3 മന്ത്രിമാർ അടക്കം 12 ഭരണപക്ഷ എംഎൽഎമാർ; എന്നിട്ടും വൻ പദ്ധതികളിൽ തൃശൂർ ജി 'ഇ' ല്ല!

HIGHLIGHTS
  • 3 മന്ത്രിമാർ അടക്കം 12 ഭരണപക്ഷ എംഎൽഎമാർ ഉണ്ടായിട്ടും സംസ്ഥാന ബജറ്റിൽ ജില്ലയ്ക്ക് നിരാശ മാത്രം
thrissur news
SHARE

തൃശൂർ∙ സംസ്ഥാന ബജറ്റിൽ വലിയ പദ്ധതികളിലൊന്നും ഇടം നേടാതെ തൃശൂർ ജില്ല. അതേസമയം, ചെറുകിട പദ്ധതികളിൽ ഇടംപിടിച്ചിട്ടുമുണ്ട്. മെട്രോ നഗരങ്ങളുടെ വികസനത്തിനു മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിൽ സഹായിക്കുന്നതിന് രാജ്യാന്തര കൺസൽട്ടന്റിനെ തിരഞ്ഞെടുക്കുമെന്ന പ്രഖ്യാപനത്തിലും തൃശൂർ ഇല്ല. തിരുവനന്തപുരം കൊച്ചി കോഴിക്കോട് നഗരങ്ങളാണ് എടുത്തു പറയുന്നത്. ആറുകോർപറേഷനുകളിലെയും നിലവാരം മെച്ചപ്പെടുത്തുമെന്നേ പറയുന്നുള്ളു.

ശക്തൻ മാർക്കറ്റ് വികസനത്തിന് 50 കോടി രൂപ, കലക്ടറേറ്റ് അനക്സ് കെട്ടിടത്തിന് 25 കോടി രൂപ, കൊടുങ്ങല്ലൂർ നഗരസഭ സമ്പൂർണ കുടിവെള്ള പദ്ധതി നവീകരണം– 75 കോടി രൂപ, തൃശൂർ - വാടാനപ്പള്ളി റോഡിൽ കനോലി കുറുകെ പാലം പുനർ നിർമാണം - 60 കോടി രൂപ എന്നിവയാണു പ്രധാന പദ്ധതികൾ. വികസന പ്രവർത്തനങ്ങൾക്കായി 23 കോടി രൂപ വകയിരുത്തിയ 4 റീജനൽ സയൻസ് സെന്ററുകളിലൊന്ന് ചാലക്കുടിയിലേതാണ്.

മറ്റു പ്രധാന പദ്ധതികൾ ഇങ്ങനെ

∙ പറവട്ടാനി സ്റ്റേഡിയം– 10 കോടി

∙ ചുവന്നമണ്ണ് ഫയർ സ്റ്റേഷൻ നിർമാണം - 10 കോടി

∙ പുത്തൂർ സെന്റർ വികസനം തുടർ പ്രവർത്തനം - 25 കോടി

∙പീച്ചി ഐടിഐ കെട്ടിട നിർമാണം - 10 കോടി

∙ താന്ന്യത്ത് പെരിങ്ങോട്ടുകരയിൽ അക്വാറ്റിക് കോംപ്ലക്സ് – 5 കോടി

∙ കൊടുങ്ങല്ലൂർ നഗരസഭ സമ്പൂർണ കുടിവെള്ള പദ്ധതി നവീകരണം– 75 കോടി

∙ മുസിരിസ് പൈതൃക പദ്ധതി– 17 കോടി

∙ തൃശൂർ കുന്നംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് വിഭാഗത്തിന് ഹോസ്റ്റൽ, മെസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ –3.60 കോടി. 

∙ തിരുവില്വാമല വികെഎൻ സ്മാരകം - 50 ലക്ഷം

∙ അമല നഗർ പാവറട്ടി റോഡിൽ കടാംതോട് പാലം നിർമാണം - 12 കോടി

∙ കണ്ടാണശേരി പഞ്ചായത്തിൽ നമ്പഴിക്കാട് ഗ്രൗണ്ടിൽ സ്റ്റേഡിയം നിർമാണം– 10 കോടി

∙ ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഒപി ബ്ലോക്ക് നിർമാണം – 8.50 കോടി

∙ വാഴച്ചാലിൽ ഗോത്ര വർഗ പൈതൃക സംരക്ഷണ കേന്ദ്രം – 5  കോടി 

∙ ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റേഷൻ നവീകരണം– 10 കോടി 

∙ കയ്പമംഗലം മണ്ഡലത്തിൽ തീരദേശത്ത് ടെട്രോപാഡ് കടൽഭിത്തി നിർമാണം–  5 കോടി 

∙ പെരിഞ്ഞനം, പടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം – 6 കോടി 

∙ എറിയാട് ആറാട്ടുവഴി പാലം – 6 കോടി 

∙ ചാവക്കാട് നഗരസഭ ഓഫിസ് കെട്ടിട നിർമാണം – 5 കോടി.

പുത്തൂർ മൃഗശാല.
പുത്തൂർ മൃഗശാല.

പുത്തൂർ മൃഗശാല: നടത്തിപ്പിന് 6 കോടി

തൃശൂർ∙ പുത്തൂർ സുവോളജിക്കൽ പാർക്ക് ഈ വർഷം തന്നെ പ്രവർത്തനം തുടങ്ങുമെന്ന് ഉറപ്പുനൽകുന്ന ബജറ്റിൽ ദൈനംദിന നടത്തിപ്പു ചെലവിലേക്ക് 6 കോടി രൂപയും വകയിരുത്തി. പദ്ധതിയിലേക്ക് ഇത്തവണ തുക അനുവദിച്ചിട്ടില്ല. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് നിർമാണം നടക്കുന്നത്.

350 കോടി ചെലവു കണ്ടു നിർമാണം തുടങ്ങിയ പദ്ധതി 310 കോടി രൂപയ്ക്കു തീരുമെന്നാണു സ്പെഷൽ ഓഫിസർ പറയുന്നത്. 270 കോടി രൂപ കിഫ്ബിയും 40 കോടി രൂപ സർക്കാരും നൽകുന്നു. കിഫ്ബിയിൽ നിന്ന് 100 കോടിരൂപ കൂടിയേ ഇനി കിട്ടാനുള്ളു. ഇത് രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകുമ്പോൾ ലഭിക്കുമെന്നാണ് വിശദീകരണം.

തൃശൂർ ഗവ.മെഡിക്കൽ കോളജ്
തൃശൂർ ഗവ.മെഡിക്കൽ കോളജ്

ഗവ. മെഡി.കോളജിന് 25.4 കോടി രൂപ

തൃശൂർ ∙ ഗവ. മെഡിക്കൽ കോളജിന് 25.4 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. മെഡിക്കൽ കോളജുകളിൽ ഇന്റർവെൻഷനൽ റേഡിയോളജി ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളുടെ വികസനത്തിനായി ബജറ്റിൽ വകയിരുത്തിയ തുകയിൽ മെഡിക്കൽ കോളജിന് 2.9 കോടി ലഭിക്കും. എല്ലാ മെഡിക്കൽ കോളജുകളിലും ഭിന്നശേഷി-വയോജന സൗഹൃദ പരിതസ്ഥിതി ഉറപ്പാക്കുന്നതിനായി 2.6 കോടി രൂപ പൊതുവായി അനുവദിച്ചിട്ടുണ്ട്. ഇതിൽ തൃശൂർ മെഡിക്കൽ കോളജിൽ കൃത്രിമ കൈകാലുകൾ ഘടിപ്പിക്കുന്ന കേന്ദ്രത്തിനുള്ള കെട്ടിട നിർമാണം ഉൾപ്പെട്ടിട്ടുണ്ട്.

ഗവ. നഴ്സിങ് കോളജിനായി 6.53 കോടി രൂപയും ഗവ. ഡെന്റൽ കോളജിനായി 5.33 കോടി രൂപയും അനുവദിച്ചു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്കായി 12.5 കോടി രൂപ അനുവദിച്ചു. ക്യാംപസിന്റെ അടിസ്ഥാന സൗകര്യ വികസനം, ക്യാംപസിലെ ടൈപ്പ് 3, 4 ജീവനക്കാർക്കായി ക്വാർട്ടേഴ്സ് നിർമാണം ഉൾപ്പെടെയുള്ള പദ്ധതികളിലായി സർവകലാശാല ആസ്ഥാനത്ത് മാത്രം 5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണു നടപ്പാക്കുക.

തൃശൂർ കലക്ടറേറ്റ്
തൃശൂർ കലക്ടറേറ്റ്

കുട്ടയിൽ നിന്ന് കിട്ടും ചിലത് !

തൃശൂർ∙ സംസ്ഥാനത്തിനു പൊതുവായി പ്രഖ്യാപിച്ച പദ്ധതികളിലാണ് തൃശൂരിനു പ്രതീക്ഷ. കലക്ടറേറ്റുകളിൽ സ്റ്റേറ്റ് ചേംബർ സ്ഥാപിക്കുമെന്നത് ജില്ലയ്ക്കും പ്രതീക്ഷ നൽകുന്നു. 10,000 ചതുരശ്രയടി അധികസ്ഥലം കലക്ടറേറ്റുകളിൽ സ്ഥാപിച്ചു മന്ത്രിമാരുടെ അവലോകനയോഗങ്ങൾക്കും പൊതുജന ആശയവിനിമയത്തിനും ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് ഓഫിസ് സ്പേസ് രൂപപ്പെടുത്തുമെന്നാണു പ്രഖ്യാപനം.

വന്യജീവി ആക്രമണങ്ങളാൽ വലയുന്ന ജില്ലയിലെ മലയോരമേഖലയ്ക്ക് നഷ്ടപരിഹാരത്തിനും റാപ്പിഡ് റെസ്പോൺസ് ടീമിനുമായി തുക വകയിരുത്തിയതിലും ജില്ലയ്ക്കു പ്രതീക്ഷയുണ്ട്. ഊരുകളിൽ തിരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾക്ക് ഉപജീവന സംരംഭം നടപ്പാക്കുന്ന പദ്ധതി അതിരപ്പിള്ളി, ചിമ്മിനി, പീച്ചി മേഖലകളിലെ ആദിവാസി മേഖലയിൽ ഗുണം ചെയ്യും.

∙ നെൽക്കൃഷി വികസനത്തിനു തുക വർധിപ്പിച്ചത് കോൾ മേഖലയുള്ള തൃശൂരിനു പ്രതീക്ഷ നൽകുന്നു. ഉൾനാടൻ – കടൽ മീൻപിടിത്ത പദ്ധതികൾക്കായി തുക വകയിരുത്തിയിരിക്കുന്നത് തൃശൂരിലെ കോൾ നിലങ്ങളിലെയും ചെമ്മീൻ കെട്ടുകളിലെയും മത്സ്യക്കൃഷിക്കും തീരമേഖലയ്ക്കും ഗുണമാകുമെന്നാണു പ്രതീക്ഷ.

∙ റൈസ് ടെക്നോളജി പാർക്കുകൾ സ്ഥാപിക്കാൻ 10 കോടി രൂപ നീക്കിവച്ചതിൽ തൃശൂരും ഇടം പിടിച്ചിട്ടുണ്ട്. ഇതു കഴിഞ്ഞ ബജറ്റിലും പറഞ്ഞതാണെന്നു മാത്രം.

∙ തൃശൂരിൽ പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചു കെഎസ്ആർടിസി ബസ് സ്റ്റേഷൻ മന്ദിരങ്ങൾ നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്.

∙ എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നതിന് 7.98 കോടി രൂപ വകയിരുത്തിയതിൽ ജില്ലയ്ക്കും പങ്കുപറ്റാം.

∙ ഗുരുവായൂർ – തിരുനാവായ റെയിൽ ലൈൻ പദ്ധതിക്ക് 25 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ഇതു പതിവു പല്ലവിയാണെന്നതിനാൽ പ്രതീക്ഷയില്ല.

∙ ഗവ. എൻജിനീയറിങ് കോളജുകൾക്കു വികസനപ്രവർത്തനങ്ങൾക്കു തുക വകയിരുത്തിയതിന്റെ ഗുണം തൃശൂർ ഗവ. കോളജിനും ലഭിക്കുമെങ്കിലും എന്തു വികസനമെന്നു വ്യക്തമാക്കിയിട്ടില്ല.

∙ ജില്ലാ ആശുപത്രികളിൽ കാൻസർ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നതിനാൽ തൃശൂർ ജില്ലാ ആശുപത്രിയിലും ഗുണം ലഭിക്കും.

∙ മെഡിക്കൽ കോളജുകൾക്കു പൊതുവായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ ഇവിടെയും ലഭിക്കും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള കെട്ടിടം നിർമിക്കുന്ന ആശ്വാസ് വാടകഭവന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

∙ ജില്ലാ പിഎസ്‌സി ഓഫിസിനു പുതിയ കെട്ടിടം പ്രഖ്യാപനത്തിലുണ്ട്. എല്ലാ ജില്ലയിലേക്കുമായി 6 കോടി രൂപ മാത്രമാണുള്ളത്.

ജലപാതയ്ക്ക് 300 കോടി തൃശൂരിനും നേട്ടമാകും

തൃശൂർ ∙ കോവളം – ബേക്കൽ ജലപാതയുടെ വികസനത്തിനു 300 കോടി രൂപ ബജറ്റിൽ വകയിരുത്തിയതോടെ ജില്ലയ്ക്കു പ്രതീക്ഷ. ജില്ലയിലൂടെ ജലപാത കടന്നുപോകുന്ന ഭാഗങ്ങളിൽ കോട്ടപ്പുറം മുതൽ അണ്ടത്തോട് വരെയുള്ള മേഖലയുടെ വികസനത്തിനു വഴിതെളിഞ്ഞേക്കും. കൊല്ലം – കോട്ടപ്പുറം ദേശീയ ജലപാതയും കോട്ടപ്പുറം – നീലേശ്വരം ജലപാതയും സംഗമിക്കുന്നതു തൃശൂർ ജില്ലയിലാണെങ്കിലും പാതയുടെ വികസനം യാഥാർഥ്യമായിരുന്നില്ല.

കോട്ടപ്പുറം മുതൽ ചേറ്റുവ വരെയുള്ള ഭാഗത്തു ബോട്ട് ഗതാഗതത്തിനു കാര്യമായ തടസ്സങ്ങളില്ലെങ്കിലും കോട്ടപ്പുറം മുതൽ അണ്ടത്തോട് വരെയുള്ള ഭാഗത്തു വലിയ ബോട്ടുകൾക്കു സുഗമമായി യാത്ര ചെയ്യാൻ കഴിയാത്തവിധം പ്രതിബന്ധങ്ങളേറെ. ഉയരം കുറഞ്ഞ ചെറു പാലങ്ങളും ആഴമില്ലാത്ത കനാലുകളുമാണ് ബോട്ട് ഗതാഗതത്തിനു തടസ്സം.

വില്യംസ് പാലം, ആശുപത്രിക്കടവ് പാലം, ചാവക്കാട് പഴയ പാലം, ചിങ്ങനാത്ത് നടപ്പാലം, പുതിയറക്കടവ് പാലം തുടങ്ങിയവയിൽ പലതും ബോട്ട് കടന്നുപോകാൻ പാകത്തിന് വീതി കൂട്ടി നിർമിക്കണമെന്ന ആവശ്യം നടപ്പായില്ല. ചില പാലങ്ങൾക്ക് ഉയരവും നന്നേ കുറവാണ്. വളയംതോട് പാലത്തിന് ഉയരമുണ്ടെങ്കിലും വീതിയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS