തൃശൂർ ∙ ‘പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?’ സമുദ്ര നിരപ്പിൽ നിന്നു 3100 അടി ഉയരെ പല കൊടുമുടികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മലക്കപ്പാറയിൽ, പൊലീസ് സ്റ്റേഷന്റെ മട്ടുപ്പാവിലെ ക്ലാസിലിരുന്നു സിവിൽ പൊലീസ് ഓഫിസർ ശ്യാമിന്റെ ചോദ്യം. ഒന്നിലേറെ വിദ്യാർഥികൾ ഉത്തരം പറയാൻ ഒന്നിച്ചു കൈകളുയർത്തി. മുൻനിരയിലിരുന്ന അഞ്ജുവിന്റേതായിരുന്നു ശരിയുത്തരം: ‘ആനമുടി’. ഒരു വർഷമായി സ്റ്റേഷനിൽ തുടരുന്ന ഈ ‘ചോദ്യോത്തരവേള’യിലൂടെ 9 ആദിവാസി വിദ്യാർഥികളാണു സായുധ സേനയിലേക്കുള്ള പിഎസ്‌സി റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.
ഫോറസ്റ്റ് ബീറ്റ് ഓഫിസർ റാങ്ക് പട്ടികയിൽ 5 പേരും. അടിസ്ഥാന വിദ്യാഭ്യാസത്തിനപ്പുറത്തേക്കു സ്വപ്നങ്ങൾ കാണാൻ കഴിയാതിരുന്ന ഒരുകൂട്ടം ചെറുപ്പക്കാരെ സർക്കാർ ജോലികളിലേക്കു കൈപിടിച്ചുയർത്തുകയാണ് ഈ പൊലീസ് സ്റ്റേഷൻ. ചാലക്കുടിയിൽ നിന്ന് 86 കിലോമീറ്ററകലെ തമിഴ്നാട് അതിർത്തിയോടു ചേർന്ന ഹൈറേഞ്ച് ഗ്രാമമാണു മലക്കപ്പാറ. പെരുമ്പാറ, കപ്പായം, അടിച്ചിൽത്തൊട്ടി, ഷോളയാർ, ആനക്കയം, തവളക്കുടിപ്പാറ, വാച്ചുമരം, മുക്കുംപുഴ തുടങ്ങിയ ആദിവാസി ഊരുകളിലെ നിവാസികളാണു ജനസംഖ്യയിലേറെയും.
2019–ൽ ഇവിടേക്ക് സബ് ഇൻസ്പെക്ടറായി എത്തിയ ടി.ബി. മുരളീധരനാണ് ഊരുകളിലെ ചെറുപ്പക്കാർക്കായി തൊഴിൽ മാർഗനിർദേശ, പരിശീലന ക്ലാസുകൾ ആരംഭിച്ചത്. ജനമൈത്രി ബീറ്റ് ഓഫിസർമാരായ ശ്യാം, രതീഷ് എന്നീ സിപിഒമാരായിരുന്നു ക്ലാസിലെ അധ്യാപകർ. തുടക്കം എളുപ്പമായിരുന്നില്ല. ചെറുപ്പക്കാരിൽ ഏറിയ പങ്കും ക്ലാസിലെത്താൻ സന്നദ്ധരായില്ല. പെൺകുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കളും മടിച്ചു. മുരളീധരനും സംഘവും നിരന്തരം ഊരിലെത്തി അഭ്യർഥിച്ച ശേഷമാണു വിദ്യാർഥികൾ സ്റ്റേഷനിലെത്തിത്തുടങ്ങിയത്.
∙ റജിസ്ട്രേഷൻ കടമ്പ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അധികൃതരെ മലക്കപ്പാറയിലെത്തിച്ച് മുഴുവൻ ആദിവാസി ചെറുപ്പക്കാരുടെയും പേരുകൾ റജിസ്റ്റർ ചെയ്യിച്ചു. ഇവരുടെയെല്ലാം ആധാർ റജിസ്ട്രേഷൻ നടത്തിച്ചു. എല്ലാവരുടെയും പേരിൽ പിഎസ്‍സി ഓൺലൈൻ പ്രൊഫൈലുണ്ടാക്കി. ശനി, ഞായർ ദിവസങ്ങളിൽ പിഎസ്‍സി, നീറ്റ് പരീക്ഷാ പരിശീലന ക്ലാസുകൾ ആരംഭിച്ചു. തമിഴ്നാട് അതിർത്തി കടന്ന് 6 കിലോമീറ്റർ ബസിൽ സഞ്ചരിച്ച്, കൊടും വനത്തിലൂടെ 4 കിലോമീറ്റർ നടന്നാൽ മാത്രം എത്തിച്ചേരാൻ കഴിയുന്ന വെട്ടിചുട്ടക്കാട് ആദിവാസി കോളനിയിൽ നിന്നടക്കം വിദ്യാർഥികളെ എത്തിച്ചു.
ഇവർക്കു രാത്രിയിൽ തങ്ങാൻ പൊലീസ് ക്വാർട്ടേഴ്സിൽ മുറികളും കട്ടിലും കിടക്കയുമൊരുക്കി. ക്ലാസുള്ള ദിവസങ്ങളിൽ മുഴുവൻ വിദ്യാർഥികൾക്കും ഭക്ഷണവും നൽകി. ക്ലാസ് കഴിഞ്ഞാലുടൻ പെൺകുട്ടികളെ പൊലീസ് ജീപ്പിൽ ഊരുകളിൽ സുരക്ഷിതരായി എത്തിച്ചു. ഐആർ ബറ്റാലിയൻ കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഇടംപിടിച്ച 9 പേർക്കു ശാസ്ത്രീയ കായികപരിശീലനം ലഭ്യമാക്കാൻ ജംപിങ് പിറ്റ് ഒരുക്കി.
ഷോട്പുട്ട്, ക്ലൈംബിങ് റോപ് തുടങ്ങിയ ഉപകരണങ്ങൾ വിലയ്ക്കു വാങ്ങി. പൊലീസുകാർ പിരിവിട്ടും സുമനസ്സുകൾ സഹായിച്ചുമാണ് ക്രമീകരണങ്ങൾ ഒരുക്കിയത്. കായിക പരിശീലനത്തിനു പൊലീസ് വാങ്ങി നൽകിയപ്പോഴാണു വിദ്യാർഥികളിൽ ചിലർ ആദ്യമായി ഷൂ ധരിച്ചത്. അടുത്ത ഘട്ടമെന്ന നിലയിൽ കംപ്യൂട്ടറും പ്രൊജക്ടറും ഉപയോഗിച്ചുള്ള പരിശീലനം ലഭ്യമാക്കാൻ ഒരുങ്ങുകയാണിവർ.