ഗുരുവായൂരിൽ 55 കോടിയുടെ അത്യാധുനിക ആശുപത്രി; സമ്മതമറിയിച്ച് അനന്ത് അംബാനി

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം  അനന്ത് അംബാനിയും രാധിക മർച്ചന്റും  ആനത്താവളമായ പുന്നത്തൂർകോട്ടയിൽ എത്തിയപ്പോൾ.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം അനന്ത് അംബാനിയും രാധിക മർച്ചന്റും ആനത്താവളമായ പുന്നത്തൂർകോട്ടയിൽ എത്തിയപ്പോൾ.
SHARE

ഗുരുവായൂർ ∙ ക്ഷേത്രനഗരിയിൽ മികച്ച ആശുപത്രി സ്ഥാപിക്കുന്നതിന് സഹായം ചെയ്യാൻ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി സമ്മതം അറിയിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയനോടാണ് ഇക്കാര്യം സൂചിപ്പിച്ചത്. സെപ്റ്റംബറിൽ മുകേഷ് അംബാനി ദർശനത്തിന് വന്നപ്പോൾ ആധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രി നിർമിക്കുന്നതിന് സഹായിക്കണം എന്ന് ദേവസ്വം അഭ്യർഥിച്ചിരുന്നു.

വിശദമായ പദ്ധതിരേഖ തയാറാക്കാൻ അദ്ദേഹം നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 55 കോടി രൂപ ചെലവ് വരുന്ന ആശുപത്രിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) ദേവസ്വം തയാറാക്കി. പ്ലാൻ ജില്ല ടൗൺ പ്ലാനർക്ക് സമർപ്പിച്ചു. അനന്ത് അംബാനിയോട് ഇക്കാര്യം ചെയർമാൻ പറഞ്ഞതോടെ ദേവസ്വം മെഡിക്കൽ സെന്ററിന്റെ കാര്യം തങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും വേണ്ടത് ചെയ്യാം എന്നും അറിയിച്ചു. ചെയർമാൻ കൈമാറിയ ഡിപിആർ സ്വീകരിച്ച അനന്ത് തുടർനടപടികൾക്ക് റിലയൻസ് ഉദ്യോഗസ്ഥരെ അയയ്ക്കാമെന്ന് അറിയിച്ചു. 

 പ്രതിശ്രുത വധു രാധിക മർച്ചന്റും ബോളിവുഡ് നടി ജാൻവി കപൂർ ഉൾപ്പെടെയുള്ള സുഹൃത്തുക്കളും അനന്തിന് ഒപ്പം ഉണ്ടായിരുന്നു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ 2 ഹെലികോപ്റ്ററുകളിൽ ഇറങ്ങിയ സംഘം 1.30യോടെ ദേവസ്വത്തിന്റെ ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ എത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സ്വീകരിച്ചു. ക്ഷേത്രദർശനത്തിനു ശേഷം ആനത്താവളമായ പുന്നത്തൂർ കോട്ടയും സന്ദർശിച്ചു. 

വരുന്നത് അത്യാധുനിക ആശുപത്രി 

ഗുരുവായൂർ ∙ ദേവസ്വം നിർമിക്കാൻ ഉദ്ദേശിക്കുന്നത് എല്ലാവിധ രോഗങ്ങൾക്കും ചികിത്സ ലഭിക്കുന്ന അത്യാധുനിക ആശുപത്രി. ഇത് സൂപ്പർ സ്പെഷൽറ്റി ആശുപത്രി ആയിരിക്കില്ല.    ഇപ്പോഴത്തെ ദേവസ്വം മെഡിക്കൽ സെന്ററിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റും. പിൻഭാഗത്തെ കൂടുതൽ സ്ഥലം പ്രയോജനപ്പെടുത്തി 80,000 ചതുരശ്ര അടി വിസ്തീർണത്തിൽ ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ അടക്കം 5 നിലകളാണ് കെട്ടിടത്തിന്.    2 നിലകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വാർഡ്. ഒരു നിലയിൽ മുറികൾ. ബേസ്മെന്റിൽ കാർ പാർക്കിങ്. ഡയാലിസിസ്, കാർഡിയോളജി, ഗൈനക്കോളജി, ശസ്ത്രക്രിയ സൗകര്യങ്ങൾ ഉണ്ടാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS