പാൻ കാർഡ് അപ്ഡേഷൻ സന്ദേശത്തിലൂടെ പണം തട്ടിപ്പ്, പ്രധാനി അറസ്റ്റിൽ

സൈമൺ ലാൽ
സൈമൺ ലാൽ
SHARE

ഇരിങ്ങാലക്കുട ∙ പാൻ കാർഡ് അപ്ഡേഷനുമായി ബന്ധപ്പെട്ട് ഫോണിലേക്ക് ബാങ്കിന്റെ പേരിൽ വ്യാജ ലിങ്ക് അയച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയായ കൊൽക്കത്ത ബെഹല മൊണ്ടാൽപര റോഡിൽ സൈമൺ ലാലിനെ (28) റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ ബി.കെ.സുനിൽ കൃഷ്ണനും സംഘവും കൊൽക്കത്തയിൽനിന്ന് അറസ്റ്റ് ചെയ്തു. പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ നെറ്റ് ബാങ്കിങ് ബ്ലോക്ക് ആകുമെന്നും കാണിച്ച് ഫോണിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പേരിൽ വ്യാജ ലിങ്ക് എസ്എംഎസ് സന്ദേശം വഴി അയച്ച് പണം തട്ടുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.

2022 ഒക്ടോബർ 16ന് ചെന്ത്രാപ്പിന്നി സ്വദേശിയും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ നിധിന്റെ അഞ്ചര ലക്ഷം രൂപയാണ് ഇത്തരത്തിൽ തട്ടിയത്. നിധിന്റെ ഫോണിലേക്ക് ബാങ്കിന്റെ പേരിൽ ലിങ്ക് എസ്എംഎസായി വന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ എസ്ബിഐ യുനോയുടെതിന് സമാനമായ വെബ്സൈറ്റ് തുറന്നു. ബാങ്ക് വിവരങ്ങൾ കൊടുത്ത നിമിഷംതന്നെ അക്കൗണ്ടിൽനിന്ന് അഞ്ചര ലക്ഷം രൂപ നഷ്ടപ്പെട്ടതായി സന്ദേശം വന്നു. പിന്നീട് തന്റെ മൊബൈലിലേക്കു വന്ന ഒടിപി, സൈറ്റിൽ എന്റർ ചെയ്യാതെ ഇരിങ്ങാലക്കുടയിലുള്ള റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

സൈബർ വിദഗ്ധരടങ്ങിയ സംഘം രൂപികരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരന്റെ പണം നഷ്ടപ്പെട്ടത് ഓൺലൈൻ പർച്ചേസിലൂടെയായിരുന്നുവെന്നു കണ്ടെത്തി. പ്രതികൾ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് 1.6 ലക്ഷം രൂപ വില വരുന്ന 3 മൊബൈൽ ഫോണുകളും 25,000 രൂപ വിലവരുന്ന 2 മൊബൈൽ ഫോണുകളും ഇയർ ബഡുകളും ഓൺലൈനിലുടെ വാങ്ങിയിരുന്നു. ഇൗ ഫോണുകൾ ഉപയോഗിക്കാതെ കൊൽക്കത്തയിലുള്ള മൊബൈൽ ഷോപ്പുകൾ വഴി മറിച്ചുവിൽക്കുകയായിരുന്നു. ജാർഖണ്ഡ് കേന്ദ്രമാക്കി ഇത്തരം കുറ്റകൃത്യങ്ങൾ സ്ഥിരം ചെയ്യുന്നയാളാണെന്നു മനസ്സിലാക്കി  നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മൂന്നര ലക്ഷം രൂപ വില വരുന്ന 2 മൊബൈൽ ഫോണുകളും വിൽപനയ്ക്കായി കൊണ്ടുവന്ന 80,000 രൂപയുടെ ഐ ഫോണും പ്രതിയിൽനിന്നു കണ്ടെത്തി. കേരളം കേന്ദ്രമാക്കി നടന്ന ലക്ഷക്കണക്കിനു രൂപയുടെ ഓൺലൈൻ തട്ടിപ്പിലെ പ്രധാനിയാണ് അറസ്റ്റിലായ സൈമൺ ലാലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. സൈബർ ക്രൈം എസ്ഐമാരായ ടി.എം.കശ്യപൻ, വി.ഗോപികുമാർ, എഎസ്ഐമാരായ പി.പി.ജയകൃഷ്ണൻ, മനോജ്, ബെന്നി ജോസഫ്, സിപിഒമാരായ എച്ച്.ബി.നെഷ്റു, കെ.ജി.അജിത്കുമാർ, സി.കെ.ഷനൂഹ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS