദൈവത്തിന്റെയും ഫോട്ടോ, ഡേറ്റ് കഴിഞ്ഞതും അല്ലാത്തതുമായ ലോട്ടറികൾ, പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ ഇവയൊക്കെയാണെന്നു പതിവു പോക്കറ്റടിക്കാർ പൊലീസിനോടു തന്നെ വെളിപ്പെടുത്തുന്നു.

ഒരു കാലത്ത് കേരളത്തിലെ ഒരു ജില്ലയിൽ പോക്കറ്റടി പഠിപ്പിക്കുന്ന വിദഗ്ധർ പോലുമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. അവരുടെയും ‘ ആപ്പീസ് പൂട്ടി’. സ്ത്രീകളുടെ ബാഗ്, മാല എന്നിവ മോഷ്ടിക്കുന്നതിലേക്ക് കുറച്ചുപേർ ചുവടുമാറ്റിയിട്ടുമുണ്ട്. തമിഴ്നാട്ടിലെ കടലൂർ, ചിദംബരം എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് ഇതിൽ കേന്ദ്രീകരിക്കുന്നത്. ബാഗ് ബ്ലേഡ് കൊണ്ടു കീറുന്നതിലാണ് ഇവരുടെ മികവ്. പിടികൂടി സ്റ്റേഷനിലെത്തിച്ചാൽ ഇടവേളയില്ലാതെ കരച്ചിലും ബഹളവും ശാപവുമായി പൊലീസിന്റെ സ്വൈരം കെടുത്തുന്നതാണ് അവരുടെ ‘ സാങ്കേതികവിദ്യ’.
തട്ടിപ്പുകാർ രക്ഷപ്പെടും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
തൃശൂർ∙ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ വർഷം സിറ്റി പൊലീസ് പരിധിയിൽ മാത്രമുണ്ടായ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം 512. 2021ൽ 431, 2021ൽ 617 കേസുകൾ. ഇതിൽ കൂടുതലും ചില ധനകാര്യസ്ഥാപനങ്ങളും മണിചെയിൻ കമ്പനികളും നടത്തിയ തട്ടിപ്പിൽപ്പെട്ടവരുടെ കൂട്ടപ്പരാതികളാണ്. ചെറുകിട കമ്പനികളുടെ തട്ടിപ്പുമുണ്ട്. ഈ നൂറുകണക്കിനു കേസുകളിൽ പ്രതികൾക്കെതിരെ അന്വേഷണവും അറസ്റ്റ് നടപടികളുമുണ്ടായിട്ടുണ്ടെങ്കിലും പണം തിരികെ കിട്ടിയവർ വളരെക്കുറവ്.
കേസ് റജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ജാമ്യത്തിലിറങ്ങുകയും മറ്റേതെങ്കിലും പേരിൽ കമ്പനി തുടങ്ങുകയുമാണ് തട്ടിപ്പുകാർ ചെയ്യുക. ചില കമ്പനികളുടെ തട്ടിപ്പുകളിൽ പരാതിക്കാരുടെ കേസുകൾ ഒറ്റപ്പരാതിയായി കേസെടുത്തിട്ടുമുണ്ട്. ഇങ്ങനെ നോക്കുമ്പോൾ പണം നഷ്ടപ്പെട്ടവരുടെ എണ്ണം പലമടങ്ങാകും. സൈബർ പൊലീസ് കേസുകളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 2008ൽ ഒരു സൈബർ കേസാണ് റജിസ്റ്റർ ചെയ്തത്.
2009ൽ 2 കേസുകൾ. 2021ൽ 55 കേസായും കഴിഞ്ഞ വർഷം 47 കേസായും ഉയർന്നു. ഒടിപി ചോദിച്ചറിഞ്ഞുള്ള തട്ടിപ്പുകളാണ് ഇതിൽ കൂടുതലും. കസ്റ്റമർകെയറിൽ നിന്നാണെന്നു പറഞ്ഞു വ്യാജകോളുകൾ വിളിക്കുന്നവരുടെ നിർദേശം അനുസരിക്കുന്നവരുടെ പണം നഷ്ടപ്പെടുന്നതാണ് മറ്റൊന്ന്. സമ്മാനം അടിച്ചുവെന്ന വ്യാജ സന്ദേശത്തിൽ ചാടിവീഴുന്നവർക്കും ധാരാളം പണം നഷ്ടപ്പെട്ടിട്ടുണ്ട്.

സ്വർണത്തിനു ‘ പൊന്നുംവില’ മാലപൊട്ടിക്കൽ സജീവം
തൃശൂർ∙ സ്വർണത്തിന്റെ വില റെക്കോർഡിലേക്കു കുതിക്കുന്നതിനൊപ്പം ബൈക്കിലെത്തി മാലപൊട്ടിക്കൽ സംഭവങ്ങളും വർധിക്കുന്നു.ഇരുചക്രവാഹനത്തിലെത്തി വഴി ചോദിച്ചശേഷമുള്ള മാലപൊട്ടിക്കൽ, റോഡരികിലൂടെ നടന്നുപോകുന്നവരുടെ അരികിലൂടെ പതിയെ വാഹനം കൊണ്ടുവന്ന് മാല പറിച്ചെടുത്തുള്ള പാച്ചിൽ, കണ്ണിൽ മണലോ മുളകുപൊടിയോ എറിഞ്ഞശേഷമുള്ള മാല പൊട്ടിക്കൽ..
ഇത്തരം കേസുകളാണ് കൂടുതൽ. കഴിഞ്ഞ 3 വർഷത്തിനിടെ 71 മാലപൊട്ടിക്കൽ കേസുകൾ തൃശൂർ സിറ്റി പൊലീസ് പ്രദേശത്തു മാത്രമുണ്ടായി. 2020ൽ 16, 2021ൽ 26, 2022ൽ 29 എന്നിങ്ങനെയാണു കണക്കുകൾ. 71 കേസിൽ 36 കേസുകളിൽ മാത്രമാണു പ്രതികൾ പിടിയിലായത്.